ഗുവാഹത്തി: ജനസംഖ്യാ നിയന്ത്രണത്തിന് മാന്യമായ കുടുംബാസൂത്രണം നയം സ്വീകരിക്കണമെന്ന് മുസ്‌ലിങ്ങളോട് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. ദാരിദ്ര്യവും ഭൂമി കൈയേറ്റവും ഇല്ലാതാക്കാന്‍ ജനസംഖ്യാ നിയന്ത്രണത്തിന്റെ ആവശ്യകതയെക്കുറിച്ച് മുസ്‌ലിം സ്ത്രീകളെ ബോധവത്കരിക്കാന്‍ മുസ്‌ലിം സംഘടനകളുമായി പ്രവര്‍ത്തിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കുടിയേറ്റക്കാരായ മുസ്‌ലിങ്ങള്‍ കുടുംബാസൂത്രണം നടപ്പാക്കിയാല്‍ സംസ്ഥാനത്തെ ദാരിദ്ര്യം ഇല്ലാതാക്കാനാകുമെന്നാണ് മുഖ്യമന്ത്രിയുടെ വാദം. പല സ്ഥലങ്ങളിലും ജനങ്ങള്‍ അനധികൃതമായി കുടിയേറിപ്പാര്‍ക്കാന്‍ കാരണം ജനസംഖ്യാ വര്‍ദ്ധനവാണെന്നും, ഇത്തരത്തില്‍ കൈയ്യേറിയ ഭൂമിയില്‍ നിന്നും കുടിയിറക്കപ്പെട്ടവരെ സര്‍ക്കാര്‍ പുനരധിവസിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘ അസമില്‍ ജനസംഖ്യ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്, ആളുകള്‍ക്ക് താമസിക്കാനുള്ള ഇടം ആവശ്യമാണ്. വനങ്ങളിലും ക്ഷേത്രങ്ങളിലും സത്രങ്ങളിലും ജനങ്ങളോട് താമസിക്കാന്‍ പറയാനാകില്ല, ” അദ്ദേഹം പറഞ്ഞു.
പ്രതിഷേധം കൊണ്ട് ദാരിദ്ര്യമില്ലാതാകില്ലെന്നും അതിന് മുസ്‌ലിം സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നല്‍കുകയാണ് വേണ്ടതെന്നും ഹിമന്ത പറഞ്ഞു. കുടിയേറ്റ മുസ്‌ലിങ്ങളുടെ എണ്ണത്തില്‍ അഞ്ച് വര്‍ഷം കൊണ്ട് വലിയ വര്‍ധനവുണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.