തിരുവനന്തപുരം: നോട്ട് നിരോധനം പ്രഖ്യാപിച്ച് 50 ദിവസം പിന്നിടുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമുന്നില്‍ വിവിധ ആവശ്യങ്ങള്‍ മുന്നോട്ടുവെച്ച് സി.പി.ഐ.എം. പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് നടത്തിയ പ്രസംഗം രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് ആശങ്കയാണ് ഉണ്ടാക്കുന്നതെന്ന് സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി അഭിപ്രായപ്പെട്ടു.
നരേന്ദ്ര മോദി പ്രസംഗിക്കുന്നു എന്നു പറഞ്ഞാല്‍ ജനങ്ങള്‍ ഭയക്കുന്നു. നോട്ട് പിന്‍വലിക്കലില്‍ പെട്ട് നാട്ടിലെ ജനങ്ങളെല്ലാം അമ്പത് ദിവസമായി നെട്ടോട്ടത്തിലാണ്. ജനങ്ങളുടെയെല്ലാം പണം സര്‍ക്കാര്‍ പിടിച്ചു വച്ചിരിക്കുകയാണ്. അല്‍പാല്‍പം മാത്രം മടക്കിക്കൊടുക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ലോകത്തൊരിടത്തും ഇതുവരെ ഉണ്ടായിട്ടില്ലാത്ത, അസാധാരണമായ ഒരു സാഹചര്യമാണിതെന്നും എം.എ ബേബി ചൂണ്ടിക്കാട്ടി. അതിന് ആശ്വാസം കൊടുക്കാവുന്ന ഒരു കാര്യവും മോദി ഈ പ്രസംഗത്തില്‍ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയതും സി.പി.ഐ.എം ഉന്നയിക്കുന്ന വിവിധ ആവശ്യങ്ങള്‍ മുന്നോട്ടുവെച്ചതും.
1. മോദി ആവശ്യപ്പെട്ട അമ്പത് ദിവസ കാലാവധി കഴിഞ്ഞതിനാല്‍ ജനങ്ങളുടെ പണം പിന്‍വലിക്കലില്‍ ഉണ്ടാക്കിയിരിക്കുന്ന എല്ലാ നിയന്ത്രണങ്ങളും പിന്‍വലിക്കണം.
2. സാധാരണ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടതിനാല്‍ കഷ്ടപ്പെടുന്ന കര്‍ഷകര്‍ക്ക് അടിയന്തര കടാശ്വാസം നല്‍കുക.
3. തൊഴിലുറപ്പു പദ്ധതിക്ക് നീക്കി വച്ച തുക ഇരട്ടിപ്പിച്ച്, തൊഴിലുറപ്പിന് പേര് ചേര്‍ത്തിട്ടുള്ള എല്ലാവര്‍ക്കും നൂറു ദിവസത്തെ തൊഴില്‍ ഉറപ്പു വരുത്തുക.
4. ചെറുകിട-ഇടത്തരം വ്യാപാരത്തിനും വ്യവസായത്തിനും നികുതിയിളവ് നല്‍കുക. നോട്ടിലൂടെ ഇടപാട് നടത്തുന്ന ഈ സ്ഥാപനങ്ങള്‍ സര്‍ക്കാരിന്റെ ഈ തീരുമാനത്താല്‍ പ്രതിസന്ധി നേരിടുകയാണ്.
5. സഹകരണബാങ്കുകളിലെ നിക്ഷേപത്തിനും പണം പിന്‍വലിക്കലിനും ഏര്‍പ്പെടുത്തിയിരിക്കുന്ന എല്ലാ നിയന്ത്രണങ്ങളും പിന്‍വലിക്കുക. ഏതെങ്കിലും ബാങ്കിന്റെ എന്തെങ്കിലും നടപടിയില്‍ പ്രശ്‌നമുണ്ടെങ്കില്‍ നിയമനടപടി എടുക്കണം. അല്ലാതെ ഇന്ത്യയുടെ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ സഹകരണബാങ്കുകളെ തകര്‍ക്കാനുള്ള ശ്രമം നടത്തരുത്.
6. നോട്ട് പിന്‍വലിക്കല്‍ സംസ്ഥാന സര്‍ക്കാരുകളുടെ നികുതി വരുമാനത്തെ വലിയ തോതില്‍ ബാധിച്ചിരിക്കുന്നു. ആ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കുണ്ടായ നികുതിവരുമാന നഷ്ടം കേന്ദ്ര സര്‍ക്കാര്‍ നികത്തണം.
7. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കടമെടുക്കുന്നതില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന പരിധി, സംസ്ഥാനത്തിന്റെ മൊത്ത ആഭ്യന്തര ഉല്പാദനത്തിന്റെ മൂന്നു മുതല്‍ നാലു വരെ ശതമാനമായി ഉയര്‍ത്തണം.
8. പ്രധാനമന്ത്രി എപ്പോഴും പണമില്ലാ സമ്പദ്‌വ്യവസ്ഥയെക്കുറിച്ച് ഊന്നിപ്പറയുന്നതിനാല്‍, ഡിജിറ്റല്‍ തുക കൈമാറ്റങ്ങള്‍ക്കുള്ള ചാര്‍ജുകള്‍ എടുത്തുകളയണം.
9. എല്ലാ റേഷന്‍ കാര്‍ഡുടമകള്‍ക്കും റേഷന്‍ ഉറപ്പാക്കണം. റേഷനും ആധാറും തമ്മില്‍ ബന്ധിപ്പിക്കുന്നത് നിരവധി പേര്‍ക്ക് റേഷന്‍ കിട്ടാത്ത അവസ്ഥ ഉണ്ടാക്കുന്നുണ്ട്.
10. പിന്‍വലിച്ച നോട്ടുകളില്‍ എത്ര തിരിച്ചെത്തിയെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണം. 84 ശതമാനം നോട്ട് തിരിച്ചെത്തിയെന്നാണ് രണ്ടാഴ്ച മുമ്പ് റിസര്‍വ് ബാങ്ക് പറഞ്ഞത്. എല്ലാ നോട്ടും തിരിച്ചെത്തിയെങ്കില്‍ കള്ളപ്പണമെല്ലാം വെളുപ്പിക്കപ്പെട്ടു എന്നാണര്‍ത്ഥം. ഉണ്ടായിരുന്നതിനെക്കാളും നോട്ട് തിരിച്ചെത്തിയെങ്കില്‍ കള്ളനോട്ടുകളും കൂടെ വെളുപ്പിക്കപ്പെട്ടു എന്നും.
11. ഇതുവരെ അച്ചടിച്ച പുതിയ നോട്ടുകളെത്ര, എത്ര തുകയ്ക്ക് എന്ന് നരേന്ദ്ര മോദി വ്യക്തമാക്കണം.
12. പിന്‍വലിച്ച നോട്ടുകള്‍ക്ക് തുല്യമായ തുകയ്ക്കുള്ള നോട്ടുകള്‍ എന്നേക്ക് അച്ചടിച്ച് എത്തും എന്ന് പ്രധാനമന്ത്രി പറയണം.
13. പ്രധാനമന്ത്രി അഴിമതിക്കെതിരായി സംസാരിക്കുന്നുണ്ടല്ലോ. എന്നാല്‍ വ്യാപം കുംഭകോണം, സഹാറ-ബിര്‍ള ഡയറികള്‍ എന്നിവയെക്കുറിച്ച് അന്വേഷണം നടത്താത്തതെന്തുകൊണ്ടാണ്?
14. തങ്ങള്‍ അധ്വാനിച്ചുണ്ടാക്കിയ പണം പിന്‍വലിക്കാന്‍ ബാങ്കിനു മുന്നിലെ വരിയില്‍ നിന്ന നൂറിലേറെ പേര്‍ മരിച്ചു വീണു. അവരുടെ കുടുംബങ്ങള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ഉടന്‍ നല്‍കണം.
15. ഈ നോട്ട് പിന്‍വലിക്കല്‍ കൊണ്ട് രാജ്യത്തിനുണ്ടായ സാമ്പത്തിക നഷ്ടം എത്രയാണെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്?
16. ഈ നോട്ടു പിന്‍വലിക്കല്‍ കാരണം എത്രപേര്‍ക്ക് ജോലിയും ഉപജീവന മാര്‍ഗവും നഷ്ടപ്പെട്ടു എന്നതും സര്‍ക്കാര്‍ വ്യക്തമാക്കണം.
എന്നിവയാണ് സി.പി.ഐ.എം മോദിക്ക് മുന്നില്‍വെച്ച ആവശ്യങ്ങള്‍.
നാട്ടിലുണ്ടായ പ്രതിഷേധത്തെയും ജനങ്ങളുടെ അമര്‍ഷത്തെയും പുല്ലുവിലപോലും വയ്ക്കുന്നില്ല എന്നാണ് മോദി അര്‍ത്ഥമാക്കുന്നത്. നോട്ട് പിന്‍വലിക്കല്‍ കള്ളപ്പണത്തെയും കള്ളനോട്ടിനെയും ഭീകരവാദത്തെയും നേരിടാനെന്നാണ് നവംബര്‍ 8ന് രാത്രി നോട്ടു പിന്‍വലിക്കല്‍ പ്രഖ്യാപിച്ചുകൊണ്ട് മോദി പറഞ്ഞത്. എത്ര കള്ളപ്പണവും കള്ളനോട്ടും പിടിച്ചെടുത്തു എന്ന് ഈ അമ്പത് നാളുകള്‍ക്ക് ശേഷം പറയാന്‍ പ്രധാനമന്ത്രി ബാധ്യസ്ഥനായിരുന്നുവെന്നും ബേബി പറഞ്ഞു.
നോട്ടു പിന്‍വലിക്കല്‍ ഉണ്ടാക്കിയ ആഘാതത്തില്‍ കഷ്ടപ്പെടുന്ന ജനങ്ങള്‍ക്ക് എന്തെങ്കിലും ആശ്വാസ നടപടി പ്രധാനമന്ത്രി പ്രഖ്യാപിക്കുമെന്ന് ബി.ജെ.പി അനുകൂലികള്‍ പോലും പ്രതീക്ഷിച്ചിരുന്നുവെന്നും എന്നാല്‍ ചില തട്ടിപ്പു പ്രഖ്യാപനങ്ങളല്ലാതെ ഒരാശ്വാസവും ഉണ്ടായില്ലെന്നും ബേബി കുറ്റപ്പെടുത്തി. ഈ സാഹചര്യത്തിലാണ് സി.പി.ഐ.എം ഈ ആവശ്യങ്ങള്‍ മുന്നോട്ടുവെച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.