ഗുവഹാത്തി: സാധാരണജീവിതത്തിലേയ്ക്ക് തിരിച്ചുവരികയായിരുന്ന കലാപബാധിത ആസാമിനെ ഞെട്ടിച്ചുകൊണ്ട് വീണ്ടും ആക്രമണം. ആക്രമണങ്ങളില്‍ ഒരാള്‍ കൊല്ലപ്പെട്ടു . 30 പേര്‍ക്ക് പരിക്ക്.[]
വംശീയ കലാപത്തിനിരയായവരെ പുനരധിവസിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ വീഴ്ച്ച വരുത്തിയെന്നാക്ഷേപിച്ചുകൊണ്ട് മനുഷ്യാവകാശ സംഘടനയായ യു.എം.പി.ആര്‍ നടത്തിയ 12 മണിക്കൂര്‍ ബന്ദിനെ തുടര്‍ന്നാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആക്രമണ സംഭവങ്ങള്‍ ഉണ്ടായത്. അക്രമണങ്ങളെ തുടര്‍ന്ന് ബാര്‍പ്പേട്ട ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്.
ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ എട്ടിടങ്ങളില്‍ പോലീസിന് റബ്ബര്‍ ബുള്ളറ്റും കണ്ണീര്‍വാതക ഷെല്ലുകളും പ്രയോഗിക്കേണ്ടി വന്നു. 17 സ്ഥലങ്ങളില്‍ ബന്ദനുകൂലികള്‍ക്കെതിരെ ലാത്തിചാര്‍ജ് നടന്നു. പോലീസിന് നേരെ ശക്തമായ കല്ലേറും നടന്നിരുന്നു. കല്ലേറില്‍ രണ്ട് വനിതാ പോലീസുകാരുള്‍പ്പടെ ഏഴ് പോലീസുകാര്‍ക്കും പരിക്കുപറ്റിയിട്ടുണ്ട്.
മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും ആക്രമണങ്ങളുണ്ടായി. ഇതിനോടകം 652 പേരെ അക്രമവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യുകയുണ്ടായി.
രാഷ്ട്രീയ പാര്‍ട്ടികളോടും സംഘടനകളോടും ബന്ദാഹ്വാനങ്ങളില്‍ നിന്നും പ്രകോപനപരമായ പ്രസ്താവനകളിറക്കുന്നതില്‍ നിന്നും പിന്‍മാറണമെന്ന് ആസാം മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ് ആവശ്യപ്പെട്ടു. കോക്രജാര്‍, ചിരാഗ്, ബോംഗായ്‌ഗോണ്‍, ധൂബ്രി, ബാര്‍പേട്ട എന്നിവിടങ്ങളില്‍ 7 കാബിനറ്റ് മന്ത്രിമാരും രണ്ട് പാര്‍ലമെന്ററി സെക്രട്ടറിമാരും സന്ദര്‍ശിച്ചിരുന്നു.