| Wednesday, 26th January 2022, 8:31 pm

22ാം വാര്‍ഷികം ആഘോഷിച്ച് ആശിര്‍വാദ് സിനിമാസ്, ബറോസ് ലുക്കില്‍ കേക്ക് മുറിച്ച് ലാലേട്ടന്‍; വീഡിയോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

22ാം വാര്‍ഷികം ആഘോഷമാക്കി ആശിര്‍വാദ് സിനിമാസ്. 2000 ജനുവരി 26 ന് ‘നരസിംഹം’ റിലീസ് ചെയ്തുകൊണ്ടാണ് ആശിര്‍വാദ് സിനിമാസ് ആരംഭിച്ചത്. മോഹന്‍ലാലിന്റെ സിനിമാ ജീവിതത്തിലെ ഒരു പിടി മികച്ച സിനിമകള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച ആശിര്‍വാദ് പ്രയാണം തുടരുകയാണ്.

22 വര്‍ഷവും കമ്പനിയുടെ കൂടെ സഞ്ചരിച്ച എല്ലാവര്‍ക്കും നന്ദി പറയുന്നുവെന്ന് മോഹന്‍ലാല്‍ പറഞ്ഞു. നരസിംഹം മുതല്‍ ഇന്നുവരെ പിന്തുണ നല്‍കിയ എല്ലാ പ്രേക്ഷകരേയും, ആശിര്‍വാദ് സിനിമയുടെ സിനിമയില്‍ സഹകരിച്ച എല്ലാവരേയും ഓര്‍ക്കുന്നുവെന്ന് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.

മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബറോസിന്റെ ലൊക്കേഷനിലായിരുന്നു ആശിര്‍വാദ് സിനിമാസിന്റെ 22ാം വാര്‍ഷികം ആഘോഷിച്ചത്. ബറോസിലെ താടി നീട്ടിവളര്‍ത്തിയ ലുക്കിലായിരുന്നു മോഹന്‍ലാല്‍ കേക്ക് മുറിക്കാന്‍ എത്തിയത്. ചിത്രത്തിന്റെ സിനിമാറ്റോഗ്രാഫര്‍ സന്തോഷ് ശിവന്‍ ഉള്‍പ്പെടെയുള്ള അണിയറപ്രവര്‍ത്തകര്‍ ആഘോഷവേളയിലുണ്ടായിരുന്നു.

പൃഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡിയാണ് അവസാനമായി ആശിര്‍വാദ് സിനിമാസ് നിര്‍മിച്ച് റിലീസ് ചെയ്ത ചിത്രം. മോഹന്‍ലാല്‍, പൃഥ്വിരാജ്, കല്യാണി പ്രിയദര്‍ശന്‍, ലാലു അലക്‌സ്, മീന തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തിയ ചിത്രം ഭേദപ്പെട്ട പ്രകടനമാണ് കാഴ്ച വെക്കുന്നത്.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ നിര്‍മിക്കുന്ന ബറോസിന്റെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

കൊവിഡ് പശ്ചാത്തലത്തില്‍ ബറോസിന്റെ ചിത്രീകരണം കഴിഞ്ഞ വര്‍ഷം പകുതിയോടെ നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു. രണ്ടാം ലോക്ഡൗണിന് മുന്‍പായിരുന്നു ബറോസിന്റെ ഷൂട്ടിങ് കൊച്ചിയില്‍ ആരംഭിച്ചത്. ഷൂട്ടിങ് തുടങ്ങി ആഴ്ചകള്‍ പിന്നിട്ടപ്പോഴാണ് കൊവിഡും ലോക്ക്ഡൗണും എത്തിയത്. അതോടെ ചിത്രീകരണം നിര്‍ത്തിവെച്ചിരുന്നു. അതിന് ശേഷം ഡിസംബര്‍ 26ന് വീണ്ടും ഷൂട്ട് പുനരാരംഭിച്ചിട്ടുണ്ട്.

മൈഡിയര്‍ കുട്ടിച്ചാത്തന്‍ ഒരുക്കിയ ജിജോ നവോദയ ആണ് ബറോസിന്റെ തിരക്കഥാകൃത്തും ക്രിയേറ്റിവ് ഡയറക്ടറും. സന്തോഷ് ശിവന്‍ ഛായാഗ്രഹണവും സന്തോഷ് രാമന്‍ പ്രൊഡക്ഷന്‍ ഡിസൈനും നിര്‍വഹിക്കുന്നു.

സ്പാനിഷ് അഭിനേത്രി പാസ് വേഗ, സ്പാനിഷ് നടന്‍ റാഫേല്‍ അമര്‍ഗോ എന്നിവര്‍ പ്രധാന കഥാപാത്രമായി സിനിമയിലുണ്ടാകും. ബറോസ് എന്ന ഭൂതമായി നായക കഥാപാത്രമാകുന്നത് മോഹന്‍ലാല്‍ ആണ്. വാസ്‌കോ ഡ ഗാമയുടെ റോളിലാണ് റഫേല്‍ അമര്‍ഗോ അഭിനയിക്കുന്നത്. വാസ്‌കോ ഡ ഗാമയുടെ ഭാര്യയുടെ റോളിലാണ് പാസ് വേഗ. ദ ഹ്യൂമന്‍ കോണ്‍ട്രാക്ട്, റാംബോ, സെക്‌സ് ആന്‍ഡ് ലൂസിയ എന്നീ സിനിമകളിലൂടെ ശ്രദ്ധേയയാണ് പാസ് വേഗ. ഗോവയിലാണ് സിനിമയുടെ പ്രധാന ലൊക്കേഷന്‍.


Content Highlight: asirvad cinemas celebrates 22 years anniversary

We use cookies to give you the best possible experience. Learn more