10 ലക്ഷം എന്‍ 95 മാസ്‌ക് ചോദിച്ചപ്പോള്‍ തന്നത് 10000 എണ്ണം, 100 വെന്റിലേറ്റര്‍ ചോദിച്ചിട്ട് ഒരെണ്ണം പോലും തന്നില്ല; പ്രധാനമന്ത്രിയുടെ വീഡിയോ കോണ്‍ഫറന്‍സില്‍ പരാതിയുമായി നിതീഷ് കുമാര്‍
national news
10 ലക്ഷം എന്‍ 95 മാസ്‌ക് ചോദിച്ചപ്പോള്‍ തന്നത് 10000 എണ്ണം, 100 വെന്റിലേറ്റര്‍ ചോദിച്ചിട്ട് ഒരെണ്ണം പോലും തന്നില്ല; പ്രധാനമന്ത്രിയുടെ വീഡിയോ കോണ്‍ഫറന്‍സില്‍ പരാതിയുമായി നിതീഷ് കുമാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 3rd April 2020, 8:35 am

ന്യൂദല്‍ഹി: കൊവിഡ് 19 നെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി, സംസ്ഥാന മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ കേന്ദ്രത്തിനെതിരെ പരാതിയുമായി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. കൊവിഡ് പ്രതിരോധത്തിന് സര്‍ക്കാര്‍ ആവശ്യപ്പെട്ട മെഡിക്കല്‍ ഉപകരണങ്ങള്‍ കേന്ദ്രം തന്നില്ലെന്ന് നിതീഷ് കുമാര്‍ യോഗത്തില്‍ തുറന്നുപറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘5 ലക്ഷം പിപിഇ കിറ്റാണ് ഞങ്ങള്‍ ആവശ്യപ്പെട്ടത്, ലഭിച്ചത് 4000 എണ്ണം മാത്രം. 10 ലക്ഷം എന്‍ 95 മാസ്‌ക് ചോദിച്ചപ്പോള്‍ തന്നത് 10000 എണ്ണം, 10 ലക്ഷം പിഐ മാസ്‌ക് ചോദിച്ചു കിട്ടിയത് ഒരു ലക്ഷം, 10000 ആര്‍.എന്‍.എ എക്‌സ്ട്രാഷന്‍ കിറ്റ് ചോദിച്ചപ്പോള്‍ കിട്ടിയത് 250 എണ്ണം’, നിതീഷ് പറഞ്ഞു.

100 വെന്റിലേറ്റര്‍ ചോദിച്ചിട്ട് ഒരെണ്ണം പോലും തന്നില്ലെന്നും നിതീഷ് കൂട്ടിച്ചേര്‍ത്തു. വ്യാഴാഴ്ചയാണ് പ്രധാനമന്ത്രി സംസ്ഥാന മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തിയത്.

പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. ലോക്ക് ഡൗണിന് ശേഷവും കൊവിഡ് വ്യാപനം തടയുന്നതിനുള്ള സുരക്ഷാ സന്നാഹം തുടരണമെന്ന് യോഗത്തില്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ദീര്‍ഘകാല പോരാട്ടത്തിന് ഒരുങ്ങണമെന്ന ആഹ്വാനവും പ്രധാനമന്ത്രി നല്‍കി. തുടര്‍ന്നും ഉത്തരവാദിത്വത്തോടെ എല്ലാവരും പെരുമാറണം. സാമൂഹ്യ അകലം പാലിക്കുക, ശുചിത്വം, മാസ്‌ക്കുകളുടെ ഉപയോഗം എന്നിവ തുടരണമെന്നും പ്രധാനമന്ത്രി യോഗത്തില്‍ ആവശ്യപ്പെട്ടു.

‘അടുത്ത ആഴ്ചയിലെ നമ്മുടെ മുന്‍ഗണന, ടെസ്റ്റ്, ട്രേസിങ്, ക്വാറന്റൈന്‍, ഐസൊലേഷന്‍ എന്നിവയിലായിരിക്കുമെന്നും എല്ലാ സംസ്ഥാനങ്ങളും ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

ഇതിനായി ഓരോ സംസ്ഥാനങ്ങളും ജില്ലാതല നിരീക്ഷണ ഉദ്യോഗസ്ഥരെ എത്രയും വേഗം നിയമിക്കണമെന്നും അതുപോലെ തന്നെ ടെസ്റ്റിങ്ങിനായി അനുവദിച്ച ലാബുകളില്‍ നിന്ന് ശേഖരിക്കുന്ന ഡാറ്റകള്‍ ജില്ലാ അടിസ്ഥാനത്തില്‍ തന്നെ ഉപയോഗപ്പെടുത്തണമെന്നും വൈറസിനെ എങ്ങനെ നേരിടാമെന്ന ആലോചനകള്‍ സംസ്ഥാനങ്ങള്‍ നടത്തണമെന്നും പ്രധാനമന്ത്രി മുഖ്യമന്ത്രിമാരോട് ആവശ്യപ്പെട്ടു.

WATCH THIS VIDEO: