തിരുവനന്തപുരം: ബാലരാമപുരത്തെ മതപഠനശാലയില്‍ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയുടേത് ആത്മഹത്യയെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. എന്നാല്‍
അസ്മിയയുടേത് ആത്മഹത്യയാണെന്ന് കരുതുന്നില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. സംഭവത്തില്‍
ശക്തമായ അന്വേഷണം വേണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു.
ശനിയാഴ്ച രാത്രിയാണ് ബാലരാമപുരത്തെ അല്‍ അമന്‍ എഡുക്കേഷനല്‍ കോപ്ലക്‌സ് എന്ന മത പഠന സ്ഥാപനത്തിലെ ലൈബ്രറിയില്‍ അസ്മിയയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരു വര്‍ഷമായി ഇവിടെ നിന്ന് പഠിക്കുകയാണ് അസ്മിയ. പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ആത്മഹത്യയാണെന്നാണ് നിഗമനം.
ബുധനാഴ്ച ഉച്ചയോടെ വീട്ടിലേക്ക് വിളിച്ച് തന്നെ കൊണ്ടുപോകണമെന്ന് അസ്മിയ ഉമ്മയോട് ആവശ്യപ്പെട്ടിരുന്നതായി ബന്ധുക്കള്‍ പറയുന്നു. ഉസ്താദും ടീച്ചറും ഒറ്റപ്പെടുത്തുന്നെന്നും വഴക്ക് പറയുന്നെന്നും അസ്മിയ പറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് അസ്മിയയുടെ ഉമ്മ ബാലരാമപുരത്ത് എത്തി. അപ്പോഴാണ്
അസ്മിയ മരിച്ച വിവരം അറിയുന്നത്. ലൈബ്രറിയോട് ചേര്‍ന്നായിരുന്നു അസ്മിയയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ആശുപത്രിയിലെത്തിക്കാന്‍ ആരും തയ്യാറായില്ലെന്നും ബന്ധുക്കള്‍ പറയുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് ബാലരാമപുരം പൊലീസ് അറിയിച്ചു.
Contenthighlight: Asmiya’s preliminary autopsy report says it was suicide