നിലവിൽ ഫുട്ബോളിലെ എന്റെ ഹീറോ അദ്ദേഹമാണ്: ആസിഫ് അലി
Football
നിലവിൽ ഫുട്ബോളിലെ എന്റെ ഹീറോ അദ്ദേഹമാണ്: ആസിഫ് അലി
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 8th September 2024, 12:41 pm

നിലവില്‍ ഫുട്‌ബോളിലെ തന്റെ പ്രിയപ്പെട്ട താരമാരാണെന്ന് പറഞ്ഞിരിക്കുകയാണ് സൂപ്പര്‍ ലീഗ് കേരളയിലെ ടീമായ കണ്ണൂര്‍ വാരിയേഴ്സിന്റെ ഉടമയും സിനിമാതാരവുമായ ആസിഫ് അലി.  റയല്‍ മാഡ്രിഡിന്റെ ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയുടെ പേരാണ് ആസിഫ് പറഞ്ഞത്. ഓണ്‍ ലൂക്കേഴ്‌സ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ആസിഫ് ഇക്കാര്യം പറഞ്ഞത്.

‘ഫുട്‌ബോളില്‍ ഏറ്റവും ഇഷ്ടമുള്ള പ്ലെയര്‍ ആരാണെന്ന് എന്നോട് ചോദിച്ചാല്‍ ഇപ്പോള്‍ എംബാപ്പെയാണ്. എംബാപ്പെയെ എനിക്ക് ഹീറോയിക്ക് ആയിട്ടുള്ള ഒരു അപ്രോച്ചായിട്ട് ഫീല്‍ ചെയ്തിട്ടുള്ളത്. ഒരു ടൂര്‍ണമെന്റ് മുഴുവന്‍ കഴിഞ്ഞിട്ട് ഫൈനലില്‍ എത്തിയ ഒരു ടീമിന്റെ പ്ലെയറിനൊപ്പം നിന്നും ഒരു ഇമോഷന്‍ തോന്നിയത് അദ്ദേഹത്തിനോടാണ്,’ ആസിഫ് അലി പറഞ്ഞു.

ഫുട്‌ബോളില്‍ ഇതിനോടകം തന്നെ ഒരു പിടി മികച്ച നേട്ടങ്ങള്‍ കൊണ്ട് അവിസ്മയമായ നേട്ടങ്ങളാണ് എംബാപ്പെ സ്വന്തമാക്കിയിട്ടുള്ളത്. 2022 ഖത്തര്‍ ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീനക്കെതിരെ തകര്‍പ്പന്‍ പ്രകടനമായിരുന്നു എംബാപ്പെ നടത്തിയിരുന്നത്. ഫൈനലില്‍ ഫ്രാന്‍സിനായി ഹാട്രിക് നേടിയാണ് എംബാപ്പെ തിളങ്ങിയത്.

എന്നാല്‍ മത്സരത്തില്‍ ഇരു ടീമുകളും മൂന്ന് ഗോള്‍ വീതം നേടി സമനിലയില്‍ പിരിയുകയും ഒടുവില്‍ പെനാല്‍ട്ടി വിധിയെഴുതിയ മത്സരത്തില്‍ അര്‍ജന്റീന വിജയിക്കുകയും ആയിരുന്നു. എന്നാല്‍ ഇതിനുമുമ്പ് 2018ല്‍ നടന്ന ലോകകപ്പ് നേടിയത് ഫ്രാന്‍സ് ആയിരുന്നു. ഫ്രഞ്ച് പടയുടെ ഈ ലോകകപ്പ് വിജയത്തില്‍ പങ്കാളിയാവാന്‍ എംബാപ്പെക്ക് സാധിച്ചിരുന്നു.

നിലവില്‍ സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡിന് വേണ്ടിയാണ് താരം കളിക്കുന്നത്. ഈ സീസണിലാണ് എംബാപ്പെ ഫ്രഞ്ച് വമ്പന്‍മാരായ പാരീസ് സെയ്ന്റ് ജെര്‍മെയ്‌നില്‍ നിന്നും ലോസ് ബ്ലാങ്കോസിന്റെ തട്ടകത്തിലെത്തുന്നത്.

ഫ്രഞ്ച് വമ്പന്മാര്‍ക്കായി 373 മത്സരങ്ങളില്‍ ബൂട്ടുകെട്ടിയ എംബാപ്പെ 256 ഗോളുകളാണ് നേടിയിട്ടുള്ളത്. പാരീസിനൊപ്പമുള്ള തന്റെ ഗോളടി മികവ് സ്‌പെയ്‌നിലും ആവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ് എംബാപ്പെ. പുതിയ സീസണ്‍ തുടങ്ങുന്നതിനു മുന്നോടിയായി റയലിനൊപ്പം യുവേഫ സൂപ്പര്‍ കപ്പ് സ്വന്തമാക്കാന്‍ എംബാപ്പെക്ക് സാധിച്ചിരുന്നു.

ഇറ്റാലിയന്‍ ക്ലബ്ബ് അറ്റ്‌ലാന്‍ഡയെ പരാജയപ്പെടുത്തിയായിരുന്നു ലോസ് ബ്ലാങ്കോസ് കിരീടം ചൂടിയത്. റയലിനായി ഇതിനോടകം തന്നെ അഞ്ച് മത്സരങ്ങളില്‍ നിന്നും മൂന്ന് ഗോളുകളാണ് താരം നേടിയിട്ടുള്ളത്.

അതേസമയം 2024 യുവേഫ നേഷന്‍സ് ലീഗിലെ ആദ്യ മത്സരത്തില്‍ ഫ്രാന്‍സ് ഇറ്റലിയോട് പരാജയപ്പെട്ടിരുന്നു. ഫ്രാന്‍സിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് അസൂറിപ്പട തകര്‍ത്തുവിട്ടത്. ഫ്രഞ്ച് മണ്ണില്‍ നീണ്ട 70 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇറ്റലി ഫ്രാന്‍സിനെ കീഴടക്കുന്നത്. സെപ്റ്റംബര്‍ പത്തിന് നടക്കുന്ന മത്സരത്തില്‍ കരുത്തരായ ബെല്‍ജിയവുമായാണ് എംബാപ്പയുടെയും കൂട്ടരുടെയും അടുത്ത മത്സരം.

 

Content Highlight: Asif Ali Talks Kylian Mbappe is His Favorite Footballer