| Sunday, 4th August 2024, 8:29 pm

ലൗ ജിഹാദിനെതിരെ ജീവപര്യന്തം ശിക്ഷ നല്‍കുന്ന നിയമം നടപ്പിലാക്കുമെന്ന് ഹിമന്ത ശര്‍മ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദിസ്പുര്‍ : ലൗ ജിഹാദിനെതിരെ നിയമം നടപ്പിലാക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. ലൗ ജിഹാദുമായി ബന്ധപ്പെട്ട കേസുകളില്‍ ഉടനെ ജീവപര്യന്തം ശിക്ഷ നല്‍കുന്ന നിയമം നടപ്പിലാക്കുമെന്നാണ് ഹിമന്ത പറഞ്ഞത്. സംസ്ഥാനത്ത് നടന്ന ബി.ജെ.പി യോഗത്തിലാണ് ഹിമന്തയുടെ പരാമര്‍ശം.

അസമില്‍ ജനിച്ചവര്‍ക്ക് മാത്രമേ സംസ്ഥാനത്ത് സര്‍ക്കാര്‍ ജോലിക്ക് അര്‍ഹതയുള്ളുവെന്നും ഹിമന്ത പറഞ്ഞു. സംസ്ഥാനത്ത് പുതിയ താമസനയം നടപ്പിലാക്കുമെന്നും ഹിമന്ത പറയുകയുണ്ടായി.

ഒരു ലക്ഷം സര്‍ക്കാര്‍ തസ്തികകളില്‍ തദ്ദേശീയര്‍ക്ക് മുന്‍ഗണന നല്‍കിയെന്നും ഈ പദ്ധതി ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നെന്നും ഹിമന്ത പറഞ്ഞു. കൂടാതെ ഹിന്ദുക്കളും മുസ്‌ലിങ്ങളും തമ്മിലുള്ള ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട് തീരുമാനമെടുത്തതായും മുഖ്യമന്ത്രി ഹിമന്ത ശര്‍മ കൂട്ടിച്ചേര്‍ത്തു.

‘ഹിന്ദുക്കളും മുസ്‌ലിങ്ങളും തമ്മിലുള്ള ഇടപാടുകള്‍ തടയാന്‍ സര്‍ക്കാരിന് കഴിയില്ല. എന്നാല്‍ ഇത്തരം ഇടപാടുകള്‍ സംസ്ഥാന മുഖ്യമന്ത്രിയുടെ സമ്മതത്തോടെയാണെന്ന് നിര്‍ബന്ധമാക്കും,’ എന്നാണ് ഹിമന്ത പറഞ്ഞത്.

രാജ്യത്തെ കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ജനസംഖ്യാപരമായ അധിനിവേശമുണ്ടെന്നും ഏതാനും പ്രീണന നയങ്ങള്‍ മൂലം തങ്ങള്‍ക്ക് അതിനെ നിയന്ത്രിക്കാന്‍ കഴിയുന്നില്ലെന്നും ഹിമന്ത പറഞ്ഞു. ദിവസങ്ങള്‍ക്ക് മുമ്പ് 2015ന് ശേഷം ഇന്ത്യയിലേക്ക് വന്നവരെ പൗരത്വ ഭേദഗതി നിയമപ്രകാരം നാടുകടത്തുമെന്ന് ഹിമന്ത പറഞ്ഞിരുന്നു.

നിയമങ്ങള്‍ വിജ്ഞാപനം ചെയ്ത് നാല് മാസത്തിന് ശേഷം എട്ട് പേര്‍ മാത്രമാണ് പൗരത്വത്തിന് അപേക്ഷിച്ചതെന്നും അതില്‍ തന്നെ രണ്ടു പേര്‍ മാത്രമാണ് അഭിമുഖത്തിനെത്തിയതെന്നും ഹിമന്ത പറഞ്ഞിരുന്നു. ഫോറിനേഴ്സ് ട്രിബ്യൂണലിലെ നടപടികള്‍ രണ്ടോ മൂന്നോ മാസത്തേക്ക് താത്കാലികമായി നിര്‍ത്തിവെക്കണമെന്നും പൗരത്വത്തിന് അപേക്ഷിക്കാന്‍ ആളുകള്‍ക്ക് സി.എ.എ പ്രകാരം അവസരം നല്‍കണമെന്നും ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞിരുന്നു.

Content Highlight: Assam Chief Minister Himanta Biswa Sharma said that the law will be implemented against love jihad

Latest Stories

We use cookies to give you the best possible experience. Learn more