ഗുജറാത്ത് കലാപ സമയത്ത് മോദി മൗനം പാലിച്ചു; ആസ്സാമിലെ പ്ലസ്ടു പുസ്തകത്തിലെ പരാമര്‍ശത്തില്‍ പ്രസാധകനെതിരെ കേസ്
national news
ഗുജറാത്ത് കലാപ സമയത്ത് മോദി മൗനം പാലിച്ചു; ആസ്സാമിലെ പ്ലസ്ടു പുസ്തകത്തിലെ പരാമര്‍ശത്തില്‍ പ്രസാധകനെതിരെ കേസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 21st September 2018, 1:21 pm

ന്യൂദല്‍ഹി: 2002 ലെ ഗുജറാത്ത് കലാപസമയത്ത് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദി മൗനം പാലിച്ചെന്ന് പ്ലസ്ടു പുസ്തകത്തില്‍ അച്ചടിച്ച പ്രസാധകര്‍ക്കെതിരെ കേസ്. പൊളിറ്റിക്കല്‍ സയന്‍സ് റഫറന്‍സ് ബുക്കിലെ പരാമര്‍ശത്തിന്റെ പേരില്‍ മൂന്ന് പേര്‍ക്കെതിരെയാണ് ആസ്സാം ഗോലഖട്ട് സാധര്‍ പൊലീസ് കേസെടുത്തിരിക്കുന്നത്.

ആര്യ വൈദ്യപീഠ് കോളേജിലെ ഡിപാര്‍ട്‌മെന്റ് മുന്‍ തലവനായ ദുര്‍ഗ കന്ദ ശര്‍മ, ഗോല്‍പാറ കോളേജിലെ ഡിപാര്‍ട്‌മെന്റ് മുന്‍ തലവന്‍ റഫീഖ് ജമാന്‍, സൗത്ത് കാംരൂപ് കോളേജ് ഡിപാര്‍ട്‌മെന്റ് മുന്‍ തലവന്‍ മനാഷ് പ്രോതിം ബാരുഹ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. 2011 മുതല്‍ ഈ പുസ്തകം തന്നെയാണ് ആസ്സാമില്‍ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നത്. പുസ്തകം തയ്യാറാക്കിയവരില്‍ ശര്‍മ ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരണപ്പെട്ടിരുന്നു.


15 ലക്ഷം അക്കൗണ്ടില്‍ നിക്ഷേപിക്കുമെന്ന് പറഞ്ഞ് മോദി പറ്റിച്ചതുപോലെ ഞങ്ങള്‍ പറ്റിക്കില്ല; കോണ്‍ഗ്രസിന്റെ വാഗ്ദാനം ഇതാണ്: രാഹുല്‍


സൗമിത്ര ഗോസ്വാമി, മാനവ് ജ്യോതി ബോറ എന്നിവരുടെ പരാതിയിലാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. പുസ്തകം പിന്‍വലിക്കണമെന്നാണ് പരാതിയില്‍ ഇവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഗോദ്രാ ട്രെയിന്‍ കത്തിക്കല്‍ സംഭവത്തില്‍ 57 പേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ സംസ്ഥാനത്ത് വലിയ വര്‍ഗീയ കലാപം അരങ്ങേറിയിട്ടും സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദി മൗനം പാലിക്കുകയായിരുന്നെന്നും കലാപം നിയന്ത്രിക്കാന്‍ അദ്ദേഹം ഒന്നും ചെയ്തില്ലെന്നുമായിരുന്നു ടെക്സ്റ്റ് പുസ്തകത്തിലെ 376 ാം പേജിലെ പരാമര്‍ശം.

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് കുട്ടികള്‍ക്ക് തെറ്റായ വിവരങ്ങള്‍ നല്‍കാനാണ് പ്രസാധകര്‍ ഇതിലൂടെ ശ്രമിച്ചിരിക്കുന്നതെന്നും ഗോധ ട്രെയിന്‍ കത്തിക്കല്‍ സംഭവവുമായി ബന്ധപ്പെട്ട് മോദിക്ക് പ്രത്യേക അന്വേഷണ സംഘം മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതാണെന്നും ഇവര്‍ പരാതിയില്‍ പറയുന്നു.

എന്നാല്‍ പുസ്തകത്തില്‍ തങ്ങള്‍ പുതുതായൊന്നും എഴുതിച്ചേര്‍ത്തിട്ടില്ലെന്നും എന്‍.സി.ആര്‍.ടി ടെക്സ്റ്റ്ബുക്ക് അടിസ്ഥാനപ്പെടുത്തിയാണ് പുസ്തകം തയ്യാറാക്കിയതെന്നും അതില്‍ കൂടുതല്‍ ഒന്നും തങ്ങള്‍ എഴുതിച്ചേര്‍ത്തിട്ടില്ലെന്നും ആര്‍ക്കുവേണമെങ്കിലും അത് പരിശോധിക്കാമെന്നും മനാഷ് പ്രതികരിച്ചു.

വര്‍ഷങ്ങളായി ഇതേ പുസ്തകം തന്നെയാണ് ഇവിടെ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നതെന്നും പ്രസാധകര്‍ പറഞ്ഞു.

2002ലെ ഗുജാറാത്ത് കലാപത്തെ തടയാന്‍ മോദി ഒന്നും ചെയ്തില്ലെന്ന് ആരോപിച്ച് മുന്‍ ഐ.പി.എസ് ഓഫീസറായിരുന്ന സഞ്ജീവ് ഭട്ട് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.

2002 ഫെബ്രുവരി 27ന് രാത്രി മുഖ്യമന്ത്രി നരേന്ദ്രമോദിയുടെ ഗാന്ധിനഗറിലെ ഔദ്യോഗിക വസതിയില്‍ ഒരു ഉന്നതതല യോഗം നടക്കുകയും ഗോധ്ര സംഭവത്തിന് പ്രതികാരം തീര്‍ക്കാന്‍ 72 മണിക്കൂറേക്ക് ജനങ്ങളെ അനുവദിക്കണമെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നുവെന്നും സഞ്ജീവ് ഭട്ട് വെളിപ്പെടുത്തിയിരുന്നു.

എന്നാല്‍ സുപ്രീം കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം അദ്ദേഹത്തിന്റെ ആരോപണങ്ങള്‍ തള്ളുകയും നരേന്ദ്രമോദിക്കും മറ്റ് ഉന്നത സ്ഥാനത്തിരിക്കുന്നവര്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കിക്കൊണ്ട് കേസ് അവസാനിപ്പിച്ചുകൊണ്ട് റിപ്പോര്‍ട്ടു നല്‍കുകയുമായിരുന്നു.