ഇസ്‌ലാമാബാദ്: മാധ്യമ സ്വാതന്ത്ര്യത്തെ കുറിച്ച് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനോട് ചോദ്യം ചോദിച്ചതിന് പിന്നാലെ സ്ഥാപനത്തില്‍ നിന്നും മാധ്യമ പ്രവര്‍ത്തകനെ പുറത്താക്കിയതായി റിപ്പോര്‍ട്ട്. പാകിസ്ഥാന്‍ മാധ്യമങ്ങള്‍ നേരിടുന്ന നിയന്ത്രണങ്ങളെ കുറിച്ച് ചോദ്യമുന്നയിച്ചതിന് പിന്നാലെ സര്‍ക്കാര്‍ ഉടമസ്ഥതതയിലുള്ള പി.ടി.വിയില്‍ (പാകിസ്ഥാന്‍ ടെലിവിഷന്‍) നിന്നുമാണ് മാധ്യമ പ്രവര്‍ത്തകന്‍ അസം ചൗധരിയെ പുറത്താക്കിയതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ലാഹോര്‍ പ്രസ് ക്ലബില്‍ അനലിസ്റ്റായി നിയമിച്ചതിന് ശേഷം പ്രധാനമന്ത്രിയോട് ചോദ്യം ചോദിച്ചതിന് പിന്നാലെ അതേ ദിവസം തന്നെ പുറത്താക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പിരിച്ചുവിട്ടത് സംബന്ധിച്ച് രേഖാമൂലമുള്ള അറിയിപ്പൊന്നും ലഭിച്ചില്ലെന്ന് അസം ചൗധരി പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.
ജൂണ്‍ 30ന് പഞ്ചാബ് ഗവര്‍ണേഴ്‌സ് ഹൗസില്‍ വെച്ച് നടന്ന പ്രസ് കോണ്‍ഫറന്‍സിലായിരുന്നു മാധ്യമങ്ങള്‍ക്ക് മേലുള്ള നിയന്ത്രണങ്ങള്‍ എപ്പോഴാണ് എടുത്തുമാറ്റുകയെന്ന് പ്രധാന മന്ത്രിയോട് അസം ചൗധരി ചോദിച്ചത്. വാര്‍ത്താ സമ്മേളനത്തില്‍ പ്രധാനമന്ത്രിയോടൊപ്പം മന്ത്രിമാരായ ഇഷാഖ് ദര്‍, മറിയം ഔറംഗസേബ് എന്നിവരും ഉണ്ടായിരുന്നു.
‘നിയന്ത്രണങ്ങളാല്‍ പൊറുതിമുട്ടുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. എന്നാണ് മാധ്യമങ്ങള്‍ക്ക് മേലുള്ള ഈ നിയന്ത്രണം അവസാനിക്കുക’ എന്നായിരുന്നു ഇദ്ദേഹം പ്രധാനമന്ത്രിയോട് ചോദിച്ചത്. എന്നാല്‍ വാര്‍ത്ത വിതരണ മന്ത്രിയോട് ഇക്കാര്യം ഉന്നയിക്കാനായിരുന്നു പ്രധാനമന്ത്രി മറുപടി നല്‍കിയത്. നിങ്ങള്‍ക്ക് ന്യായമായ എന്തെങ്കിലും ചോദിക്കാനുണ്ടെങ്കില്‍ ചോദിക്കാനും പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്തെ മുഴുവന്‍ മാധ്യമപ്രവര്‍ത്തകരെയും പ്രതിനിധീകരിക്കുന്നതാണ് തന്റെ ചോദ്യമെന്നും അവരെല്ലാം രാജ്യത്തുടനീളം മാധ്യമ നിരോധനം നേരിടുന്നുണ്ടെന്നും അസം ചൗധരി പറഞ്ഞു. പി.എം.എല്‍-എന്‍, പി.പി.പി തുടങ്ങിയ പാര്‍ട്ടികളെല്ലാം മാധ്യമ സ്വാതന്ത്രത്തെ പിന്തുണക്കുന്നുണ്ടെങ്കിലും യാഥാര്‍ത്ഥ്യം മറ്റൊന്നാണെന്നും അദ്ദേഹം പറഞ്ഞു.