| Monday, 26th April 2021, 4:45 pm

ബ്രാഡ് പിറ്റിന്റെ മണം എങ്ങനെയുണ്ടെന്ന് ചോദ്യം; ഞാന്‍ 'പട്ടി' അല്ലെന്ന് ഓസ്‌കാര്‍ പുരസ്‌കാര ജേതാവിന്റെ മറുപടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലൊസാഞ്ചലസ്: മികച്ച സഹനടിക്കുള്ള പുരസ്‌കാരം സ്വന്തമാക്കുന്ന ആദ്യ കൊറിയന്‍ അഭിനേതാവാണ് 73 കാരിയായ യൂ ജൂങ്. ഓസ്‌കാര്‍ പുരസ്‌കാര വേദിയില്‍ വെച്ച് ജൂ യുങിനോട് മാധ്യമപ്രവര്‍ത്തക ചോദിച്ച ചോദ്യവും അതിന് താരം നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ വൈറല്‍ ആയിരിക്കുന്നത്.

ഹോളിവുഡ് താരം ബ്രാഡ് പിറ്റാണ് യൂ ജുങിന് പുരസ്‌കാരം നല്‍കിയത്. ഇതിന് പിന്നാലെ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ബ്രാഡ് പിറ്റിനെക്കുറിച്ചുള്ള ചോദ്യം വന്നത്.

ബ്രാഡ് പിറ്റിന്റെ മണം എങ്ങനെയുണ്ടായിരുന്നു എന്നായിരുന്നു മാധ്യമപ്രവര്‍ത്തകയുടെ ചോദ്യം. എന്നാല്‍ അതിന് രസകരമായ മറുപടിയാണ് യൂ ജുങ് നല്‍കിയത്.

‘ഞാന്‍ അദ്ദേഹത്തെ മണത്തു നോക്കിയിട്ടില്ല, ഞാന്‍ ഒരു പട്ടിയല്ല” എന്നായിരുന്നു യൂ ജുങ് തിരിച്ച് മറുപടി നല്‍കിയത്.

‘ഞാന്‍ അദ്ദേഹത്തെ നോക്കി നില്‍ക്കുന്നുണ്ടായിരുന്നു. അദ്ദേഹം കൂടുതല്‍ ചെറുപ്പമാണ്. മാത്രമല്ല, അദ്ദേഹം എന്റെ പേര് വിളിക്കുമെന്ന് ഞാന്‍ കരുതിയതേ ഇല്ല. കുറച്ച് നിമിഷത്തേക്ക് ഞാന്‍ ആകെ ശൂന്യമായി പോയി. എന്താണ് ചെയ്യേണ്ടത്, എന്താണ് ഞാന്‍ അവിടെ പോയി പറയേണ്ടത് എന്നൊക്കെ കരുതി പോയി,’ യൂ ജുങ് പറഞ്ഞു.

ലീ ഐസക് ചുങ്ങ് സംവിധാനം ചെയ്ത മിനാരി എന്ന ചിത്രത്തിലെ മുത്തശ്ശിയുടെ റോളിനാണ് യൂ ജുങ്ങ് യൂണ്‍ പുരസ്‌കാരം കരസ്ഥമാക്കിയത്. കൊറിയന്‍ സിനിമകളിലെ നിറസാന്നിധ്യമായ യൂ ജുങ്ങ് ആദ്യമായി അഭിനയിക്കുന്ന ഹോളിവുഡ് ചിത്രമാണ് മിനാരി.

ഓസ്‌കാര്‍ പുരസ്‌കാരത്തിന് മുന്‍പ്, ബ്രിട്ടീഷ് അക്കാദമി അവാര്‍ഡ്, ഗില്‍ഡ് അവാര്‍ഡ് തുടങ്ങിയവയും മിനാരിയിലെ പ്രകടനത്തിന് യൂ ജുങ്ങ് സ്വന്തമാക്കിയിരുന്നു. ഈ പുരസ്‌കാരങ്ങള്‍ നേടുന്ന കൊറിയന്‍ വംശജയായ ആദ്യ അഭിനേതാവും യൂ ജുങ്ങ് യൂണാണ്.

മികച്ച സംവിധായകക്കുള്ള പുരസ്‌കാരവും ക്ലോയി ഷാവോക്കിനാണ് ലഭിച്ചത്. ഈ വിഭാഗത്തില്‍ ഏഷ്യന്‍ വംശജക്ക് ലഭിക്കുന്ന ആദ്യ പുരസ്‌കാരമാണിത്. നൊമാഡ് ലാന്റിലെ പ്രകടനത്തിന് ഫ്രാന്‍സിസ് മര്‍കോമണ്ടിനാണ് മികച്ച നടിക്കുള്ള പുരസ്‌കാരം.

ദ ഫാദര്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് ആന്റണി ഹോപ്കിന്‍സ് മികച്ച നടനായി.

മികച്ച സംവിധായിക: ക്ലോയി ഷാവോ ( ചിത്രം- നോമഡ്‌ലാന്റ്) മികച്ച സഹനടന്‍: ഡാനിയേല്‍ കലൂയ( ചിത്രം- ജൂദാസ് ആന്റ് ദ ബ്ലാക്ക് മിശിഹ)
മികച്ച തിരക്കഥ: എമെറാള്‍ ഫെന്നെല്‍ (ചിത്രം പ്രോമിസിങ് യങ് വുമണ്‍), മികച്ച അവലംബിത തിരക്കഥ: ക്രിസ്റ്റഫര്‍ ഹാപ്റ്റന്‍, ഫ്ളോറിയന്‍ സെല്ലര്‍ (ചിത്രം: ദ ഫാദര്‍)

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Asked What Brad Pitt Smells Like, Youn Yuh-jung says she is not a dog

We use cookies to give you the best possible experience. Learn more