ഗുവാഹത്തി: ശൈശവ വിവാഹം തടയാന്‍ സ്‌റ്റൈപെന്‍ഡ് പദ്ധതിയുമായി അസം സര്‍ക്കാര്‍. പ്ലസ് വണ്‍ മുതല്‍ പി.ജി വരെ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്.
കഴിഞ്ഞ ഫെബ്രുവരിയില്‍ മാത്രമായി സംസ്ഥാനത്ത് 5000ത്തോളം ആളുകളെ ശൈശവ വിവാഹ നിരോധന നിയമ പ്രകാരം അറസ്റ്റ് ചെയ്ത സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ നീക്കം.
‘മുഖ്യമന്ത്രി നിജുത് മൊയ്ന’ എന്ന പേരിലാണ് സര്‍ക്കാര്‍ ഈ പദ്ധതി പ്രഖ്യാപിച്ചത്. ഇതുപ്രകാരം പ്രതിമാസം ഓരോ വിദ്യാര്‍ത്ഥിനിക്കും 2500 രൂപ വരെ നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മാസം 1000 രൂപ വീതവും ഡിഗ്രി ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്ക് പ്രതിമാസം 1250 രൂപ വീതവും പി.ജി ക്ലാസുകളിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് മാസം 2500 രൂപ വീതവുമാണ് സ്‌റ്റൈപെന്‍ഡ് നല്‍കുക.
പദ്ധതിക്കായി 1500 കോടി രൂപയാണ് അഞ്ച് വര്‍ഷത്തേക്ക് സര്‍ക്കാര്‍ കണക്കാക്കുന്ന ചെലവ്. സംസ്ഥാനത്തെ 10 ലക്ഷം പെണ്‍കുട്ടികള്‍ക്ക് പദ്ധതി ഗുണകരമാകും. പി.ജി പഠനം ആരംഭിക്കുന്നതിന് മുമ്പ് വിവാഹിതരായ പെണ്‍കുട്ടികള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം ലഭിക്കില്ല. എന്നാല്‍ പി.ജി ക്ലാസുകളിലെ വിവാഹിതരായ വിദ്യാര്‍ത്ഥികള്‍ക്ക് സഹായം ലഭിക്കുകയും ചെയ്യും.
അതേസമയം അസമിലെ മന്ത്രിമാര്‍, എം.പിമാര്‍, എം.എല്‍.എമാര്‍ എന്നിവരുടെ മക്കളെയും സ്വകാര്യ കോളേജുകളില്‍ പഠിക്കുന്നവരെയും പദ്ധതിയില്‍ നിന്ന് ഒഴിവാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ഇവര്‍ക്ക് പുറമെയുള്ള എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി പരിഗണിക്കാതെ സ്‌റ്റൈപെന്‍ഡ് നല്‍കും. വേനല്‍ അവധിയായ ജൂണ്‍, ജൂലൈ മാസങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌റ്റൈപെന്‍ഡ് ലഭിക്കില്ല. വിദ്യാര്‍ത്ഥികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 10 തവണകളായാണ് പണം നിക്ഷേപിക്കുക.
പുതിയ പദ്ധതി മുഖേന സംസ്ഥാനത്തെ രണ്ട് ലക്ഷം പെണ്‍കുട്ടികളെ കൂടി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എത്തിക്കാന്‍ കഴിയുമെന്ന് മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശര്‍മ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പെണ്‍കുട്ടികളെ സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്ക് എത്തിക്കാനും തനിക്കും കുടുംബത്തിനും വേണ്ടി സമ്പാദിക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കാനുമാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് ഹിമന്ത കൂട്ടിച്ചേര്‍ത്തു. മാതാപിതാക്കള്‍ വഹിക്കുന്ന മക്കളുടെ വിദ്യാഭ്യാസ ചെലവ് ത്വരിതപ്പെടുത്താനും ഇതിലൂടെ കഴിയുമെന്നാണ് വിലയിരുത്തല്‍.
Content Highlight: Assam announces monthly stipend for girls pursuing higher education for aims to prevent child marriages