പ്രധാനമന്ത്രി മത'പുരോഹിത'നായി വേഷമിടുമ്പോള്‍, നാരായണ ഗുരു വിഭജിതമല്ലാത്ത ഇന്ത്യക്കായി പോരാടി
തിരുവനന്തപുരം: വിഭജിതമല്ലാത്ത മാനവലോകത്തിനായി പോരാടിയ ശ്രീ നാരായണ ഗുരുവിന്റെ ഇന്ത്യ കയ്യൂക്കിന്റെ മതരാഷ്ട്രമായി മാറുമോയെന്ന് ഭയപ്പെടുന്നതായി എഴുത്തുകാരന്‍ അശോകന്‍ ചരുവില്‍. ശ്രീ നാരായണ ഗുരുജയന്തിയുമായി ബന്ധപ്പെട്ട് ദേശാഭിമാനിയില്‍ എഴുതിയ
”മതരാഷ്ട്രം എന്ന ഗുരുനിന്ദ” എന്ന ലേഖനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ശ്രീ നാരയണ ഗുരുവിനാല്‍ വിരചിതമായ ആധുനിക ജനാധിപത്യ കേരളം ഒരു മത രാഷ്ട്രത്തോട് എങ്ങനെയായിരിക്കും പ്രതികരിക്കുകയെന്ന് നോക്കിക്കാണേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ യഥാര്‍ത്ഥ പ്രശ്‌നം മതങ്ങള്‍ തമ്മിലുള്ള കലഹമാണെന്ന് ഗുരു പറഞ്ഞിട്ട് ഇപ്പോള്‍ ഒരു നൂറ്റാണ്ട് പിന്നിടുകയാണെന്നും ആ കലഹം ഇപ്പോള്‍ പലവിധത്തില്‍ വളര്‍ന്നുവെന്നും അദ്ദേഹം പറഞ്ഞു.
ബാബ്‌റി മസ്ജിദ് തകര്‍ത്ത നടപടി ക്രിമിനല്‍ കുറ്റമാണെന്ന് പറഞ്ഞ അതേ കോടതി തന്നെ പള്ളി തകര്‍ക്കപ്പെട്ട സ്ഥലത്ത് ക്ഷേത്രം പണിയാനുള്ള അനുമതി നല്‍കി. കൊവിഡ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തിലും പ്രധാനമന്ത്രി കൂടി പങ്കെടുത്തുകൊണ്ട് ക്ഷേത്രത്തിന്റെ തറക്കല്ലിടല്‍ ചടങ്ങ് ദേശീയ ഉത്സവം കണക്കെ ആഘോഷിക്കപ്പെട്ടു. ജനാധിപത്യവാദികള്‍ ഇത് ഇന്ത്യ ഒരു മതരാഷ്ട്രമാകുന്നതിന്റെ സൂചനയായിട്ടാണ് വിലയിരുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘തകര്‍ക്കപ്പെട്ട പള്ളിയുടെ അവശിഷ്ടങ്ങള്‍ക്കുമേല്‍ ക്ഷേത്രം പണിയുന്നതിനുള്ള ഭൂമിപൂജ നടന്നു. സാധാരണ മട്ടിലുള്ള ഒരു പൂജ ആയിരുന്നില്ല അത്. കോവിഡ് മഹാവ്യാധിയുടെ ഭാഗമായ നിയന്ത്രണങ്ങളെയെല്ലാം അവഗണിച്ചുകൊണ്ട് ഒരു ദേശീയ മഹോത്സവത്തിന്റെ ഭാവവും രൂപവും അതിനു കല്‍പ്പിക്കപ്പെട്ടിരുന്നു. പ്രധാനമന്ത്രിയായിരുന്നു അവിടത്തെ ‘മുഖ്യപുരോഹിത’ന്‍. ഇന്ത്യ ഒരു മതരാഷ്ട്രമാകുന്നതിന്റെ സൂചനയായിട്ടാണ് ജനാധിപത്യപക്ഷത്തെ നിരീക്ഷകര്‍ ആ ചടങ്ങിനെ വിലയിരുത്തിയത്,’അശോകന്‍ ചരുവില്‍ പറയുന്നു.
അഞ്ഞൂറു കൊല്ലം തങ്ങള്‍ ആരാധന നടത്തിയിരുന്ന ഒരു ആലയം തകര്‍ക്കപ്പെടുകയും തകര്‍ത്തവര്‍ രാഷ്ട്രത്തിന്റെ പിന്തുണയോടെ അവരുടെ ആരാധനാലയം പണിയുകയും ചെയ്യുമ്പോള്‍ മുസ്ലിം ജനവിഭാഗങ്ങള്‍ക്കുണ്ടാകുന്ന നിരാശയും ആത്മവേദനയും പ്രതിഷേധവുമെല്ലാം നമുക്ക് കണ്ടില്ലെന്നു നടിക്കാം. പക്ഷേ, ഇന്ത്യയുടെ ആത്മാവ് മുറിഞ്ഞുണ്ടാകുന്ന വേദന ഏതെങ്കിലും ഒരു പൗരന് അവഗണിക്കാനാകുമോയെന്നും അശോകന്‍ ചരുവില്‍ ചോദിക്കുന്നു.
1857ലെ പരാജയത്തില്‍നിന്ന് ബ്രിട്ടീഷുകാര്‍ പഠിച്ച പാഠം ഇന്ത്യയെ ഹിന്ദുക്കളേയും മുസ്‌ലിങ്ങളെയും ഭിന്നിപ്പിച്ചു കൊണ്ടിരിക്കണം എന്നതാണ്. ആ ദൗത്യമാണ് സവര്‍ക്കര്‍ മാപ്പപേക്ഷയില്‍ വാഗ്ദത്തം ചെയ്തതനുസരിച്ച് ആര്‍.എസ്.എസ് ഏറ്റെടുത്ത് മുന്നോട്ടു കൊണ്ടുപോകുന്നതെന്നും അദ്ദേഹം പറയുന്നു.
മനുഷ്യര്‍ തമ്മിലുള്ള അകലത്തെ അവസാനിപ്പിക്കാനുള്ള ഉപാധികള്‍ തേടിയാണ് ഇന്ത്യയുടെ ആത്മീയ ചിന്തയില്‍ നാരായണ ഗുരു നടന്നതെന്നും അദ്ദേഹം പറയുന്നു. അദ്വൈത ചിന്തയെ തനിക്ക് മുമ്പേ വ്യാഖ്യാനിച്ച ശങ്കരാചാര്യരെ ‘ജാതി സ്ഥാപിക്കാന്‍ ബുദ്ധികൊണ്ട് പിറന്ന ശങ്കരന്‍’എന്നാണ്. അദ്വൈതത്തെ മറയാക്കി ശങ്കരാചാര്യര്‍ പൗരോഹിത്യത്തിനും വര്‍ണ വ്യവസ്ഥയ്ക്കും അരക്കെട്ടുറപ്പിച്ചപ്പോള്‍ വേദോപനിഷത്തുകള്‍ കടഞ്ഞെടുത്ത് തനിക്ക് കിട്ടിയ ശരിയായ അദ്വൈതം കൊണ്ട് ഗുരു അത് പൊളിക്കുന്നുവെന്നും അദ്ദേഹം പറയുന്നു.
മതത്തിനും ജാതിക്കും മേധാവിത്വങ്ങള്‍ക്കും മറ്റെല്ലാ വിഭജനങ്ങള്‍ക്കുമെതിരെ എന്തെല്ലാം ലഭ്യമാണോ അതെല്ലാം തന്റെ കര്‍മപഥത്തില്‍ ഗുരു ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്നും അശോകന്‍ പറയുന്നു.
‘അദ്വൈതചിന്ത കൂടാതെ ബുദ്ധദര്‍ശനവും തമിഴ് ദ്രാവിഡമുറകളും ഇസ്‌ലാമിക, ക്രൈസ്തവ മതചിന്തകളും അക്കാര്യത്തില്‍ ഗുരുവിനു കൂട്ടുനിന്നു. നിങ്ങളേക്കാള്‍മുമ്പേ ഞാന്‍ ക്രിസ്തുമതത്തില്‍ ചേര്‍ന്നുകഴിഞ്ഞു എന്ന് തന്നെ കാണാന്‍ വന്ന യുവപാതിരിയോട് ഗുരു പറയുന്നു. പരമേശ പവിത്രപുത്രനാണ് അദ്ദേഹത്തിന് ക്രിസ്തു. മുഹമ്മദാകട്ടെ കരുണവാന്‍ നബി മുത്തുരത്‌നവും. മനുഷ്യര്‍ക്കിടയില്‍ ശുചിത്വവും സ്‌നേഹവും ഉണ്ടാക്കാനാണ് താന്‍ ക്ഷേത്രങ്ങള്‍ സ്ഥാപിച്ചതെന്നും ഗുരു പറഞ്ഞിട്ടുണ്ട്,’ ലേഖനത്തില്‍ അശോകന്‍ ചരുവില്‍ വിശദീകരിക്കുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക