2025 ഐ.പി.എല്‍ സീസണില്‍ രോഹിത് ശര്‍മ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വേണ്ടി കളിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് പാകിസ്ഥാന്‍ താരം വസീം അക്രം.
‘അടുത്ത സീസണില്‍ രോഹിത് ശര്‍മ മുംബൈ ഇന്ത്യന്‍സില്‍ ഉണ്ടാകില്ലെന്നാണ് എനിക്ക് തോന്നുന്നത്. രോഹിത് അടുത്ത സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വേണ്ടി ഓപ്പണ്‍ ചെയ്യുന്നത് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഗൗതം ഗംഭീര്‍ ടീമിന്റെ മെന്ററായും ശ്രേയസ് അയ്യര്‍ ക്യാപ്റ്റനായും രോഹിത് ശര്‍മ ടീമിന്റെ ഓപ്പണിങ് ബാറ്ററായും ഒന്ന് സങ്കല്‍പ്പിച്ചു നോക്കൂ. കൊല്‍ക്കത്തെ വളരെ ശക്തമായ ബാറ്റിങ് യൂണിറ്റായി മാറും. രോഹിത് മികച്ച ഒരു താരമായതിനാല്‍ ഏത് വിക്കറ്റിലും അദ്ദേഹം നല്ല രീതിയില്‍ ബാറ്റ് ചെയ്യും,’ വസീം അക്രം പറഞ്ഞു.
2013ലാണ് രോഹിത് ശര്‍മ മുംബൈ ഇന്ത്യന്‍സിന്റെ നായക സ്ഥാനം ഏറ്റെടുക്കുന്നത്. രോഹിത്തിന്റെ കീഴില്‍ അഞ്ച് കിരീടങ്ങളാണ് മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയത്. എന്നാല്‍ ഈ സീസണില്‍ എല്ലാവരെയും ഞെട്ടിച്ചു കൊണ്ടായിരുന്നു മുംബൈ മാനേജ്‌മെന്റ് ഹര്‍ദിക് പാണ്ഡ്യയെ പുതിയ ക്യാപ്റ്റനായി നിയമിക്കുന്നത്.
ഹര്‍ദിക് 2015 മുതല്‍ 2021 വരെ മുംബൈയില്‍ കളിച്ചിരുന്നു. മുംബൈ ഇന്ത്യന്‍സിന്റെ നാല് കിരീടങ്ങളില്‍ പങ്കാളിയാവാന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ക്ക് സാധിച്ചിരുന്നു. എന്നാല്‍ താരം ഗുജറാത്ത് ടൈറ്റന്‍സിലേക്ക് ചേക്കേറുകയും ആദ്യ സീസണില്‍ തന്നെ ടൈറ്റന്‍സിനെ കിരീടത്തിലേക്ക് നയിക്കാനും രണ്ടാം സീസണില്‍ ഗുജറാത്തിനെ ഫൈനലില്‍ എത്തിക്കാനും ഹര്‍ദിക്കിന് സാധിച്ചിരുന്നു.
എന്നാല്‍ ഗുജറാത്തിനൊപ്പം ഉള്ള മികച്ച പ്രകടനങ്ങള്‍ മുംബൈ ഇന്ത്യന്‍സ് നായികസ്ഥാനത്തുനിന്നും നടത്താന്‍ ഹാര്‍ദിക്കിന് ഈ സീസണില്‍ കഴിഞ്ഞിരുന്നില്ല. നിലവില്‍ 12 മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ നാല് വിജയവും എട്ട് തോല്‍വിയും അടക്കം എട്ട് പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ് മുംബൈ.
മെയ് 11ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയാണ് മുംബൈയുടെ അടുത്ത മത്സരം. കൊല്‍ക്കത്തയുടെ തട്ടകമായ ഈഡന്‍ ഗാര്‍ഡനിലാണ് മത്സരം നടക്കുക.
Content Highlight: Asim Akram talks about Rohit Sharma