| Thursday, 22nd December 2022, 9:47 pm

ഇവിടെ മുസ്‌ലിങ്ങള്‍ സുരക്ഷിതരല്ല, മക്കളോട് വിദേശ പൗരത്വമെടുക്കാന്‍ നിര്‍ദേശിച്ച് ആര്‍.ജെ.ഡി നേതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പട്‌ന: ഇന്ത്യയിലെ മുസ്‌ലിങ്ങള്‍ അരക്ഷിതാവസ്ഥ നേരിടുന്നതിനാല്‍ സ്വന്തം മക്കളോട് വിദേശത്ത് ജോലി ചെയ്യാന്‍ നിര്‍ദേശിച്ചതായി ബിഹാര്‍ ആര്‍.ജെ.ഡി നേതാവ് അബ്ദുല്‍ ബാരി സിദ്ദീഖി.

തന്റെ മകളോടും മകനോടും വിദേശ രാജ്യങ്ങളില്‍ ജോലി നോക്കാനും, പറ്റുമെങ്കില്‍ അവിടുത്തെ പൗരത്വം നേടാനും പറഞ്ഞതായും സിദ്ദീഖി പറഞ്ഞു.

മുസ്‌ലിങ്ങള്‍ ഇന്ത്യയില്‍ സുരക്ഷിതത്വമില്ലായ്മ അനുഭവിക്കുന്നതിനാലാണ് താന്‍ മക്കളോട് ഇങ്ങനെ നിര്‍ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു.

‘എന്റെ മകന്‍ ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലാണ് പഠിക്കുന്നത്. മകള്‍ ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്‌സില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി. എന്നാല്‍ അതാത് രാജ്യത്ത് തന്നെ ജോലി നോക്കാനും പറ്റുമെങ്കില്‍ അവിടുത്തെ പൗരത്വം നേടാനും താന്‍ അവരോട് പറഞ്ഞു.

ഇന്ത്യയിലെ അന്തരീക്ഷം അവര്‍ക്ക് സഹിക്കാന്‍ കഴിയുമോ ഇല്ലയോ എന്ന് തനിക്കറിയില്ലെന്ന് താന്‍ അവരോട് പറഞ്ഞു,’ അബ്ദുല്‍ ബാരി സിദ്ദീഖി പറഞ്ഞു.

‘ഒരാള്‍ക്ക് തന്റെ മക്കളോട് മാതൃരാജ്യം വിടാന്‍ പറയേണ്ടിവരുന്ന അവസ്ഥ എത്ര വേദനാജനകമാണെന്ന് നിങ്ങള്‍ക്ക് മനസിലാക്കാം. എന്നാല്‍ അത്തരമൊരു സാഹചര്യം വന്നിരിക്കുന്നു,’ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബിഹാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ദേവേഷ് ചന്ദ്ര താക്കൂറിനെ ആദരിക്കാനായി ദൈനിക് പ്യാരി ഉറുദു സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സിദ്ദീഖി.

Content Highlight: ‘Asked my kids to live abroad’: RJD leader Abdul Siddiqui

We use cookies to give you the best possible experience. Learn more