പ്രളയത്തിനു ശേഷമുള്ള വയനാടിന്റെ പുനരധിവാസം തീര്‍ത്തും ആദിവാസികളുടെ പുനരധിവാസം തന്നെയാണ്. തങ്ങളുടെ അവസകേന്ദ്രങ്ങളില്‍ നിന്നും പുഴകളുടെ ഓരങ്ങളിലേയ്ക്കും തോടിന്റെ ഓരങ്ങളിലേയ്ക്കും കുടിയിറക്കപ്പെട്ടവരാണ് പ്രളയത്തില്‍ മുങ്ങിപ്പോയ വയനാട്ടിലെ ആദിവാസികള്‍. കൃഷി, വീട്, കന്നുകാലികള്‍ തുടങ്ങി എല്ലാ ജീവനോപാധികളും ഇവര്‍ക്ക് പ്രളയത്തില്‍ നഷ്ടപ്പെട്ടു. ഒന്നില്‍ നിന്നും തുടങ്ങണം ഇവര്‍ക്കിനി. ഇവരെകൂടി പരിഗണിക്കാതെ വയനാടിന്റെ പുനരധിവാസം പൂര്‍ത്തിയാവില്ല.
ഭൂമിക്കു വേണ്ടിയുള്ള ആവശ്യങ്ങളാണ് കാലങ്ങളായി ആദിവാസികള്‍ ഉന്നയിക്കുന്നത്. പാട്ടക്കാലാവധി കഴിഞ്ഞ ഭൂമിയും പലകാലങ്ങളായി ആളുകള്‍ കയ്യേറിയ ഭൂമിയും സര്‍ക്കാരിനു തിരിച്ചുപിടിക്കാവുന്നതെ ഉള്ളൂ. ഇത് ആദിവാസികളുടെ ഭൂമിയാണ്. മൂന്നും നാലും സെന്റിലേയ്ക്ക് ഇവരെ പറിച്ചു നടാതെ ഇവര്‍ക്ക് അവകാശപ്പെട്ട ഭൂമി നല്‍കണമെന്നാണ് ആദിവാസികളുടെ ആവശ്യം. ലൈഫ് പദ്ധതിപ്രകാരമുള്ള വീടുകളും ഇവര്‍ക്ക് വേണ്ടെന്നു പറയുന്നു. ആവശ്യം ഭൂമിമാത്രമാണ്.