അസമിലെ 600 മദ്രസകള്‍ അടച്ചുപൂട്ടി; ബാക്കിയുള്ളത് കൂടി അടച്ചുപൂട്ടും: മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ
national news
അസമിലെ 600 മദ്രസകള്‍ അടച്ചുപൂട്ടി; ബാക്കിയുള്ളത് കൂടി അടച്ചുപൂട്ടും: മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 17th March 2023, 11:13 am

ബെംഗളൂരു: അസമിലെ മുഴുവന്‍ മദ്രസകളും അടച്ചുപൂട്ടുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ . ഇതുവരെ 600 മദ്രസകള്‍ അടച്ചുപൂട്ടിയെന്നും പകരം കോളേജുകളും യൂണിവേഴ്‌സിറ്റികളും പണിയാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടകയിലെ ശിവ് ചരിത് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബംഗ്ലാദേശില്‍ നിന്നും കുടിയേറി വന്ന അഭയാര്‍ത്ഥികള്‍ രാജ്യത്തിന് ഭീഷണിയാണെന്നും ഹിന്ദു സംസ്‌കാരത്തെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ വ്യാപകമായി നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. കര്‍ണാടക തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബി.ജെ.പി ദേശീയ നേതാക്കളുടെ പര്യടനത്തിന്റെ ഭാഗമായാണ് ഹിമന്ത ബിശ്വ ശര്‍മ്മ സംസ്ഥാനത്തെത്തിയത്.

‘ബംഗ്ലാദേശില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ അസമിലെ ജനതക്കും ഇന്ത്യന്‍ സംസ്‌കാരത്തിനും ഭീഷണിയായിക്കൊണ്ടിരിക്കുന്നു. ആസമില്‍ 600ഓളം മദ്രസകള്‍ ഇതിനോടകം അടച്ചുപൂട്ടി. ബാക്കിയുള്ളവയും ഞങ്ങള്‍ അടച്ചുപൂട്ടും. ഇവിടെ വേണ്ടത് സ്‌കൂളുകളും കോളേജുകളും യൂണിവേഴ്‌സിറ്റികളുമാണ്, മദ്രസകളല്ല,’ അദ്ദേഹം പറഞ്ഞു.

പ്രസംഗത്തിലുടനീളം കോണ്‍ഗ്രസിനെ രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം വിമര്‍ശിച്ചത്. ആധുനിക കാലത്തെ മുഗളന്മാരാണ് കോണ്‍ഗ്രസെന്ന് പറഞ്ഞ മുഖ്യമന്ത്രി രാജ്യത്തിന്റെ പുരോഗതി നശിപ്പിക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും കുറ്റപ്പെടുത്തി.

‘ഒരു കാലത്ത് ദല്‍ഹി ഭരിച്ചിരുന്നവര്‍ നാട്ടിലെ അമ്പലങ്ങളും പുണ്യസ്ഥലങ്ങളും തകര്‍ക്കാനാണ് ശ്രമിച്ചിരുന്നത്. എന്നാലിന്ന് നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ രാജ്യത്തുടനീളം അമ്പലങ്ങള്‍ പണിയുകയും അവ സംരക്ഷിക്കുകയും ചെയ്യുന്നു. ഇതാണ് പുതിയ ഇന്ത്യ, നമ്മെ അടക്കി ഭരിച്ച ബ്രിട്ടനേക്കാള്‍ ശക്തമായ രാജ്യമായി നമ്മളിന്ന് മാറി. എന്നാല്‍ പുതിയ കാലത്തെ മുഗളന്മാരായ കോണ്‍ഗ്രസ് നമ്മുടെ രാജ്യത്തെ തകര്‍ക്കാന്‍ ശ്രമിച്ച് കൊണ്ടിരിക്കുന്നു.

സനാതന ധര്‍മ്മത്തെ അടിച്ചമര്‍ത്തി ലക്ഷക്കണക്കിന് ഹിന്ദുക്കളെ മതം മാറ്റിയ ഔറംഗസേബിന്റെയും പിന്‍മുറക്കാരുടെയും ചരിത്രമാണ് കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റുകളും ഇന്ത്യയുടെ ചരിത്രമെന്ന പേരില്‍ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്. ഇതിന് പകരം ഛത്രപതി ശിവജിയുടെയും ഗുരുഗോബിന്ദ് സിങ്ങിന്റെയും ചരിത്രമാണ് നമ്മള്‍ വരാനിരിക്കുന്ന തലമുറക്ക് പഠിപ്പിച്ച് കൊടുക്കേണ്ടത്,’ ശര്‍മ്മ പറഞ്ഞു.

Content Highlight: Assam cheif minister himanth biswa says the sealed more than 600 madrasa