| Friday, 10th January 2025, 8:49 am

പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ ലേബല്‍; ആ അന്യഭാഷ സിനിമകളില്‍ നിന്ന് അവസാന നിമിഷം ഞാന്‍ എസ്‌ക്കേപ്പായി: ആസിഫ് അലി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2009ല്‍ ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതുവിലൂടെ തന്റെ സിനിമാജീവിതം ആരംഭിച്ച നടനാണ് ആസിഫ് അലി. കഴിഞ്ഞ 15 വര്‍ഷമായി മലയാളസിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന നടന്‍ കൂടെയാണ് ആസിഫ്.

സിബി മലയില്‍, എ.കെ. സാജന്‍, സത്യന്‍ അന്തിക്കാട് തുടങ്ങിയ മികച്ച സംവിധായകരുടെ സിനിമകളുടെ ഭാഗമാകാനും അദ്ദേഹത്തിന് സാധിച്ചിരുന്നു. എന്നാല്‍ മലയാളത്തിന് പുറത്ത് മറ്റ് ഭാഷകളില്‍ ആസിഫ് ഇതുവരെ അഭിനയിച്ചിട്ടില്ല.

മറ്റു ഭാഷകളിലെ സിനിമകള്‍ ചെയ്യാത്തത് എന്തുകൊണ്ടാണ് എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് ആസിഫ് അലി. എപ്പോഴൊക്കെ തനിക്ക് മറ്റ് ഭാഷകളില്‍ നിന്ന് ഓഫറ് വന്നിട്ടുണ്ടോ അപ്പോഴൊക്കെ അതിനേക്കാള്‍ മികച്ച സിനിമകള്‍ മലയാളത്തില്‍ നിന്ന് വന്നിട്ടുണ്ടെന്നാണ് അദ്ദേഹം പറയുന്നത്.

പല അന്യഭാഷ സിനിമകളുടെയും ഡിസ്‌ക്കഷന്റെ അവസാന നിമിഷം താന്‍ അതില്‍ നിന്ന് എസ്‌ക്കേപ്പായി വന്നിട്ടുണ്ടെന്നും ആസിഫ് കൂട്ടിച്ചേര്‍ത്തു. റെഡ് എഫ്.എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.

‘മറ്റു ഭാഷകളിലെ സിനിമകള്‍ ചെയ്യാത്തതിന് ഒരുപാട് കാരണങ്ങളുണ്ട്. എപ്പോഴൊക്കെ എനിക്ക് മറ്റ് ഭാഷകളില്‍ നിന്ന് ഓഫറ് വന്നിട്ടുണ്ടോ അപ്പോഴൊക്കെ അതിനേക്കാള്‍ മികച്ച സിനിമകള്‍ മലയാളത്തില്‍ നിന്ന് എന്റെയടുത്തേക്ക് വന്നിട്ടുണ്ട്.

പിന്നെ ഞാനായിട്ട് മറ്റ് ഭാഷകളില്‍ ചെയ്യാന്‍ ശ്രമിക്കാത്തത് എന്റെ കോണ്‍ഫിഡന്‍സ് കുറവ് കാരണമാണ്. എന്റെ മാതൃഭാഷ കൈകാര്യം ചെയ്യുന്നത് പോലെ എനിക്ക് മറ്റൊരു ഭാഷ കൈകാര്യം ചെയ്യാന്‍ പറ്റുമോയെന്ന പേടി എനിക്കുണ്ട്. എന്റെ കംഫേര്‍ട്ട് സോണ്‍ ബ്രേക്ക് ചെയ്യാത്ത ഒരേയൊരു ഏരിയ അത് തന്നെയാണ്.

പല അന്യഭാഷ സിനിമകളുടെയും ഡിസ്‌ക്കഷന്റെ അവസാന നിമിഷം ഞാന്‍ എസ്‌ക്കേപ്പായി വന്നിട്ടുണ്ട്. ഒരു നടന്‍ എന്ന നിലയില്‍ അന്യഭാഷയിലും ചെയ്യണം. പ്രത്യേകിച്ചും ‘പാന്‍ ഇന്ത്യന്‍ സ്റ്റാര്‍’ എന്ന ലേബലിന് വേണ്ടി ഇടി നടക്കുന്ന ഒരു സമയം കൂടെയാണ് ഇത് (ചിരി),’ ആസിഫ് അലി പറയുന്നു.

Content Highlight: Asif Ali Talks About Why He Didn’t  Act In Other Language Movies

We use cookies to give you the best possible experience. Learn more