| Tuesday, 19th January 2016, 4:27 pm

അസിന്‍ വിവാഹിതയായി

ഡൂള്‍ന്യൂസ് ഡെസ്‌ക്


ചലചിത്ര താരം അസിനും മൈക്രോമാക്‌സ് ഉടമ രാഹുല്‍ശര്‍മയും വിവാഹിതരായി. ദല്‍ഹിയില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമം പങ്കെടുത്ത ചടങ്ങില്‍ വെച്ച് ക്രിസ്തീയ ആചാര പ്രകാരമാണ് ഇരുവരും വിവാഹിതരായത്. ദല്‍ഹിയിലെ ദസിത് ദേവറാണ ഹോട്ടലില്‍ വെച്ചാണ് ചടങ്ങുകള്‍ നടന്നത്. വൈകീട്ട് ഹിന്ദു ആചാര പ്രകാരവും ചടങ്ങുകള്‍ നടത്തുന്നുണ്ട്.

വൈകീട്ട് നടക്കുന്ന ചടങ്ങുകളില്‍ സബ്യാസ്ച്ചി ലെഹംഗയാണ് അസിന്‍ ധരിക്കുക. തന്റെ വിവാഹ ക്ഷണക്കത്തിന്റെ ചിത്രങ്ങള്‍ അസിന്‍ കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇന്നത്തെ ചടങ്ങുകളില്‍ പങ്കെടുക്കാത്ത സുഹൃത്തുക്കള്‍ക്കായി ജനുവരി 23ന് മുംബൈയില്‍ പ്രത്യേക റിസപ്ഷനും നവദമ്പതികള്‍ ഒരുക്കിയിട്ടുണ്ട്.

കൊച്ചിക്കാരിയായ അസിന്‍ തോട്ടുങ്കല്‍ സത്യന്‍ അന്തിക്കാടിന്റെ “നരേന്ദ്രന്‍ മക ജയകാന്തന്‍ വക” എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്. പിന്നീട് തമിഴില്‍ സജീവ സാന്നിധ്യമായി മാറിയ അസിന്‍ “ഗജിനി”യിലൂടെ ബോളിവുഡിലും പ്രശസ്തയായി. ആമിര്‍ ഖാന്‍, അക്ഷയ് കുമാര്‍, അജയ് ദേവ്ഗണ്‍ എന്നിവര്‍ക്കൊപ്പമെല്ലാം അസിന്‍ അഭിനയിച്ചിട്ടുണ്ട്.

അക്ഷയ് കുമാര്‍ വഴിയാണ് അസിനും രാഹുല്‍ ശര്‍മയും പരിചയപ്പെടുന്നത്. രാഹുലിന്റെ അടുത്ത സുഹൃത്താണ് അക്ഷയ് കുമാര്‍. ലോകത്തിലെ തന്നെ പ്രായം കുറഞ്ഞ സമ്പന്നരില്‍ ഒരാളാണ് രാഹുല്‍ ശര്‍മ.

We use cookies to give you the best possible experience. Learn more