ദേശീയപതാക തലതിരിച്ച് ഉയര്‍ത്തി ബി.ജെ.പി നേതാവ്: ചില ദിവസങ്ങളില്‍ അടിവസ്ത്രം തിരിച്ചിട്ടുപോകുന്നത് പോലെയെന്നും വിശദീകരണം
Daily News
ദേശീയപതാക തലതിരിച്ച് ഉയര്‍ത്തി ബി.ജെ.പി നേതാവ്: ചില ദിവസങ്ങളില്‍ അടിവസ്ത്രം തിരിച്ചിട്ടുപോകുന്നത് പോലെയെന്നും വിശദീകരണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 27th January 2017, 11:53 am

ranjith

ആസ്സാം: റിപ്പബ്ലിക് ദിനത്തില്‍ ദേശീയപതാക തലതരിച്ച് ഉയര്‍ത്തുകയും അതിനെ അടിവസ്ത്രത്തോട് ഉപമിക്കുകയും ചെയ്ത് ആസ്സാം ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രഞ്ജിത് ദാസ്.

ഗുവാഹതിയിലെ ബി.ജെ.പി സംസ്ഥാന കമ്മറ്റി ഓഫീസില്‍ നടത്തിയ റിപബ്ലിക് ദിനാചരണത്തിലാണ് ബി.ജെ.പി പ്രസിഡണ്ട് ദേശീയ പതാക തലതിരിച്ച് ഉയര്‍ത്തിയത്. എന്നാല്‍ ഇതിന് ശേഷം ഇയാള്‍ നടത്തിയ പ്രസ്താവനയാണ് ഇപ്പോള്‍ വിവാദമാകുന്നത്.

ദേശീയപതാക തലതിരിച്ച് കെട്ടിയത് വലിയ കാര്യമാക്കേണ്ടെന്നും ചില ദിവസങ്ങളില്‍ അടിവസ്ത്രം തലതിരിച്ച് ധരിക്കുന്നതുപോലെ കരുതിയാല്‍ മതിയെന്നുമായിരുന്നു ഇദ്ദേഹത്തിന്റെ വിശദീകരണം.


“ദേശീയ പതാക തെറ്റായാണ് ഉയര്‍ത്തിയതെന്ന് മനസ്സിലായ നിമിഷം ദേശീയപതാക തന്റെ കയ്യില്‍ തന്ന വ്യക്തിയോട് വിശദീകരണം ചോദിച്ചിരുന്നു. അയാള്‍ ക്ഷമ ചോദിക്കുകയും അടിവസ്ത്രം ചില ദിവസങ്ങളില്‍ അറിയാതെ തിരിച്ചിടുന്നത് പോലെ കരുതിയാല്‍ മതിയെന്നും പറഞ്ഞു” എന്നായിരുന്നു രഞ്ജിത് ദാസിന്റെ വിശദീകരണം.

ഇത് വലിയ കാര്യമാക്കാനൊന്നും ഇല്ലെന്നും അബദ്ധം മനസിലായ ഉടനെ തന്നെ ദേശീയപതാക നേരെ കെട്ടിയെന്നും ഇദ്ദേഹം പറയുന്നു.

അതേസമയം ദേശീയ പതാക തല തിരിച്ചുയര്‍ത്തുകയും അടിവസ്ത്രത്തോട് ഉപമിക്കുകയും ചെയ്ത ബി.ജെ.പി പ്രസിഡന്റിന്റെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും ഇത് രാജ്യത്തെ അപമാനിക്കുന്നതാണെന്നും ആസാം കോണ്‍ഗ്രസ് പ്രസിഡണ്ട് റിപുണ്‍ ബോറ പറഞ്ഞു.