ന്യൂദല്‍ഹി: ദേശീയ പൗരത്വ രജിസ്റ്ററിന്റെ കരട് പട്ടികയില്‍ പിഴവുകള്‍ പറ്റിയിട്ടുണ്ടെന്ന് സുപ്രീം കോടതിയില്‍ കേന്ദ്രസര്‍ക്കാര്‍. നിരവധി പേര്‍ പൗരത്വ പട്ടികയില്‍ കടന്നുകയറിയിട്ടുണ്ടെന്നും ലിസ്റ്റിലെ പിഴവുകള്‍ തീര്‍ക്കാന്‍ കൂടുതല്‍ സമയം ആവശ്യമുണ്ടെന്നും സോളിസിറ്റര്‍ ജനറല്‍ സുപ്രീം കോടതിയെ അറിയിച്ചു.
‘ഇന്ത്യ അഭയാര്‍ഥികളുടെ തലസ്ഥാനം ആകാന്‍ പാടില്ല’ എന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത സുപ്രീം കോടതിയില്‍ പറഞ്ഞു.
അന്തിമ പൗരത്വ പട്ടിക തയ്യാറാക്കാന്‍ ജൂലൈ 31വരെയായിരുന്നു സുപ്രീം കോടതി കേന്ദ്രസര്‍ക്കാറിന് സമയം അനുവദിച്ചത്. എന്നാല്‍ സമയം നീട്ടിനല്‍കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാറും ആസാം സര്‍ക്കാറും സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
പ്രാദേശിക ഉദ്യോഗസ്ഥരുടെ ഇടപെടല്‍ കാരണം ബംഗ്ലാദേശ് അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശങ്ങളില്‍ ലക്ഷക്കണക്കിന് ആളുകള്‍ പൗരത്വ പട്ടികയില്‍ കയറിക്കൂടിയിട്ടുണ്ടെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.
2018 ജനുവരി ഒന്നിനായിരുന്നു പൗരത്വ പട്ടികയുടെ ആദ്യ കരട് പ്രസിദ്ധീകരിച്ചത്. 3.29 കോടി അപേക്ഷാര്‍ത്ഥികളില്‍ 1.9 കോടി പേര്‍ പട്ടികയ്ക്ക് പുറത്തായിരുന്നു.