| Wednesday, 27th December 2023, 9:45 pm

ഫലസ്തീനികൾ സ്വയം ഒഴിഞ്ഞുപോകുകയാണെന്ന് പറയുന്നത് ക്രൂരമായ തമാശ; നെതന്യാഹു ഭരണകൂടത്തിനെതിരെ ഇസ്രഈലി പത്രത്തിന്റെ മുഖപ്രസംഗം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെൽ അവീവ്: ഗസയിൽ നിന്ന് ഫലസ്തീനികൾ സ്വയം ഒഴിഞ്ഞുപോകുകയാണെന്ന് പറയുന്നത് ക്രൂരമായ തമാശയാണെന്ന് ഇസ്രഈലിലെ പ്രമുഖ ദിനപത്രമായ ഹാരറ്റ്സ്.

ഡിസംബർ 27ന് പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലാണ് ഇസ്രഈലി ഭരണകൂടത്തെ ഹാരറ്റ്സ് കടന്നാക്രമിച്ചത്.

‘അവസാനമില്ലാതെ ബോംബാക്രമണം നടക്കുമ്പോൾ, മരണസംഖ്യ 20,000 കടന്നപ്പോൾ, മുഴുവൻ പ്രദേശങ്ങളും ഇല്ലാതാകുമ്പോൾ, ഭക്ഷണമോ വെള്ളമോ ഇല്ലാതെ അസുഖങ്ങൾ മാത്രമുള്ള ചുറ്റുപാടിൽ നിന്ന് ജീവന് വേണ്ടി പലായനം ചെയ്യുന്ന ഗസ നിവാസികളെ സ്വയം ഒഴിഞ്ഞുപോകുന്നു എന്ന രീതിയിൽ ചിത്രീകരിക്കുന്നത് ക്രൂരമായ തമാശയാണ്,’ ഹാരറ്റ്സിന്റെ മുഖപ്രസംഗത്തിൽ പറയുന്നു.

നെതാന്യാഹുവും കൂട്ടരും എത്ര ഭംഗിയായി പൊതിഞ്ഞുകെട്ടാൻ നോക്കിയാലും ഈ അധാർമികമായ ആശയം ഒരു നല്ല മാർഗമല്ലെന്നും ഹാരറ്റ്സ് താക്കീത് ചെയ്തു.

ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രഈലിനെ ആക്രമിച്ചതിന് പിന്നാലെ യുദ്ധപ്രഖ്യാപനം നടന്ന വേളയിൽ ജയിൽവാസത്തിൽ നിന്ന് രക്ഷ നേടാൻ നെതന്യാഹു വിലയ്ക്ക് വാങ്ങിയ യുദ്ധമാണ് ഇതെന്ന് ഹാരറ്റ്സ് കുറ്റപ്പെടുത്തിയിരുന്നു.

ഇസ്രഈലിൽ ഏറ്റവും കൂടുതൽ വായനക്കാരുള്ള മൂന്നാമത്തെ പത്രമാണ് ഹാരറ്റ്സ്.

വെസ്റ്റ് ബാങ്കിലെയും ഗസയിലെയും ഫലസ്തീൻ ദേശീയ മുന്നേറ്റത്തെ ഇല്ലാതാക്കുന്നതിനുള്ള മുൻ സർക്കാരുകളുടെ നയങ്ങളെ ഉത്തേജിപ്പിച്ചതും നെതന്യാഹുവാണെന്ന് ഹാരറ്റ്സ് കുറ്റപ്പെടുത്തിയിരുന്നു.

CONTENT HIGHLIGHT: Asking Gazans to leave ‘voluntarily’ is a ‘sick joke’ says Israeli paper Haaretz

We use cookies to give you the best possible experience. Learn more