അസ്‌ലമിനെ പിന്തുടര്‍ന്നു കൊലയാളികള്‍ക്കു വിവരം നല്‍കിയതു രമീഷാണെന്നും പൊലീസ് പറഞ്ഞു
കോഴിക്കോട്: നാദാപുരം മുഹമ്മദ് അസ്‌ലം വധക്കേസിലെ മുഖ്യപ്രതി പിടിയില്‍. സി.പി.ഐ.എം പ്രവര്‍ത്തകനായ രമീഷാണ് പിടിയിലായത്. കൊലപാതകം ആസൂത്രണം ചെയ്തത് ഇയാളാണന്ന് പോലീസ് പറയുന്നു.
അസ്‌ലമിനെ പിന്തുടര്‍ന്നു കൊലയാളികള്‍ക്കു വിവരം നല്‍കിയതു രമീഷാണെന്നും പൊലീസ് പറഞ്ഞു. ഷിബിന്‍ കൊല്ലപ്പെടുന്ന സമയത്ത് അന്ന് പരിക്കേറ്റ സന്തോഷ് എന്നയാളുടെ സഹോദരന്‍ കൂടിയാണ് രമീഷ്.
അതേസമയം അസ്‌ലം വധം അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി. എ.എസ്.പി കറുപ്പസ്വാമിയേയാണ് സ്ഥലം മാറ്റിയത്. ഇന്നലെ വൈകീട്ടാണ് സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചത്. ഡി.വൈ.എസ്.പി ഇസ്മയിലാണ് അന്വേഷണച്ചുമതല നല്‍കിയിരിക്കുന്നത്.
എ.എസ്.പി കറുപ്പസ്വാമിയുടെ നേതൃത്വത്തി്‌ലാണ് കേസില്‍ നിര്‍ണായകമായേക്കാവുന്ന അറസ്റ്റുകള്‍ നടന്നത്.
സി.പി.ഐ.എം ഏരിയാ സെക്രട്ടറി ചാത്തുവിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയതും സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറി അനിലിനെ അറസ്റ്റ് ചെയ്തതും കറുപ്പസ്വാമിയുടെ നേതൃത്വത്തിലായിരുന്നു.
അസ് ലം വധക്കേസ് അട്ടിമറിക്കുന്നതായി മുസ്‌ലീം ലീഗ് ആരോപിച്ചതിന് പിന്നിലായാണ് അന്വേഷണ ഉദ്യോഗസ്ഥനെ തന്നെ സ്ഥലംമാറ്റിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് വന്നത്.
കേസില്‍ സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറി അനിലിനെ കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ എടുത്തിരുന്നു. പ്രതികളെ ഒളിവില്‍ പാര്‍പ്പിച്ചതിനെ തുടര്‍ന്നായിരുന്നു കാസര്‍കോട് ഹോസ്ദുര്‍ഗ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
കൊലയാളി സംഘത്തിന് ഇന്നോവ കാര്‍ കൈമാറിയ ആളും കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ഇയാള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറിയെ കസ്റ്റഡിയില്‍ എടുത്തതെന്ന് കരുതുന്നു. കോഴിക്കോട് ജില്ലയ്ക്ക് പുറത്തേക്കും പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
സുഹൃത്തുക്കള്‍ക്കൊപ്പംസ്‌കൂട്ടറില്‍ യാത്ര ചെയ്യുമ്പോഴാണ് അസ്‌ലമിനെ ഒരു സംഘമാളുകള്‍ വെട്ടി കൊലപ്പെടുത്തിയത്.
തൂണേരിയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ സി.കെ.ഷിബിനെ കൊലപ്പെടുത്തിയ കേസില്‍ വിട്ടയയ്ക്കപ്പെട്ടതു് മുതല്‍ അസ്‌ലമിന് ഭീഷണിയുണ്ടായിരുന്നു.