| Monday, 21st October 2024, 8:51 am

അസമിൽ സ്വകാര്യപരിപാടിയിൽ പങ്കെടുത്ത 200 ഓളം പേർക്ക് ഭക്ഷ്യ വിഷബാധ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗുഹാവത്തി: അസമിലെ സ്വകാര്യ പരിപാടിക്കിടെ ലഘുഭക്ഷണം കഴിച്ച് 200 ഓളം പേർക്ക് ഭക്ഷ്യവിഷബാധ ഏറ്റതായി റിപ്പോർട്ട്. ശനിയാഴ്ച രാത്രി സരുപഥർ പ്രദേശത്തെ ഉറിയംഘട്ടിലെ പാസ്ഗോറിയ ഗ്രാമവാസിയായ പ്രദീപ് ഗൊഗോയിയുടെ അമ്മയുടെ അനുസ്മരണ ചടങ്ങിനിടെയാണ് സംഭവം.

ചടങ്ങിനിടെ അതിഥികൾക്ക് പരമ്പരാഗത ‘ജൽപാൻ’ (പഫ് ചെയ്ത ചോറും ക്രീമും അടങ്ങിയ ലഘുഭക്ഷണം) നൽകിയതായി ആരോഗ്യ ഉദ്യോഗസ്ഥർ പറഞ്ഞു.

പിന്നാലെ ആളുകൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടാൻ തുടങ്ങിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. ‘ഭക്ഷണം കഴിച്ചതിന് പിന്നാലെ ആളുകൾക്ക് വയറുവേദന, തലവേദന, ഛർദ്ദി, വയറിളക്കം എന്നിവ ഉണ്ടായി. തുടർന്ന് സരുപത്തർ പട്ടണത്തിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിലും ഉറിയംഘട്ടിലെ പബ്ലിക് ഹെൽത്ത് സെൻ്ററിലും 53 പേരെ ഉടൻ പ്രവേശിപ്പിച്ചു,’ ഉദ്യോഗസ്ഥർ പറഞ്ഞു. കൂടുതൽ ചികിത്സയ്ക്കായി രണ്ട് പേരെ ജോർഹട്ട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് അയച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു.

മിക്കവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും പലരെയും ചികിത്സയ്ക്ക് ശേഷം വിട്ടയച്ചെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ചെറിയ രോഗലക്ഷണങ്ങൾ കാണിക്കുന്ന ബാക്കിയുള്ള 150 ഓളം പേർ അവരവരുടെ വീടുകളിലാണെന്നും അവരുടെ ആരോഗ്യസ്ഥിതി നിരീക്ഷിച്ചു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ചടങ്ങിനെത്തിയ എല്ലാവരുടെയും വീടുകളിലേക്ക് ഞങ്ങൾ മെഡിക്കൽ ടീമിനെ അയച്ചിട്ടുണ്ട്. സംഘം ആരോഗ്യനില സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ആളുകളിൽ ആരും ഗുരുതരമായ രോഗലക്ഷണങ്ങൾ കാണിക്കുന്നില്ല,’ അദ്ദേഹം പറഞ്ഞു.

സംഭവത്തെ തുടർന്ന് ഫുഡ് ഇൻസ്പെക്ടർ ഗ്രാമം സന്ദർശിച്ച് ഭക്ഷ്യവിഷബാധയുടെ കാരണം അന്വേഷിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

Content Highlight: Assam: 200 people fall sick after consuming snacks at obituary function

We use cookies to give you the best possible experience. Learn more