ബാബറിനെ സ്‌നേഹിക്കുന്ന കോണ്‍ഗ്രസ് നേതാക്കളുടെ സാന്നിധ്യം രാമക്ഷേത്ര ചടങ്ങിനെ മോശമായി ബാധിക്കും: അസം മുഖ്യമന്ത്രി
national news
ബാബറിനെ സ്‌നേഹിക്കുന്ന കോണ്‍ഗ്രസ് നേതാക്കളുടെ സാന്നിധ്യം രാമക്ഷേത്ര ചടങ്ങിനെ മോശമായി ബാധിക്കും: അസം മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 13th January 2024, 5:05 pm

ദിസ്പുര്‍: കോണ്‍ഗ്രസ് നേതാക്കള്‍ അയോധ്യ രാമക്ഷേത്ര ചടങ്ങില്‍ പങ്കെടുക്കാതിരിക്കുന്നത് നല്ല തീരുമാനമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. മുഗള്‍ ചക്രവര്‍ത്തിയായ ബാബറിനെ ഇഷ്ടപ്പെടുന്നവരാണ് കോണ്‍ഗ്രസ് നേതാക്കളെന്നും ആയതിനാല്‍ രാമക്ഷേത്ര ഉദ്ഘാടനത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി പങ്കെടുക്കാതിരിക്കുന്നത് മികച്ച നിലപാടാണെന്നും ഹിമന്ത പറഞ്ഞു.

കോണ്‍ഗ്രസ് നേതാക്കളെ ആദ്യം പരിപാടിയിലേക്ക് ക്ഷണിക്കാന്‍ പാടില്ലായിരുന്നുവെന്ന് കേന്ദ്ര സര്‍ക്കാരിനോടും ബി.ജെ.പി ദേശീയ നേതൃത്വത്തോടും ഹിമന്ത പറഞ്ഞിരുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്താല്‍ അത് രാമക്ഷേത്ര ചടങ്ങിനെ മോശമായി ബാധിക്കുമെന്നും ഹിമന്ത ആരോപിച്ചു. അഫ്ഗാനിസ്ഥാനിലെ ബാബറിന്റെ ശവകുടീരത്തിന് മുന്നില്‍ നില്‍ക്കുന്ന രാഹുല്‍ ഗാന്ധിയുടെ 2005ലെ ഒരു ഫോട്ടോ എക്‌സില്‍ പങ്കുവെച്ച് ഇതേ അഭിപ്രായം ഹിമന്ത ആവര്‍ത്തിക്കുകയൂം ചെയ്തു.

കഴിഞ്ഞ ദിവസങ്ങളില്‍ മുന്‍കാല പാപങ്ങള്‍ കുറക്കാനുള്ള അവസരം നഷ്ടമായെന്ന് പറഞ്ഞുകൊണ്ട് ഹിമന്ത കോണ്‍ഗ്രസിനെതിരെ വിമര്‍ശനം ഉയര്‍ത്തിയിരുന്നു.

എന്നാല്‍ അയോധ്യയിലെ രാമക്ഷേത്രം സന്ദര്‍ശിക്കാന്‍ ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും ക്ഷണം ആവശ്യമില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞു. രാമ ക്ഷേത്ര പ്രതിഷ്ഠാദിനത്തില്‍ കോണ്‍ഗ്രസ് പങ്കെടുക്കില്ലെന്ന തീരുമാനത്തിനെതിരെ വിമര്‍ശനവുമായി ബി.ജെ.പി രംഗത്ത് എത്തിയതിന് പിന്നാലെയാണ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പ്രതികരിച്ചത്. വിശ്വാസികള്‍ക്ക് ഏതു ദിവസത്തില്‍ വേണമെങ്കിലും ക്ഷേത്രം സന്ദര്‍ശിക്കാമെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയ ഗാന്ധി, ലോക്‌സഭ എം.പി അധിര്‍ രഞ്ജന്‍ ചൗധരി എന്നിവരെയാണ് ജനുവരി 22ന് നടക്കുന്ന പ്രതിഷ്ഠ ചടങ്ങിലേക്ക് കോണ്‍ഗ്രസില്‍ നിന്നും ക്ഷണിച്ചിരുന്നത്. എന്നാല്‍ കോണ്‍ഗ്രസ് ബഹുമാനത്തോടെ ഇത് നിരസിക്കുന്നതായി അറിയിച്ചു. രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടിയുള്ള ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും ഒരു പൊളിറ്റിക്കല്‍ പ്രോജക്ട് എന്നാണ് കോണ്‍ഗ്രസ് ഇതിനെ വിളിച്ചത്.

Content Highlight: Himantha Sharma says presence of Babur-loving Congress leaders will affect Ram temple ceremony badly