| Thursday, 12th September 2024, 8:44 am

സോഷ്യല്‍ മീഡിയ പറയുന്നു 'ഇതാണ് നമ്മുടെ മോളിവുഡ്'; വൈറലായി യൂത്തന്മാരുടെ വീഡിയോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇത്തവണത്തെ ഓണത്തിന് മലയാളികള്‍ക്ക് മുന്നില്‍ എത്തുന്നത് മൂന്ന് യൂത്തന്മാരുടെ സിനിമകളാണ്. ഓണം ആഘോഷമാക്കാന്‍ ടൊവിനോ തോമസും ആസിഫ് അലിയും ആന്റണി വര്‍ഗീസ് പെപ്പെയുമാണ് തങ്ങളുടെ പുതിയ സിനിമയുമായി എത്തുന്നത്.

ഇന്ന് സെപ്റ്റംബര്‍ 12ന് ആസിഫിന്റെയും ടൊവിനോയുടെയും സിനിമകളുടെ ക്ലാഷ് റിലീസ് നടക്കുകയാണ്. തൊട്ടടുത്ത ദിവസമാണ് പെപ്പെയുടെ പടമെത്തുന്നത്. ഇപ്പോള്‍ മൂവരും പരസ്പരം തങ്ങളുടെ സിനിമകള്‍ പ്രൊമോട്ട് ചെയ്ത് കൊണ്ട് പുറത്തുവിട്ട വീഡിയോയാണ് വൈറലാകുന്നത്.

പെപ്പെ ടൊവിനോ ചിത്രമായ എ.ആര്‍.എം. കാണാന്‍ ആവശ്യപ്പെടുമ്പോള്‍ ടൊവിനോ ആസിഫ് ചിത്രമായ കിഷ്‌ക്കിന്ധാ കാണ്ഡം കാണാനാണ് ആവശ്യപ്പെടുന്നത്. വീഡിയോയില്‍ പെപ്പെയും ടൊവിനോയും ഒരുമിച്ചാണ് എത്തുന്നത്. പിന്നാലെ ആസിഫ് അലി പെപ്പെ ചിത്രമായ കൊണ്ടല്‍ കാണാന്‍ ആവശ്യപ്പെടുന്നതും കാണാം.

‘ഞങ്ങള്‍ മൂന്നാളും ഓരോ പടവുമായി വരുന്നുണ്ട്! മിന്നിച്ചേക്കണേ!’ എന്ന ക്യാപ്ഷനോടെയാണ് മൂവരും വീഡിയോ പങ്കുവെച്ചിരിക്കുന്നത്. മൂന്ന് നടന്മാരും പരസ്പരം സപ്പോര്‍ട്ട് ചെയ്ത് കൊണ്ട് എത്തിയതോടെ സോഷ്യല്‍ മീഡിയ ഇവരെ പ്രശംസിച്ച് കൊണ്ട് മുന്നോട്ട് വന്നു. ഇതിന് താഴെ നിരവധിപേര്‍ കമന്റുകളെത്തി.

‘ഇതാണ് മാതൃകയാക്കേണ്ടത്, ഇതാണ് സപ്പോര്‍ട്ട്, ഇങ്ങനെയൊന്ന് സംഭവിക്കുന്നത് മോളിവുഡില്‍ മാത്രം, ഇതാണ് നമ്മുടെ മോളിവുഡ്….’ അങ്ങനെ തുടങ്ങി ചെറിയ തമാശ നിറഞ്ഞ കമന്റുകളുമുണ്ട്. ‘ഞങ്ങളെ പറ്റി പറയാന്‍ ഞങ്ങള്‍ക്ക് വേറെ ഒരു തെണ്ടിയുടെയും ആവശ്യമില്ല’ എന്നും ചിലര്‍ പറയുന്നു.

അതേസമയം ‘കക്ഷി അമ്മിണിപ്പിള്ള’ എന്ന ചിത്രത്തിന് ശേഷം ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്യുന്ന ആസിഫ് അലി ചിത്രമാണ് കിഷ്‌ക്കിന്ധാ കാണ്ഡം. ഫാമിലി ത്രില്ലര്‍, ഡ്രാമയായിട്ടാണ് ഈ സിനിമ ഒരുക്കിയത്. അപര്‍ണ മുരളി – ആസിഫ് അലി കൂട്ടുകെട്ടില്‍ എത്തുന്ന നാലാമത്തെ സിനിമയാണ് ‘കിഷ്‌ക്കിന്ധാ കാണ്ഡം’.

മിന്നല്‍ മുരളിയുടെ വിജയത്തിന് ശേഷം ടൊവിനോയുടെ പാന്‍ ഇന്ത്യന്‍ റിലീസായി എത്തുന്ന ചിത്രമാണ് എ.ആര്‍.എം എന്ന അജയന്റെ രണ്ടാം മോഷണം. മൂന്ന് വ്യത്യസ്ത കാലഘട്ടത്തിലെ കഥ പറയുന്ന ചിത്രത്തില്‍ അജയന്‍, കുഞ്ഞിക്കേളു, മണിയന്‍ എന്നിങ്ങനെ മൂന്ന് കഥാപാത്രമായാണ് ടൊവിനോ എത്തുന്നത്. ത്രീ.ഡിയില്‍ റിലീസാവുന്ന ചിത്രം നവാഗതനായ ജിതിന്‍ ലാലാണ് സംവിധാനം ചെയ്തത്.

ആന്റണി വര്‍ഗീസിനെ നായകനാക്കി നവാഗതനായ അജിത് മാമ്പള്ളി സംവിധാനം ചെയ്ത സിനിമയാണ് ‘കൊണ്ടല്‍’. കടലിന്റെയും തീരദേശ ജീവിതത്തിന്റെയും പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രമാണ് ഇത്. പെപ്പെക്ക് പുറമെ കന്നഡ താരം രാജ് ബി. ഷെട്ടിയും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. പൂര്‍ണമായും കടലില്‍ ചിത്രീകരിച്ച ആക്ഷന്‍ രംഗങ്ങളാണ് ചിത്രത്തിന്റെ ഹൈലൈറ്റ്

Content Highlight: Asif Ali, Tovino Thomas And Antony Varghese Pepe Video Goes Viral

We use cookies to give you the best possible experience. Learn more