ബി.ജെ.പിയെ നേരിടാന്‍ സി.പി.ഐ.എമ്മുമായി സഹകരിക്കുമോ എന്ന് ചോദ്യം, എന്തിനും തയ്യാറെന്ന് മമതയുടെ മറുപടി
national news
ബി.ജെ.പിയെ നേരിടാന്‍ സി.പി.ഐ.എമ്മുമായി സഹകരിക്കുമോ എന്ന് ചോദ്യം, എന്തിനും തയ്യാറെന്ന് മമതയുടെ മറുപടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 19th December 2023, 8:52 am

ന്യൂദല്‍ഹി: ബി.ജെ.പിയെ നേരിടാന്‍ സി.പി.ഐ.എമ്മുമായി സംഖ്യത്തിന് തയ്യാറാണോ എന്ന ചോദ്യത്തിന് താന്‍ എന്തിനും തയ്യാറാണെന്ന് മമത ബാനര്‍ജിയുടെ മറുപടി. ഇന്ന് ഇന്ത്യ മുന്നണിയുടെ നിര്‍ണായക യോഗം ദല്‍ഹിയില്‍ ചേരാനിരിക്കെയാണ് ബംഗാള്‍ മുഖ്യമന്ത്രിയുടെ ഈ മറുപടി.

ഇന്ത്യ മുന്നണയിയുടെ ബംഗാളിലെ സഖ്യം സംബന്ധിച്ച നിര്‍ണായക സൂചനയാണ് മമത ബാനര്‍ജിയുടെ ഈ മറുപടിയെന്നാണ് വിലയിരുത്തപ്പെടുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ നേരിടാന്‍ തയ്യാറാണോ എന്നായിരുന്നു ഇന്ത്യ മുന്നണിയുടെ യോഗത്തിന് മുന്നോടിയായുള്ള ചോദ്യം. താന്‍ എന്തിനും തയ്യാറാണെന്ന മറുപടിയാണ് മമത ഇതിന് നല്‍കിയത്.

ഇന്ന് ഉച്ചക്ക് മൂന്ന് മണിക്ക് ദല്‍ഹിയിലെ അശോക ഹോട്ടലിലാണ് ഇന്ത്യ മുന്നണിയുടെ നിര്‍ണായക യോഗം നടക്കുന്നത്. പ്രാധമിക സീറ്റ് ചര്‍ച്ചകള്‍ ഇന്നത്തെ യോഗത്തില്‍ നടക്കും. ശേഷം അതതത് സംസ്ഥാനങ്ങളില്‍ നടക്കുന്ന ചര്‍ച്ചകളിലായിരിക്കും സീറ്റ് വിഭജനത്തിന്റെ അന്തിമ രൂപമാകുക എന്ന് എ.ഐ.സി.സി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞു.

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം ആദ്യമായാണ് ഇന്ത്യ മുന്നണിയുടെ യോഗം ചേരുന്നത്. സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും. സീറ്റ് വിഭജനത്തില്‍ പ്രാദേശിക പാര്‍ട്ടികള്‍ എടുക്കുന്ന നിലപാടുകളും ഇന്നത്തെ യോഗത്തില്‍ നിര്‍ണയാകമാകും. തമിഴ്‌നാട് ഉള്‍പ്പടെയുള്ള പ്രാദേശിക പാര്‍ട്ടികള്‍ക്ക് സ്വാധീനമുള്ള ഇടങ്ങളില്‍ സീറ്റ് വിഭജനത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് വാശിപിടിക്കരുതെന്ന തരത്തിലുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്.

മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, നിതീഷ് കുമാര്‍, ലാലുപ്രസാദ് യാദവ്, കെജ്‌രിവാള്‍, മമത ബാനര്‍ജി, എം.കെ. സ്റ്റാലിന്‍ ഉള്‍പ്പടെ 27 പ്രതിപക്ഷ നേതാക്കള്‍ ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

content highlights: Asked whether she will cooperate with CPI(M) to fight BJP, Mamata replied that she is ready for anything.