ഗുവാഹത്തി: തന്റെ വാഹനവ്യൂഹത്തിന് കടന്നുപോകാന്‍ വേണ്ടി വഴിയൊരുക്കിയ ഉദ്യോഗസ്ഥനെ വഴക്ക് പറഞ്ഞ് അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ.
ഐ.എ.എസ് ഓഫീസറെയാണ് മുഖ്യമന്ത്രി പൊതുനിരത്തില്‍ വെച്ച് ശാസിച്ചത്. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് വഴിയൊരുക്കുന്നതിനായി നിരത്തില്‍ വാഹനങ്ങളെ നിയന്ത്രിച്ചതോടെ ട്രാഫിക് കുരുക്കുണ്ടായിരുന്നു.
ഇതോടെയാണ് ഹിമന്ദ ബിശ്വ ശര്‍മ ഡെപ്യൂട്ടി കമ്മീഷണര്‍ കൂടിയായ ഐ.എ.എസ് ഓഫീസര്‍ നിസാര്‍ഗ് ഹിവാരെയെ ശകാരിച്ചത്.
അസമിലെ നഗാവൊ ജില്ലയിലെ ഗുമൊത ഗാവൊക്കടുത്തുള്ള ദേശീയപാത 37ലായിരുന്നു സംഭവം. റോഡില്‍ വലിയ ഗതാഗതക്കുരുക്ക് കണ്ട മുഖ്യമന്ത്രി തന്റെ വാഹനത്തില്‍ നിന്നും പുറത്തേക്കിറങ്ങി കാരണം അന്വേഷിക്കുകയായിരുന്നു.
സുരക്ഷാ കാരണങ്ങള്‍ പറഞ്ഞ് വാഹനങ്ങള്‍ തടഞ്ഞിടാന്‍ നിസാര്‍ഗ് ഹിവാരെ ഉത്തരവിട്ടിരുന്നതായി അറിഞ്ഞ മുഖ്യമന്ത്രി ഓഫീസറെ ശകാരിക്കുകയായിരുന്നു.
തന്റെ സന്ദര്‍ശന സമയത്ത് ആളുകള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന തരത്തില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരരുതെന്ന് ഉത്തരവിട്ടിരുന്നതായാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാല്‍ ദേശീയപാത 37ല്‍ ആംബുലന്‍സ് അടക്കമുള്ള വാഹനങ്ങള്‍ 15 മിനിറ്റോളം റോഡില്‍ കിടന്നെന്നും മുഖ്യന്‍ പറഞ്ഞു.
എന്നാല്‍ ഓഫീസര്‍ക്കെതിരെയുള്ള മുഖ്യമന്ത്രിയുടെ പെരുമാറ്റത്തില്‍ സമൂഹമാധ്യമങ്ങളില്‍ നിന്നും വിമര്‍ശനമുയരുന്നുമുണ്ട്.
ഓഫീസര്‍ തന്റെ ഡ്യൂട്ടി മാത്രമാണ് ചെയ്തതെന്നും മുഖ്യമന്ത്രിയുടെ സുരക്ഷക്ക് വേണ്ടിയാണ് വാഹനങ്ങളുടെ തടഞ്ഞതെന്നും പൊതുസ്ഥലത്ത് ഓഫീസറെ ശകാരിച്ചത് തെറ്റായെന്നും അഭിപ്രായമുയരുന്നുണ്ട്.