Entertainment
നല്ലൊരു സിനിമ സംഭവിക്കുമ്പോള്‍ അവരുടെ കൂടെ ആഘോഷിക്കണം എന്നതാണ് എന്റെ ആഗ്രഹം: ആസിഫ് അലി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Jan 20, 07:04 am
Monday, 20th January 2025, 12:34 pm

കഴിഞ്ഞ 15 വര്‍ഷമായി മലയാളസിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന നടനാണ് ആസിഫ് അലി. 2009ല്‍ ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതുവിലൂടെയാണ് ആസിഫ് തന്റെ സിനിമാജീവിതം ആരംഭിക്കുന്നത്. കരിയറിന്റെ തുടക്കത്തില്‍ തന്നെ സിബി മലയില്‍, എ.കെ. സാജന്‍, സത്യന്‍ അന്തിക്കാട് തുടങ്ങിയ മികച്ച സംവിധായകരുടെ സിനിമകളില്‍ ആസിഫ് ഭാഗമായിരുന്നു.

കരിയറില്‍ വിജയവും പരാജയവും ഒരുപോലെ നേരിട്ടിട്ടുള്ള നടന്‍ കൂടെയാണ് ആസിഫ് അലി. എന്നാല്‍ കഴിഞ്ഞ കുറച്ച് സിനിമകളിലൂടെ തെരഞ്ഞെടുപ്പിന്റെ പേരില്‍ ഏറെ പ്രശംസ വാങ്ങാന്‍ ആസിഫിന് സാധിക്കുന്നുണ്ട്. ഇപ്പോള്‍ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടത്താറുള്ള തിയേറ്റര്‍ വിസിറ്റിനെ കുറിച്ച് പറയുകയാണ് നടന്‍.

തിയേറ്റര്‍ വിസിറ്റ് തനിക്ക് വളരെ പേഴ്‌സണലാണ് എന്നാണ് ആസിഫ് പറയുന്നത്. സിനിമ കണ്ട് കഴിഞ്ഞിട്ടുള്ള അവരുടെ മുഖത്തുള്ള എക്‌സ്പ്രഷന്‍ നേരിട്ട് കാണാന്‍ സാധിക്കുന്നത് രസമുള്ള ഒരു അനുഭവമാണെന്നും നടന്‍ പറഞ്ഞു. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ആസിഫ് അലി.

‘തിയേറ്റര്‍ വിസിറ്റ് എനിക്ക് വളരെ പേഴ്‌സണലാണ്. നല്ല ഒരു സിനിമ കണ്ട് കഴിഞ്ഞിട്ട് നമ്മള്‍ അവരുടെ അടുത്തേക്ക് ചെല്ലുകയാണ്. അവിടെ അവരുടെ മുഖത്തുള്ള എക്‌സ്പ്രഷന്‍ നേരിട്ട് കാണാന്‍ സാധിക്കുന്നത് രസമുള്ള ഒരു ഫീലിങ്ങാണ്.

ഞാന്‍ നല്ലൊരു സിനിമ ചെയ്യണമെന്നും നല്ല സിനിമകളുടെ ഭാഗമാകണമെന്നും ഒരുപാട് ആളുകള്‍ ആഗ്രഹിച്ചിട്ടുണ്ട്. അത് സംഭവിക്കുന്ന സമയത്ത് അവരുടെ കൂടെ ആഘോഷിക്കണം എന്നതാണ് എന്റെ ആഗ്രഹം.

എനിക്ക് ഒരിക്കലും ആളുകളുടെ അടുത്ത് നിന്ന് മാറി നില്‍ക്കാന്‍ തോന്നിയിട്ടില്ല. പല സമയത്തും ഞാന്‍ പറയുന്ന ഒരു പഴയ ചൊല്ലുണ്ട്. ഞാന്‍ പണ്ട് എപ്പോഴോ കേട്ട കാര്യമാണ്.

‘ഒരു ആക്ടര്‍ അയാളുടെ ജീവിതത്തിന്റെ ആദ്യത്തെ പകുതിയില്‍ എവിടെയെങ്കിലും ഒന്ന് മുഖം കാണിക്കാന്‍ വേണ്ടി കഷ്ടപ്പെടും. രണ്ടാമത്തെ പകുതിയില്‍ എവിടെയും മുഖം കാണിക്കാതെ ഒളിച്ചു നില്‍ക്കാന്‍ കഷ്ടപ്പെടും’ എന്നതാണ്,’ ആസിഫ് അലി പറയുന്നു.

Content Highlight: Asif Ali Talks About Theatre Visit And His Movie Success