2026ഓടെ കോണ്‍ഗ്രസില്‍ ഹിന്ദുക്കളും 2032ഓടെ മുസ്‌ലിങ്ങളും ഇല്ലാതാവും: ഹിമന്ത ബിശ്വ ശര്‍മ
national news
2026ഓടെ കോണ്‍ഗ്രസില്‍ ഹിന്ദുക്കളും 2032ഓടെ മുസ്‌ലിങ്ങളും ഇല്ലാതാവും: ഹിമന്ത ബിശ്വ ശര്‍മ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 27th March 2024, 4:07 pm

ദിസ്പുര്‍: കോണ്‍ഗ്രസിനെതിരെ വീണ്ടും വിമര്‍ശനവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. 2026 ആകുന്നതോടെ മഹദ്പാര്‍ട്ടിയില്‍ ഹിന്ദുക്കളും 2032 ആകുമ്പോഴേക്കും മുസ്‌ലിങ്ങളും ഉണ്ടാവില്ലെന്ന് ഹിമന്ത പറഞ്ഞു. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്ക് ദിബ്രുഗഢ് ലോക്സഭാ മണ്ഡലത്തില്‍ നിന്ന് കേന്ദ്ര മന്ത്രി സര്‍ബാനന്ദ സോനോവാളിനൊപ്പം നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ വരുന്നതിനിടെ സംസാരിക്കുകയായിരുന്നു അസം മുഖ്യമന്ത്രി.

തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ നരേന്ദ്ര മോദി വീണ്ടും ഇന്ത്യയുടെ പ്രധാനമന്ത്രിയാകും. അതിനുപിന്നാലെ കോണ്‍ഗ്രസിന്റെ സ്ഥിതി നിലവിലുള്ളതിനേക്കാള്‍ വഷളാകുമെന്നും ഹിമന്ത പറഞ്ഞു. വരുന്ന വര്‍ഷത്തോടെ കോണ്‍ഗ്രസ് പൂജ്യത്തിലേക്ക് ഒതുങ്ങുമെന്നും ഹിമന്ത ആരോപിച്ചു.

കോണ്‍ഗ്രസ് പാര്‍ട്ടിയിലുള്ള ചേരിതിരിവിന്റെ വ്യാപ്തി കൂടി വരികയാണെന്ന് ഹിമന്ത ആരോപിച്ചു. മഹദ്പാര്‍ട്ടിയില്‍ നിന്ന് നിരവധി നേതാക്കള്‍ ബി.ജെ.പിയില്‍ ചേരുന്നത് ഭാവിയില്‍ നിങ്ങള്‍ക്ക് കാണാമെന്നും ഹിമന്ത മാധ്യമങ്ങളോട് പറഞ്ഞു.

ഇത്തരത്തില്‍ കോണ്‍ഗ്രസില്‍ നിന്ന് ബി.ജെ.പിയിലേക്ക് വന്ന നേതാക്കളുടെ എണ്ണം നോക്കുമ്പോള്‍ രാജ്ഭവനില്‍ ഒരുപാട് ഒഴിഞ്ഞ മുറികളുണ്ടാവാന്‍ സാധ്യതയുണ്ടെന്നും ഹിമന്ത കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പില്‍ വിശ്വാസത്തോടെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസിന് സ്ഥാനാര്‍ത്ഥികള്‍ പോലുമില്ലെന്ന് ഹിമന്ത ആരോപിച്ചു.

കഴിഞ്ഞ ദിവസം അസമിലെ കോണ്‍ഗ്രസ് നേതാക്കള്‍ തങ്ങളക്ക് സ്ഥിരനിക്ഷേപം പോലെയാണെന്നാണ് ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞിരുന്നു. രാഹുല്‍ ഗാന്ധിയുടെയും കോണ്‍ഗ്രസിന്റെയും ഭാവി ഇരുളടഞ്ഞിരിക്കുകയാണെന്നും ഹിമന്ത ആരോപിച്ചിരുന്നു.

നരേന്ദ്ര മോദിക്ക് ആവശ്യമുള്ളപ്പോഴെല്ലാം കോണ്‍ഗ്രസ് നേതാക്കളെ തങ്ങള്‍ ബി.ജെ.പിയിലേക്ക് കൊണ്ടുവരുമെന്നും ഹിമന്ത പരിഹസിച്ചു. അതേസമയം വ്യത്യസ്ത മത വിഭാഗങ്ങളിലുള്ളവര്‍ തമ്മിലുള്ള ഭൂമി കൈമാറ്റത്തെ അസമിലെ ബി.ജെ.പി സര്‍ക്കാര്‍ വിലക്കിയിരുന്നു. അടുത്ത മൂന്ന് മാസത്തേക്ക് ഒരേ മതത്തിലുള്ളവര്‍ തമ്മിലുള്ള ഭൂമി വില്‍പനയ്ക്ക് മാത്രം എന്‍.ഒ.സി നല്‍കിയാല്‍ മതിയെന്നായിരുന്നു ഹിമന്ത ബിശ്വ ശര്‍മയുടെ ഉത്തരവ്.

Content Highlight: Assam Chief Minister Himanta Biswa Sharma once again criticized the Congress