അടിമാലി: ക്ഷേമ പെന്‍ഷനിലെ കേന്ദ്രവിഹിതം ലഭിക്കാത്തതിനെ പറ്റി കേന്ദ്രസര്‍ക്കാറിനോട് ചോദിക്കൂവെന്ന് ബി.ജെ.പി നേതാവ് സുരേഷ് ഗോപി. സംസ്ഥാന സര്‍ക്കാര്‍ കള്ളക്കണക്കല്ലാതെ ശരിയായ കണക്ക് കൊടുക്കണമെന്നും കേന്ദ്രം മറുപടി നല്‍കുമെന്നും സുരേഷ് ഗോപി പറഞ്ഞു. ക്ഷേമപെന്‍ഷന്‍ മുടങ്ങിയതില്‍ അടിമാലിയില്‍ ഭിക്ഷ യാജിച്ച് പ്രതിഷേധിച്ച മറിയക്കുട്ടിയുടെ വീട് സന്ദര്‍ശിച്ച ശേഷമായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.
‘ആ കാര്യം നിങ്ങള്‍ കേന്ദ്രസര്‍ക്കാരിനോട് ചോദിക്കൂ. അവര്‍ മറുപടി തരും. സത്യസന്ധമായി കൊടുക്കൂ. കള്ളക്കണക്കല്ലാതെ കൃത്യമായ കണക്ക് ഈ സര്‍ക്കാര്‍ കൊടുത്താല്‍ മതി. കേന്ദ്രസര്‍ക്കാര്‍ കള്ളത്തരം കാണിച്ചിട്ടുണ്ടെങ്കില്‍ നിങ്ങള്‍ ചോദ്യം ചെയ്യൂ,’ സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.
പെട്രോള്‍ അടിക്കുമ്പോള്‍ കൊടുക്കുന്ന രണ്ട് രൂപ സെസ് ഇനി കൊടുക്കില്ലെന്നും ജനങ്ങള്‍ തീരുമാനിച്ചാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു. രണ്ട് രൂപ വെച്ച് എത്ര കോടി പിരിച്ചുവെന്ന് ചീഫ് സെക്രട്ടറി കോടതിയില്‍ കണക്ക് കൊടുക്കട്ടെ. ക്ഷേമ പെന്‍ഷന് എത്ര കൊടുത്തു. ബാക്കി വക മാറ്റി ചെലവാക്കിയോ? ജനങ്ങള്‍ ഇനി സെസ് കൊടുക്കേണ്ടതില്ല എന്ന് കോടതി നിര്‍ദേശിക്കട്ടെയെന്നും സുരേഷ് ഗോപി പറഞ്ഞു.
മറിയക്കുട്ടിക്കും അന്ന ഔസേപ്പിനും തന്റെ എം.പി ഫണ്ടില്‍ നിന്നും പ്രതിമാസം 1600 രൂപ നല്‍കുമെന്നും സുരേഷ് ഗോപി പറഞ്ഞു.