| Wednesday, 17th May 2023, 2:46 pm

അസ്മിയയുടെ ദുരൂഹ മരണം; അന്വേഷണത്തിന് 13 അംഗ സംഘത്തെ നിയോഗിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ബാലരാമപുരത്തെ മതപഠനശാലയില്‍ ദുരൂഹ സാഹചര്യത്തില്‍ 17കാരി അസ്മിയ മരണപ്പെട്ട സംഭവത്തില്‍ അന്വേഷണം ശക്തമാക്കാനൊരുങ്ങി പൊലീസ്. നെയ്യാറ്റിന്‍കര എ.എസ്.പിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണത്തിനായി 13 അംഗ സംഘത്തെ നിയോഗിച്ചതായി പൊലീസ് അറിയിച്ചു. പെണ്‍കുട്ടിയുടെ സഹപാഠികളില്‍ നിന്നും അമ്മയില്‍ നിന്നും മൊഴിയെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി.

അസ്മിയയുടേത് ആത്മഹത്യയെന്നാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. എന്നാല്‍ അസ്മിയയുടേത് ആത്മഹത്യയാണെന്ന് കരുതുന്നില്ലെന്നും സംഭവത്തില്‍ ശക്തമായ അന്വേഷണം വേണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടിരുന്നു.

അതേസമയം അസ്മിയയുടെ മരണത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ബി.ജെ.പിയും എ.ബി.വി.പിയും പ്രതിഷേധം സംഘടിപ്പിച്ചു. മതപഠന സ്ഥാപനമായ അല്‍ അമന്‍ എഡുക്കേഷനല്‍ കോംപ്ലക്സിലേക്കായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിഷേധം പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞതോടെ പ്രവര്‍ത്തകര്‍ ബാലരാമപുരം- വിഴിഞ്ഞം റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

ശനിയാഴ്ച രാത്രിയാണ് ബാലരാമപുരത്തെ അല്‍ അമന്‍ എഡുക്കേഷനല്‍ കോംപ്ലക്സ് എന്ന മത പഠന സ്ഥാപനത്തിലെ ലൈബ്രറിയില്‍ അസ്മിയയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരു വര്‍ഷമായി ഇവിടെ നിന്ന് പഠിക്കുകയായിരുന്നു അസ്മിയ. പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ആത്മഹത്യയാണെന്നാണ് നിഗമനം.

ബുധനാഴ്ച ഉച്ചയോടെ വീട്ടിലേക്ക് വിളിച്ച് തന്നെ കൊണ്ടുപോകണമെന്ന് അസ്മിയ ഉമ്മയോട് ആവശ്യപ്പെട്ടിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. ഉസ്താദും ടീച്ചറും ഒറ്റപ്പെടുത്തുന്നെന്നും വഴക്ക് പറയുന്നെന്നും അസ്മിയ പറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് അസ്മിയയുടെ ഉമ്മ ബാലരാമപുരത്ത് എത്തി. അപ്പോഴാണ് അസ്മിയ മരിച്ച വിവരം അറിയുന്നത്. ലൈബ്രറിയോട് ചേര്‍ന്നായിരുന്നു അസ്മിയയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

Contenthighligh: Asmiya’s death: A 13 member team has been appointed for the investigation

We use cookies to give you the best possible experience. Learn more