തിരുവനന്തപുരം: കവി വീരാന്‍കുട്ടിയുടെ മണ്‍വീറ് എന്ന കവിതാസമാഹാരം കത്തിച്ചതില്‍ പ്രതികരണവുമായി പുരോഗമന കാലാ സാഹിത്യ സംഘം ജനറല്‍ സെക്രട്ടറി അശോകന്‍ ചരുവില്‍.
പുസ്തകം കത്തിച്ചുള്ള പ്രതിഷേധ പരിപാടിയോട് യോജിപ്പില്ല. സംവാദങ്ങളാണ് ആവശ്യമെന്ന് അദ്ദേഹം പറഞ്ഞു.
എല്ലാവിധ ഭൗതീക സൗകര്യങ്ങളും ഉപയോഗിച്ച് പരമാവധി ഭോഗങ്ങളിലാറാടി ജീവിക്കുന്ന ഇന്നത്തെ പരിസ്ഥിതിവാദികളോട് യോജിപ്പില്ലെന്നും അശോകന്‍ ചരുവില്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഉച്ചകോടികളില്‍ കയറിയിരുന്ന് അവികസിതരാഷ്ട്രങ്ങളോട് ഊര്‍ജ്ജോല്‍പ്പാദനം വെട്ടിക്കുറക്കാന്‍ ആവശ്യപ്പെടുന്ന സമ്പന്നരാഷ്ട്രങ്ങളുടെ അതേ നയമാണ് ഇത്തരം പരിസ്ഥിതി വാദികളും സ്വീകരിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.
നമ്മുടെ തൊണ്ണൂറ് ശതമാനം പരിസ്ഥിതി കവികളുടെയും ‘വിശിഷ്ട ഭൂതകാലം’ എന്നത് മനുഷ്യന്‍ കാളക്ക് പകരം നുകമേന്തിയ അതേ കാലമാണ്. ആ കാലത്തേക്ക് തിരിച്ചുപോകാനാണ് അവര്‍ രാഷ്ട്രീയ ഹിന്ദുത്വത്തോടൊപ്പം മേക്കപ്പിടുന്നതെന്നും അശോകന്‍ ചരുവില്‍ കൂട്ടിച്ചേര്‍ത്തു.
പരിസ്ഥിതിവാദികളും അതിനെതിരെ നിലപാടെടുക്കുന്നവരും തമ്മില്‍ ഇക്കഴിഞ്ഞ ദിവസങ്ങളിലായി നടന്ന ആശയ തര്‍ക്കങ്ങളാണ് കഴിഞ്ഞ ദിവസം വീരാന്‍കുട്ടിയുടെ പുസ്തകം കത്തിക്കുന്നതിലേക്ക് എത്തിച്ചേര്‍ന്നത്.
ചില പരിസ്ഥിതി സംരക്ഷണവാദികള്‍ കാടിനോട് ചേര്‍ന്ന് ജീവിക്കുന്ന മനുഷ്യരെയും കുടിയേറ്റ കര്‍ഷകരെയും പരിഗണിക്കുന്നില്ലെന്നും അശാസ്ത്രീയമായ വാദങ്ങളാണ് ഇവര്‍ അവതരിപ്പിക്കുന്നതെന്നും ചിലര്‍ ആരോപിച്ചിരുന്നു.
പരിസ്ഥിതിവാദികളെ പിന്തുണക്കുന്ന വീരാന്‍കുട്ടി കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച് ഫേസ്ബുക്കില്‍ എഴുതിയിരുന്നു. പിന്നാലെ, പരിസ്ഥിതിവാദികളുടെ നിലപാടുകള്‍ക്കെതിരെ എഴുത്തുകളിലൂടെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയനായ ടെഡി സി.എക്‌സ് അടക്കമുള്ളവര്‍ വീരാന്‍കുട്ടിയുടെ പ്രസ്താവനക്കെതിരെ കണക്കുകള്‍ നിരത്തികൊണ്ട് രംഗത്തെത്തിയിരുന്നു.
ഇതിനും വീരാന്‍കുട്ടി കവിതയിലൂടെ മറുപടി നല്‍കി. ‘കാല്‍പനിക പ്രകൃതിവാദികളേ സ്റ്റാന്റ് വിട്ടോളൂ’, എന്ന് തുടങ്ങുന്ന കവിതയില്‍ പ്രകൃതി സംരക്ഷണത്തിനെതിരെ രംഗത്തുവന്നവരുടെ ‘കുറ്റബോധ മുക്തി സേന’ എത്തിപോയതായും പരിഹസിച്ചിരുന്നു.
തുടര്‍ന്ന് വീരാന്‍കുട്ടി അടക്കമുള്ളവര്‍ മുന്നോട്ടുവെക്കുന്ന പരിസ്ഥിതിവാദങ്ങളില്‍ പ്രതിഷേധിച്ചുകൊണ്ട് മണ്ണാര്‍ക്കാട് സ്വദേശിയും ബാങ്ക് ജീവനക്കാരനുമായ പ്രശോഭ് കെ. വീരാന്‍കുട്ടിയുടെ മണ്‍വീറ് എന്ന പുസ്തകം കത്തിക്കുകയായിരുന്നു. പുസ്തകം കത്തിക്കുന്ന ഫോട്ടോ ജനുവരി ഒന്നിന് പ്രശോഭ് ഫേസ്ബുക്കില്‍ പ്രൊഫൈല്‍ പിക്ച്ചറാക്കുകയും ചെയ്തിരുന്നു.
‘വ്യസന സമേതം ഞാന്‍ പിന്‍വാങ്ങുന്നു. കേരളത്തിലെ പ്രബലമായ ഒരു സംഘത്തിന്റെ പരിസ്ഥിതി വിരുദ്ധ നിലപാടുകളെപ്പറ്റി ഒരഭിപ്രായം പറഞ്ഞതിന് ഒരാളുടെ സമ്മാനമാണ്,’ എന്നാണ് ഇതിനോട് കവി വീരാന്‍കുട്ടി പ്രതികരിച്ചത്.
പുസ്തകത്തിന് തീ കൊടുത്ത് ആഹ്ലാദിക്കുന്ന ഈ ചിത്രം ഒരു സൂചനയാണ്. ഞാനത് തിരിച്ചറിയുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട എല്ലാ പോസ്റ്റുകളും പിന്‍വലിക്കുന്നു. ഒരു ഫാസിസ്റ്റ് സമൂഹത്തോട് സംവാദം സാധ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.
സാധാരണക്കാരന്റെ ജീവിതത്തെ പരിഹാസ്യമാക്കി മാറ്റി, മലയോര കര്‍ഷകനെ കുറ്റവാളിയാക്കി കാവ്യലോകത്ത് സെമിനാര്‍ നടത്തി ഫാസിസമെന്ന് നിലവിളിക്കുന്ന എല്ലാതരം യു.ജി.സി സ്‌കെയില്‍ ഏമ്പക്കങ്ങളോടും ഉള്ള പ്രതിഷേധം തന്നെയാണ് പുസ്തകം കത്തിക്കാനുള്ള കാരണമെന്നാണ് പ്രശോഭ് ഇതിന് പിന്നാലെ പ്രതികരിച്ചത്.
സംഭവത്തിന് പിന്നാലെ പ്രശോഭിനെയും വീരാന്‍കുട്ടിയെയും അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍ മീഡിയയില്‍ചര്‍ച്ചകള്‍ സജീവമാകുകയാണ്. പരിസ്ഥിതിസംരക്ഷണത്തിന്റെ വിവിധ വശങ്ങളും പുതിയ കാഴ്ചപ്പാടുകളും ഇതോടൊപ്പം സംവാദവിഷയമാകുന്നുണ്ട്.
മേധാവിത്തം വഹിക്കുന്ന സാംസ്‌കാരിക വ്യവസ്ഥയുടെ ഭാഗമാവുമ്പോള്‍ പത്രവും ചാനലും ഭീകരായുധമാവുന്നത് നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നു. കവിതയും സാഹിത്യവും അങ്ങനെ ആയിക്കൂടെന്നില്ല.
പക്ഷേ പുസ്തകം കത്തിച്ചുള്ള പ്രതിഷേധ പരിപാടിയോട് യോജിപ്പില്ല. സംവാദങ്ങളാണ് ആവശ്യം. സാഹിത്യത്തെ സംബന്ധിച്ചാണെങ്കില്‍ ‘വിമര്‍ശനം’ എന്ന മഹത്തായ ജനാധിപത്യപദ്ധതി ഉണ്ട്. അത് ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്.
അതേസമയം നഗരത്തില്‍ ചേക്കേറി കമനീയ സൗധങ്ങള്‍ പണിത് വൈദ്യുതിയും വാഹനവും മറ്റെല്ലാ ഭൗതീക സൗകര്യങ്ങളും ഉപയോഗിച്ച് പരമാവധി ഭോഗങ്ങളിലാറാടി ജീവിക്കുന്ന ഇന്നത്തെ പരിസ്ഥിതിവാദികളോട് യോജിപ്പില്ല.
ഭൗതീകസൗകര്യങ്ങള്‍ സാമാന്യ ജനങ്ങളുമായി പങ്കിടുന്നതിലെ അസ്വസ്ഥതയാണ് ഫ്യൂഡല്‍ ഗൃഹാതുര- ബ്രാഹ്മണ- പരിസ്ഥിതിവാദത്തെ നയിക്കുന്നത്.
നമ്മുടെ തൊണ്ണൂറ് ശതമാനം പരിസ്ഥിതിക്കവിതകളും ഈ മനോഭാവത്തില്‍ എഴുതപ്പെട്ടതാണ്. അവരുടെ ‘വിശിഷ്ട ഭൂതകാലം’ എന്നത് മനുഷ്യന്‍ കാളക്ക് പകരം നുകമേന്തിയ അതേ കാലമാണ്. സുരി നമ്പൂതിരിപ്പാട് പല്ലക്കില്‍ വന്നിറങ്ങിയ കാലം. ആ കാലത്തേക്ക് തിരിച്ചുപോകാനാണ് അവര്‍ രാഷ്ട്രീയ ഹിന്ദുത്വത്തോടൊപ്പം മേക്കപ്പിടുന്നത്.