ദിസ്പുര്‍: കോണ്‍ഗ്രസ് ബി.ജെ.പിയുടെ സ്ഥിരനിക്ഷേപകരാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെയും പാര്‍ട്ടിയുടെയും ഭാവി ഇരുളടഞ്ഞിരിക്കുകയാണെന്നും ഹിമന്ത പറഞ്ഞു.
അസമിലെ കോണ്‍ഗ്രസ് നേതാക്കള്‍ തങ്ങളക്ക് സ്ഥിരനിക്ഷേപം പോലെയാണെന്നാണ് ഹിമന്ത പറഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആവശ്യമുള്ളപ്പോഴെല്ലാം കോണ്‍ഗ്രസ് നേതാക്കളെ തങ്ങള്‍ ബി.ജെ.പിയിലേക്ക് കൊണ്ടുവരുമെന്നും ഹിമന്ത പരിഹസിച്ചു.
ഇന്ത്യയെ ലോകനേതാക്കളില്‍ ഒരാളായി കാണാന്‍ ആഗ്രഹിക്കുന്ന രാജ്യത്തെ പൗരന്മാര്‍ മോദിക്ക് വോട്ട് ചെയ്യണമെന്ന് ഹിമന്ത ആവശ്യപ്പെട്ടു. ഇന്ത്യയെ ലോകത്തിന് മുന്നില്‍ ഉയര്‍ത്തികാണിക്കുവാനാണ് മോദി ശ്രമിക്കുന്നതെന്നും അസം മുഖ്യമന്ത്രി പറഞ്ഞു.
കോണ്‍ഗ്രസിന് വോട്ട് ചെയ്യുന്നതിലൂടെ അര്‍ത്ഥമാക്കുന്നത് ഭാവിയില്ലാത്ത രാഹുലിനെ പിന്തുണക്കുന്നു എന്നാണ്. ബി.ജെ.പിക്ക് വോട്ട് നല്‍കുന്നതിലൂടെ നിങ്ങള്‍ മോദിയെ പിന്തുണക്കുകയാണെന്നും ഹിമന്ത ദേശീയ മാധ്യമങ്ങളോട് പറഞ്ഞു. കോണ്‍ഗ്രസ് രാജ്യത്ത് തകര്‍ച്ച നേരിട്ടുകൊണ്ടിരിക്കുകയാണെന്നും ഹിമന്ത കൂട്ടിച്ചേര്‍ത്തു.
അതേസമയം കഴിഞ്ഞ ദിവസം വ്യത്യസ്ത മത വിഭാഗങ്ങളിലുള്ളവര്‍ തമ്മിലുള്ള ഭൂമി കൈമാറ്റത്തെ അസമിലെ ബി.ജെ.പി സര്‍ക്കാര്‍ വിലക്കി. അടുത്ത മൂന്ന് മാസത്തേക്ക് ഒരേ മതത്തിലുള്ളവര്‍ തമ്മിലുള്ള ഭൂമി വില്‍പനയ്ക്ക് മാത്രം എന്‍.ഒ.സി നല്‍കിയാല്‍ മതിയെന്നാണ് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുടെ ഉത്തരവ്.
എന്നാല്‍ ബി.ജെ.പി സര്‍ക്കാരിന്റെ നടപടിയെ വിമര്‍ശിച്ച് പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇത് സംസ്ഥാനത്ത് വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കുമെന്ന് പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടി.
ബംഗ്ലാദേശില്‍ നിന്നുള്ള മുസ്‌ലിം കുടിയേറ്റക്കാരെ സംസ്ഥാനത്ത് അംഗീകരിക്കുന്നതിനായുള്ള നിബന്ധനകളും ഹിമന്ത് ശര്‍മ പുറത്തുവിട്ടിരുന്നു. ബംഗാളി ഭാഷ സംസാരിക്കുന്ന മിയ സമുദായക്കാരായ മുസ്‌ലിങ്ങൾക്കിടയിൽ രണ്ടിലേറെ കുട്ടികള്‍, ബഹുഭാര്യത്വം, ശൈശവ വിവാഹം തുടങ്ങിയവ അവസാനിപ്പിക്കണമെന്ന നിര്‍ദേശമാണ് അസം മുഖ്യമന്ത്രി മുന്നോട്ടുവെച്ചത്.
Content Highlight: Assam Chief Minister Himanta Biswa Sharma said that Congress are regular investors of BJP