ഒട്ടാവ: ഐ.സി.സിയ്‌ക്കെതിരെ ഗുരുതരാരോപണവുമായി അഫ്ഗാന്‍ വനിതാ ക്രിക്കറ്റര്‍ റോയ സമിം. താലിബാന്‍ അഫ്ഗാനെ പിടിച്ചടക്കുന്നുവെന്ന് ഉറപ്പായപ്പോള്‍ തന്നെ സഹായത്തിനായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിനോട് സഹായമഭ്യര്‍ത്ഥിച്ചിരുന്നെന്നും എന്നാല്‍ യാതൊരു മറുപടിയും ലഭിച്ചില്ലെന്നും റോയ പറഞ്ഞു.
ദി ഗാര്‍ഡിയനോടായിരുന്നു റോയയുടെ പ്രതികരണം. താലിബാന്‍, അഫ്ഗാന്‍ പിടിച്ചടക്കിയതിന് ശേഷം ഇപ്പോള്‍ കാനഡയില്‍ അഭയാര്‍ത്ഥി ക്യാംപില്‍ കഴിയുകയാണ് റോയ.
ടീമംഗങ്ങളെല്ലാവരും ഐ.സി.സിയ്ക്ക് മെയില്‍ അയച്ചിരുന്നെങ്കിലും ഒരു മറുപടിയും ലഭിച്ചില്ലെന്ന് റോയ പറയുന്നു. അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡിനെ സഹായത്തിനായി വിളിച്ചപ്പോള്‍ കാത്തിരിക്കൂ എന്നായിരുന്നു മറുപടിയെന്നും റോയ കൂട്ടിച്ചേര്‍ത്തു.
‘ അവര്‍ എന്തുകൊണ്ടാണ് ഞങ്ങളെ പരിഗണിക്കാതിരുന്നത്. ഞങ്ങള്‍ ഈ ലോകത്ത് ജീവിക്കുന്നു എന്ന് പോലും ആലോചിക്കാതിരുന്നത് എന്തുകൊണ്ടാണ്,’ റോയ ചോദിച്ചു.
കാബൂള്‍ കൂടി താലിബാന്‍ പിടിച്ചെടുത്തതോടെ എല്ലാ പെണ്‍കുട്ടികളേയും രക്ഷിക്കണമെന്നാവശ്യപ്പെട്ട് വീണ്ടും ഐ.സി.സിയെ ബന്ധപ്പെട്ടിരുന്നുവെന്നും റോയ പറഞ്ഞു. അതേസമയം ഇ-മെയില്‍ സന്ദേശങ്ങളൊന്നും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നാണ് ഐ.സി.സിയുടെ പ്രതികരണം.
ക്രിക്കറ്റ് താരങ്ങള്‍ കൂടിയായ സഹോദരിമാര്‍ക്കൊപ്പമാണ് റോയ കാനഡയില്‍ കഴിയുന്നത്. അഫ്ഗാനില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിക്കാത്ത സഹതാരങ്ങളെയോര്‍ത്ത് വിഷമമുണ്ടെന്നും റോയ പറഞ്ഞു.
‘അഫ്ഗാന്‍ വിടുകയെന്നത് വളരെ സങ്കടകരമായ കാര്യമായിരുന്നു. ഞാന്‍ ചെയ്തുകൊണ്ടിരുന്നു എല്ലാ കാര്യങ്ങളും എനിക്ക് അത്രയും ഇഷ്ടമായിരുന്നു. എന്റെ ജോലി, ക്രിക്കറ്റ്, സഹതാരങ്ങള്‍, എന്റെ ജന്മസ്ഥലം, ബന്ധുക്കള്‍ തുടങ്ങി എല്ലാത്തിനേയും എനിക്ക് ഉപേക്ഷിക്കേണ്ടി വന്നു,’ റോയ പറഞ്ഞു.
20 വര്‍ഷത്തിന് ശേഷം അമേരിക്കന്‍ സൈന്യം അഫ്ഗാനില്‍ നിന്നും പിന്‍വാങ്ങാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് താലിബാന്‍ ആക്രമണം ശക്തമാക്കിയത്. കുറഞ്ഞ ദിവസങ്ങള്‍ക്കൊണ്ടാണ് താലിബാന്‍ അഫ്ഗാന്‍ സൈന്യത്തെ തോല്‍പ്പിച്ചുകൊണ്ട് രാജ്യം പിടിച്ചടക്കിയത്.