ന്യൂദല്‍ഹി: പാരഡൈസ് പേപ്പേഴ്‌സിലെ ആരോപണങ്ങളെക്കുറിച്ചു ചോദിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് ഞാന്‍ മൗനവ്രവത്തിലാണ് എന്ന മറുപടി നല്‍കിയ ബി.ജെ.പി എം.പി രവീന്ദ്ര കിഷോര്‍. രണ്ട് വിദേശ കമ്പനികളുമായി രവീന്ദ്ര കിഷോറിന് ബന്ധമുണ്ടെന്നായിരുന്നു പാരഡൈസ് പേപ്പേഴ്‌സിലെ ആരോപണം.
എന്നാല്‍ ഇതുസംബന്ധിച്ച് മാധ്യമപ്രവര്‍ത്തകര്‍ പ്രതികരണമാരാഞ്ഞപ്പോള്‍ “ഞാന്‍ എഴുദിവസത്തെ മൗനവ്രതത്തിലാണ്” എന്ന് എഴുതി നല്‍കുകയായിരുന്നു മന്ത്രി.
പ്രതികരണമാരാഞ്ഞ മാധ്യമപ്രവര്‍ത്തകരോട് തുടക്കത്തില്‍ വായപൊത്തി ആംഗ്യം കാട്ടിയ മന്ത്രി പിന്നീട് ഒരു പേപ്പര്‍ തരാന്‍ ആവശ്യപ്പെടുകയും അതില്‍ താന്‍ ഏഴുദിവസത്തെ മൗനവ്രതത്തിലാണ് എന്ന് എഴുതി നല്‍കുകയുമായിരുന്നു.
ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ സുരക്ഷാ പ്രൊവൈഡര്‍ ആയ സെക്യൂരിറ്റി ആന്റ് ഇന്റലിജന്‍സ് സര്‍വ്വീസ് വഴി രവീന്ദ്ര കിഷോര്‍ സിന്‍ഹ രണ്ട് വിദേശ കമ്പനികളുമായി ബന്ധം സ്ഥാപിച്ചെന്നായിരുന്നു പാരഡൈസ് പേപ്പേഴ്‌സ് ഉയര്‍ത്തിയ ആരോപണം. എസ്.ഐ.എസിന് എസ്.ഐ.എസ് ഏഷ്യ പെസഫിക് ഹോള്‍ഡിങ് ലിമിറ്റഡ് എന്ന പേരില്‍ ഒരു ശാഖയുണ്ടെന്നും അതില്‍ സിന്‍ഹ ഷെയര്‍ഹോള്‍ഡറും ഡയറക്ടറുമാണെന്നായിരുന്നു പാരഡൈസ് പേപ്പേഴ്‌സിലെ കണ്ടെത്തല്‍. അദ്ദേഹത്തിന്റെ ഭാര്യയും ഡയറക്ടര്‍മാരുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നു.
2014ല്‍ തെരഞ്ഞെടുപ്പു കമ്മീഷന് നല്‍കിയ നാമനിര്‍ദേശ പത്രികയില്‍ സിന്‍ഹ മാല്‍ട്ട കമ്പനിയുമായി ബന്ധമുള്ള കാര്യം വ്യക്തമാക്കിയിരുന്നില്ല.