നിലവിൽ ക്രിക്കറ്റിലെ ഏറ്റവും മികച്ച താരം അവനാണ്: വസീം അക്രം
Cricket
നിലവിൽ ക്രിക്കറ്റിലെ ഏറ്റവും മികച്ച താരം അവനാണ്: വസീം അക്രം
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 16th August 2024, 1:48 pm

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച താരമാണ് ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലി. ഇപ്പോഴിതാ കോഹ്‌ലിയെ പ്രശംസിച്ചുകൊണ്ട് മുന്നോട്ട് വന്നിരിക്കുകയാണ് മുന്‍ പാകിസ്ഥാന്‍ താരം വസീം അക്രം. നിലവിലെ ക്രിക്കറ്റിലെ ഏറ്റവും മികച്ച താരമാണ് വിരാട് എന്നാണ് മുന്‍ പാക് താരം പറഞ്ഞത്.

‘ക്രിക്കറ്റിലെ ഇപ്പോഴത്തെ മികച്ച ബാറ്ററെ തെരഞ്ഞെടുക്കുകയാണെങ്കില്‍ കളിക്കളത്തില്‍ മാത്രമല്ല, കളിക്കളത്തിന് പുറത്തും വിരാട് മികച്ച താരമാണ്. അദ്ദേഹത്തിന്റെ ഫിറ്റ്‌നസ്, ദിനചര്യകള്‍ എന്നിവയെല്ലാം വളരെ മികച്ചതാണ്. അതുകൊണ്ടുതന്നെ ഞാന്‍ അവനെ അഭിനന്ദിക്കുന്നു. അവന്റെ മാനസികാവസ്ഥ മികച്ചതാണ്. വിരാട് എന്നത് ലോക ക്രിക്കറ്റിലെ ഏറ്റവും വലിയ പേരുകളില്‍ ഒന്നാണ്,’ അമേരിയ ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ മുന്‍ പാക് താരം പറഞ്ഞു.

ഇന്ത്യന്‍ ടീമിനൊപ്പം ഒരു ഐതിഹാസികമായ കരിയറാണ് വിരാട് പടുത്തുയര്‍ത്തിയത്. 2008ൽ ഇന്ത്യക്കായി ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ച കോഹ്‌ലി ഇതിനോടകം തന്നെ 295 മത്സരങ്ങളില്‍ 283 ഇന്നിങ്‌സുകളില്‍ നിന്നും 13906 റണ്‍സാണ് കോഹ്‌ലി നേടിയത്. 50 സെഞ്ച്വറികളും 72 അര്‍ധസെഞ്ച്വറികളുമാണ് വിരാടിന്റെ അക്കൗണ്ടിലുള്ളത്.

ടെസ്റ്റ് ക്രിക്കറ്റില്‍ 113 മത്സരങ്ങളില്‍ 191 ഇന്നിങ്‌സുകളില്‍ നിന്നും 8848 റണ്‍സും കോഹ്‌ലി നേടി. റെഡ് ബോള്‍ ക്രിക്കറ്റില്‍ 29 തവണ വിരാട് 100 കടന്നപ്പോള്‍ 30 തവണ ഫിഫ്റ്റിയും സ്വന്തമാക്കി. കുട്ടി ക്രിക്കറ്റില്‍ 125 മത്സരങ്ങളില്‍ നിന്നും ഒരു സെഞ്ച്വറിയും 38 അര്‍ധസെഞ്ച്വറികളും ഉള്‍പ്പെടെ 4188 റണ്‍സാണ് താരം നേടിയത്.

അതേസമയം അടുത്തിടെ അവസാനിച്ച ശ്രീലങ്കക്കെതിരെയുള്ള മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരയില്‍ അത്ര മികച്ച പ്രകടനം നടത്താന്‍ വിരാടിന് സാധിച്ചിരുന്നില്ല. ആദ്യ മത്സരം സമനിലയില്‍ പിരിഞ്ഞപ്പോള്‍ പിന്നീട് നടന്ന രണ്ട് മത്സരങ്ങളും വിജയിച്ചുകൊണ്ട് ശ്രീലങ്ക പരമ്പര സ്വന്തമാക്കുകയാണ്.

ഇനി ഇന്ത്യയുടെ മുന്നിലുള്ളത് ബംഗ്ലാദേശിനെതിരെയുള്ള പരമ്പരയാണ്. ഈ സീരീസില്‍ കോഹ്‌ലി ശക്തമായി തിരിച്ചുവരുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

 

Content Highlight: Wasim Akram Talks About Virat Kohli