| Monday, 2nd March 2020, 7:59 pm

ചാണകവും ഗോമൂത്രവും ഉപയോഗിച്ച് കാന്‍സറിനെ പോലെ കൊറോണ വൈറസിനെയും ഇല്ലാതാക്കാം; ബി.ജെ.പി എം.എല്‍.എ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗുവാഹത്തി: ലോകത്താകമാനമായി ആയിരക്കണക്കിന് പേരെ കൊന്നൊടുക്കിയ കൊറോണ വൈറസിനെ ചാണകം ഉപയോഗിച്ച് ഇല്ലാതാക്കാമെന്ന് അസമിലെ ബി.ജെ.പി എം.എല്‍.എ. ഹാജോ എം.എല്‍.എ സുമന്‍ ഹരിപ്രിയയാണ് ചാണകത്തെയും ഗോമൂത്രത്തെയും കുറിച്ച് നിയമസഭയില്‍ വാചാലയായത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ചാണകത്തെ കുറിച്ചും ഗോമൂത്രത്തെ കുറിച്ചും സര്‍ക്കാര്‍ ഗവേഷണം നടത്തുകയാണ്. ചാണകം കത്തിക്കുമ്പോള്‍ അതില്‍ നിന്നുണ്ടായ പുക വൈറസിനെ ഇല്ലാതാക്കാന്‍ ശേഷിയുള്ളതാണ്. കൊറോണ വൈറസിനെതിരെ പോരാടാനുള്ള ശേഷി ചാണകത്തിനുണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നതെന്ന് സുമന്‍ ഹരിപ്രിയ പറഞ്ഞു. കന്നുകാലി കടത്തിനെ കുറിച്ച് അസാം നിയമസഭയില്‍ നടന്ന ചര്‍ച്ചയിലാണ് സുമന്‍ ഹരിപ്രിയയുടെ ഈ പ്രതികരണം.

മതപരമായ ചടങ്ങുകള്‍ക്കിടയില്‍ ചാണകവും ഗോമൂത്രവും ഉപയോഗിക്കുന്നതിന് പിന്നില്‍ ശാസ്ത്ര കാരണങ്ങളുണ്ട്. ഗുജറാത്തിലെ ചില ആശുപത്രികളില്‍ ആയുര്‍വേദ മരുന്നുകള്‍ ഉപയോഗിച്ച് ചികിത്സ നടത്തുന്നുണ്ട്. അവിടെയുള്ള രോഗികളെ പശുവിനോടൊപ്പം താമസിപ്പിക്കുകയും ചാണകവും ഗോമൂത്രവും ഉപയോഗിച്ചുണ്ടാക്കുന്ന പഞ്ചാമൃതം നല്‍കുകയും ചെയ്യുന്നുണ്ടെന്നും സുമന്‍ ഹരിപ്രിയ പറഞ്ഞു.

ഈ മാര്‍ഗത്തിലൂടെ കാന്‍സര്‍ രോഗികളുടെ അസുഖം മാറുന്നുണ്ടെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അത് കൊണ്ടാണ് പുരാത കാലത്ത് ജനങ്ങള്‍ പശുവിനെ ആരാധിച്ചിരുന്നതിനുള്ള കാരണം. പശുക്കള്‍ വളരെ പ്രധാനമാണെന്നും സുമന്‍ ഹരിപ്രിയ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more