| Saturday, 27th February 2021, 9:39 pm

അസമില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടി; തെരഞ്ഞെടുപ്പ് അടുക്കെ സഖ്യമുപേക്ഷിച്ച് എതിര്‍ ചേരിയില്‍ ചേര്‍ന്ന് ബി.പി.എഫ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗുവാഹത്തി: അസമില്‍ ഭരണകക്ഷിയായ ബി.ജെ.പിക്ക് കനത്ത തിരിച്ചടി. സംസ്ഥാനത്തെ പ്രധാന രാഷ്ട്രീയ കക്ഷിയായ ബോഡോലാന്‍ഡ് പീപ്പിള്‍സ് ഫ്രണ്ട് ബി.ജെ.പിയുമായുള്ള സഖ്യം ഉപേക്ഷിച്ച് കോണ്‍ഗ്രസ് നയിക്കുന്ന മഹാസഖ്യത്തിലേക്കെത്തി.

അസമില്‍ തെരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സുപ്രധാന രാഷ്ട്രീയ നീക്കം. 12 സീറ്റുകളുള്ള ബി.പി.എഫിന് അസമിലെ സര്‍ബാനന്ദ സോനാവാള്‍ നയിക്കുന്ന സര്‍ക്കാരില്‍ മൂന്ന് മന്ത്രിമാരുമുണ്ട്.

സമാധാനമായി പ്രവര്‍ത്തിക്കാന്‍ വേണ്ടിയാണ് സഖ്യമുപേക്ഷിക്കുന്നതെന്നാണ് പാര്‍ട്ടി അധ്യക്ഷന്‍ പറഞ്ഞത്.

‘സമാധാനമായും ഐക്യത്തോടെയും പുരോഗതിയോടെയും പ്രവര്‍ത്തിക്കാനായി ബി.പി.എഫ് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നയിക്കുന്ന മഹാസഖ്യത്തിനൊപ്പം കൈകോര്‍ത്ത് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. ഇനി മുതല്‍ ബിജെപിയുമായി സഖ്യമോ സൗഹൃദമോ ഇല്ല,’ ബി.പി.എഫ് അധ്യക്ഷന്‍ ഹാഗ്രാമ മോഹിലാരി ട്വീറ്റ് ചെയ്തു.

ഇതിന് പിന്നാലെ തങ്ങളുടെ സഖ്യത്തില്‍ വിശ്വാസമര്‍പ്പിച്ചതിന് നന്ദി പ്രകടിപ്പിച്ച് കോണ്‍ഗ്രസ് നേതാവ് ഗൗരവ് ഗൊഗോയി രംഗത്തെത്തി.

‘അസമിന്റെ ഓരോ കോണിലും വിശ്വാസം എന്നാല്‍ കോണ്‍ഗ്രസാണ്. ബോഡോകളുടെ ഇഷ്ടപ്പെട്ട പാര്‍ട്ടിയായ ബോഡോലാന്‍ഡ് പീപ്പിള്‍സ് ഫ്രണ്ടും ഇപ്പോള്‍ സമ്മതിച്ചിരിക്കുന്നു! ഹാഗ്രാമ മോഹിലാരി ഞങ്ങളില്‍ വിശ്വാസമര്‍പ്പിച്ചതില്‍ നന്ദി രേഖപ്പെടുത്തുന്നു,’ ഗൊഗോയി പറഞ്ഞു.

മൂന്ന് ഘട്ടമായാണ് അസമില്‍ തെരഞ്ഞെടുപ്പ് നടക്കുക. മാര്‍ച്ച് 27നാണ് ഒന്നാം ഘട്ട വോട്ടെടുപ്പ്. ഏപ്രില്‍ ഒന്നിന് രണ്ടാം ഘട്ടവും ഏപ്രില്‍ ആറിന് മൂന്നാം ഘട്ട വോട്ടെടുപ്പും നടക്കും.

126 സീറ്റുകളാണ് അസമില്‍ ആകെയുള്ളത്. മെയ് രണ്ടിനാണ് വോട്ടെണ്ണല്‍.

അതേസമയം തെരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ചതിന് പിന്നാലെ വന്ന എ.ബി.പി സീ വോട്ടര്‍ സര്‍വേയില്‍ അസമില്‍ ബി.ജെ.പി തുടര്‍ഭരണമാണ് പ്രവചിച്ചിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Assam assembly polls: BJP ally Bodoland People’s Front joins with Congress-led Grand Alliance

We use cookies to give you the best possible experience. Learn more