| Sunday, 14th July 2019, 3:05 pm

''എന്നെ കള്ളനെന്ന് വിളിക്കുന്നതിന് മുന്‍പ് ബാങ്കുകളോട് ചോദിക്കൂ''; ക്രിസ് ഗെയിലിനൊപ്പമുള്ള ഫോട്ടോയെ ട്രോളിയവര്‍ക്ക് മറുപടിയുമായി വിജയ് മല്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: തന്നെ കള്ളനെന്ന് വിളിക്കുന്നവര്‍ക്കെതിരെ വിമര്‍ശനവുമായി വിവാദ വ്യവസായി വിജയ് മല്ല്യ. തന്നെ കള്ളനെന്ന് വിളിക്കുന്നതിന് മുന്‍പ് സത്യാവസ്ഥ മനസിലാക്കണമെന്നായിരുന്നു വിജയ് മല്യയുടെ ആവശ്യം.

കഴിഞ്ഞ ദിവസം വെസ്റ്റ് ഇന്‍ഡീസ് ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയില്‍ വിജയ് മല്യക്കൊപ്പമുള്ള ഒരു ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. ‘ബിഗ് ബോസിനെ കണ്ടുമുട്ടിയതില്‍ സന്തോഷം’ എന്ന കുറിപ്പോടെയായിരുന്നു ക്രിസ് ഗെയില്‍ ഫോട്ടോ ഷെയര്‍ ചെയ്തത്. ഐ.പി.എല്ലില്‍ മല്യ ഉടമസ്ഥാനായ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിലെ കളിക്കാരന്‍ കൂടിയായിരുന്നു ഗെയില്‍.

എന്നാല്‍ ക്രിസ് ഗെയിലിന്റെ പോസ്റ്റിന് പിന്നാലെ മല്യയ്‌ക്കെതിരെ കടുത്ത വിമര്‍ശനവും പരിഹാസവും ഉയര്‍ന്നു. ഇന്ത്യന്‍ ബാങ്കുകളില്‍ നിന്നും പണം തട്ടി രാജ്യം വിട്ട ആള്‍ക്കൊപ്പമാണ് താങ്കള്‍ നില്‍ക്കുന്നതെന്നും തട്ടിപ്പ് കേസിലെ പ്രതിയാണ് മല്യ എന്നിങ്ങനെയുമുള്ള കമന്റുകളായിരുന്നു ഫോട്ടോയ്ക്ക് ലഭിച്ചത്.

ഇതിന് പിന്നാലെയാണ് പ്രതികരണവുമായി മല്യ തന്നെ രംഗത്തെത്തിയത്. കമന്റിടുന്നവര്‍ ബാങ്കുകളോട് താന്‍ ഓഫര്‍ ചെയ്ത മുഴുവന്‍ തുകയും എന്തുകൊണ്ടാണ് സ്വീകരിക്കാന്‍ തയ്യാറാകാത്തതെന്ന് അന്വേഷിക്കണമെന്നായിരുന്നു മല്യ കുറിച്ചത്.

” എന്റെ അടുത്ത സുഹൃത്തായ ഹെന്‍്ട്രി ഗെയിലിനൊപ്പമുള്ള ഫോട്ടോ കണ്ട് കമന്റ് ചെയ്യുന്നവരോട് ഒരു നിമിഷം, എന്നെ കള്ളനെന്ന് വിളിച്ച് കമന്റ് ചെയ്യുന്നതിന് മുന്‍പ് ഞാന്‍ തിരികെ നല്‍കാമെന്നേറ്റ 100 ശതമാനം പണവും എന്തുകൊണ്ടാണ് ബാങ്കുകള്‍ സ്വീകരിക്കാത്തതെന്ന് നിങ്ങള്‍ ഒന്ന് അന്വേഷിക്കണം. അതിന് ശേഷം ആരാണ് കള്ളന്‍ എന്ന് നിങ്ങള്‍ തീരുമാനിക്കൂ”- എന്നായിരുന്നു വിജയ് മല്യ ട്വിറ്ററില്‍ കുറിച്ചത്.

താന്‍ പണം മോഷ്ടിച്ചുവെന്ന് പ്രചരിക്കുപ്പിക്കുന്നത് ഇനിയെങ്കിലും നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് നേരത്തേയും വിജയ് മല്യ രംഗത്തെത്തിയിരുന്നു. ബാങ്കുകളില്‍ നിന്നും എടുത്ത തുക തിരിച്ചടയ്ക്കാന്‍ തയ്യാറാണെന്നും എന്നാല്‍ ബാങ്കുകള്‍ തുക സ്വീകരിക്കുന്നില്ലെന്നുമായിരുന്നു മല്യ പ്രതികരിച്ചത്.

ഇന്ത്യന്‍ ബാങ്കുകളില്‍ നിന്നും 9000 കോടി വായിപ്പ തട്ടിപ്പ് നടത്തി രാജ്യം കടന്ന കേസില്‍ ഇന്ത്യ തേടുന്നയാളാണ് മല്യ. മല്യയെ ഇന്ത്യയ്ക്ക് വിട്ടുകൊടുക്കാന്‍ നേരത്തെ ലണ്ടന്‍ കീഴ്‌കോടതി വിധിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ ലണ്ടനിലെ കോടതിയില്‍ ഇനിയും പൂര്‍ത്തിയാക്കുവാനുണ്ട്. 2016 മാര്‍ച്ച് 2 നാണ് മല്യ രാജ്യംവിട്ടത്.

We use cookies to give you the best possible experience. Learn more