അസമില്‍ സ്വന്തം സഖ്യകക്ഷിയെ പിന്നില്‍ നിന്ന് കുത്തി ബി.ജെ.പി; ബി.ടി.സി കൗണ്‍സില്‍ ഭരണത്തിന് യു.പി.പി.എല്ലിന് പിന്തുണ
national news
അസമില്‍ സ്വന്തം സഖ്യകക്ഷിയെ പിന്നില്‍ നിന്ന് കുത്തി ബി.ജെ.പി; ബി.ടി.സി കൗണ്‍സില്‍ ഭരണത്തിന് യു.പി.പി.എല്ലിന് പിന്തുണ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 13th December 2020, 4:52 pm

ഗുവാഹത്തി: അസമിലെ ബോഡോലാന്റ് ടെറിട്ടോറിയല്‍ കൗണ്‍സിലില്‍ ഇതാദ്യമായി കൂട്ടുകക്ഷി ഭരണത്തിന് വഴിയൊരുങ്ങുന്നു. 40 സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബി.പി.എഫ് (ബോഡോ പീപ്പിള്‍സ് ഫ്രണ്ട്) 17 സീറ്റ് നേടി. യു.പി.പി.എല്‍ (യുണൈറ്റഡ് പീപ്പിള്‍സ് പാര്‍ട്ടി ലിബറല്‍) 12 സീറ്റും നേടി.

ബി.ജെ.പി 9 ഉം കോണ്‍ഗ്രസും ഗണശക്തി പാര്‍ട്ടിയും ഓരോ സീറ്റ് വീതവും നേടി.

യു.പി.പി.എല്ലും ബി.ജെ.പിയും ജി.എസ്.പിയും ചേര്‍ന്ന ഭരണസമിതിയാണ് കൗണ്‍സില്‍ ഭരിക്കുക. 2003 ല്‍ രൂപീകരിക്കപ്പെട്ടതിന് ശേഷം ഇതാദ്യമായാണ് കൂട്ടുകകക്ഷി ഭരണം കൗണ്‍സിലില്‍ നടക്കാന്‍ പോകുന്നത്.

അതേസമയം സംസ്ഥാന ഭരണത്തില്‍ ബി.ജെ.പി, ബി.പി.എഫിനെയാണ് പിന്തുണയ്ക്കുന്നത്. ബി.പി.എഫിനെ കൗണ്‍സില്‍ രൂപീകരണത്തിന് ബി.ജെ.പി പിന്തുണയ്ക്കുമെന്ന് കരുതുന്നതായി പാര്‍ട്ടി അധ്യക്ഷന്‍ ഹഗ്രമാ മൊഹിലാരി പറഞ്ഞു.

എന്നാല്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ യു.പി.പി.എല്ലുമായുള്ള സഖ്യത്തിന് ആശംസ അറിയിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. യു.പി.പി.എല്‍, ബി.ജെ.പി, ജി.എസ്.പി നേതാക്കള്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

സ്വന്തം സഖ്യകക്ഷിയായ ബി.പി.എഫിനെതിരെയാണ് ബി.ജെ.പി തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്.

2016 മുതല്‍ അസമില്‍ ബി.ജെ.പി-ബി.പി.എഫ് സഖ്യത്തിലാണ്. 2015 ല്‍ നടന്ന ബി.ടി.സി തെരഞ്ഞെടുപ്പില്‍ ബി.പി.എഫ് 20 ഉം ബി.ജെ.പി ഒന്നും സീറ്റില്‍ വിജയിച്ചിരുന്നു. എ.ഐ.യു.ഡി.എഫ് നാല് സീറ്റില്‍ വിജയിച്ചപ്പോല്‍ 15 സീറ്റില്‍ സ്വതന്ത്രരാണ് ജയിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Assam BTC election result: BPF wins 17 seats, UPPL bags 12, BJP gets 9; CM announces new chief