Entertainment
ആ ഹിറ്റ് സിനിമ മുതല്‍ തുടങ്ങിയ സൗഹൃദം; എന്നാല്‍ ബിരിയാണിയെ കുറിച്ച് ചോദിക്കാന്‍ മാത്രമാണ് അവന്‍ വിളിക്കുന്നത്: ആസിഫ് അലി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 May 19, 05:06 pm
Sunday, 19th May 2024, 10:36 pm

വിനീത് ശ്രീനിവാസനുമായുള്ള തന്റെ സൗഹൃദത്തെ കുറിച്ച് പറയുകയാണ് ആസിഫ് അലി. വിനീതുമായി തനിക്ക് നല്ല ഒരു സുഹൃത്ത് ബന്ധമുണ്ടെന്നും എന്നാല്‍ അത് സിനിമയുമായി ബന്ധപ്പെട്ടെല്ലെന്നുമാണ് താരം പറയുന്നത്.

ട്രാഫിക്ക് സിനിമ മുതലാണ് തങ്ങള്‍ പരിചയപ്പെടുന്നതെന്നും എന്നാല്‍ അത് സിനിമകളിലേക്ക് എത്തിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ആസിഫ് അലി പറഞ്ഞു. തന്റെ ഏറ്റവും പുതിയ ചിത്രമായ തലവന്റെ പ്രൊമോഷന്റെ ഭാഗമായി റെഡ് എഫ്.എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘വിനീതുമായി എനിക്ക് നല്ല ഒരു സുഹൃത്ത് ബന്ധമുണ്ട്. അത് പക്ഷെ സിനിമ റിലേറ്റഡാണോ എന്ന് ചോദിച്ചാല്‍ അല്ല. അധികവും ഭക്ഷണവും യാത്രയുമൊക്കെയായി റിലേറ്റഡാണ്. ട്രാഫിക്ക് മുതലാണ് ഞങ്ങള്‍ പരിചയപ്പെടുന്നതും സൗഹൃദത്തിലാകുന്നതും. അത് സിനിമകളിലേക്ക് എത്തിക്കാന്‍ ഞങ്ങള്‍ ശ്രമിച്ചിട്ടില്ല, അത് എത്തിയിട്ടുമില്ല.

പലപ്പോഴും വിനീത് എന്നെ വിളിക്കുന്നത് ‘അസി, നല്ല ബിരിയാണി കിട്ടുന്ന സ്ഥലമുണ്ടെന്ന് നീ എന്നോട് അന്ന് പറഞ്ഞില്ലായിരുന്നോ. അതെവിടെയാണ്’ എന്നൊക്കെ ചോദിക്കാനാണ്. ആ ചോദ്യങ്ങള്‍ക്ക് മാത്രമാണ് അവന്‍ എന്നെ വിളിക്കുന്നത്,’ ആസിഫ് അലി പറഞ്ഞു.

എപ്പോഴെങ്കിലും കാമിയോ അപ്പിയറന്‍സ് നടത്തിയ പടങ്ങളുടെ കണക്കുകള്‍ എടുത്തിരുന്നോ എന്ന ചോദ്യത്തിനും താരം അഭിമുഖത്തില്‍ മറുപടി നല്‍കി. വളരെ കുറച്ച് കാമിയോ റോളുകള്‍ മാത്രമാണ് ചെയ്തിട്ടുള്ളതെന്ന് വിശ്വസിച്ച് ജീവിക്കുകയായിരുന്നു എന്നാണ് ആസിഫ് അലി പറയുന്നത്.

‘ഒരിക്കലും അങ്ങനെയൊരു കണക്ക് ഞാന്‍ എടുത്തിട്ടില്ല. വളരെ കുറച്ച് കാമിയോ റോളുകള്‍ മാത്രമാണ് ചെയ്തിട്ടുള്ളത് എന്ന് വിശ്വസിച്ച് ജീവിക്കുകയായിരുന്നു ഞാന്‍.

ചാക്കോച്ചന്റെ ഡോക്ടര്‍ ലവ് എന്ന പടത്തിലാണ് നരേഷന്‍ പോലെയൊന്ന് ചെയ്യാനായി ആദ്യമായി വിളിക്കുന്നത്. ഏകദ്ദേശം അതേസമയത്ത് തന്നെയാണ് ഉസ്താദ് ഹോട്ടലും വെള്ളിമൂങ്ങയും ചെയ്യുന്നത്. ഇതെല്ലാം സൗഹൃദങ്ങളുടെ പുറത്ത് സംഭവിക്കുന്നതാണ്,’ ആസിഫ് അലി പറഞ്ഞു.


Content Highlight: Asif Ali Talks About Vineeth Sreenivasan