ഒരു പുരസ്‌കാര ദാന ചടങ്ങില്‍ നടന്‍ ആസിഫ് അലിയെ വേദിയില്‍ വെച്ച് സംഗീത സംവിധായകന്‍ രമേശ് നാരായണന്‍ അപമാനിച്ചിരുന്നു. അന്ന് മലയാളികളും മറ്റു സിനിമാപ്രവര്‍ത്തകരും ഒരുപോലെ ആസിഫിനൊപ്പം നിന്നിരുന്നു. ഈ സപ്പോര്‍ട്ട് സിനിമയിലുള്ള എല്ലാവര്‍ക്കും കിട്ടുന്നതായി തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് ആസിഫ് അലി. ദി നെക്സ്റ്റ് 14 മിനിട്ട്‌സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
‘ഞാന്‍ അതിനെ പറ്റി ഇതുവരെ ചിന്തിച്ചിട്ടില്ല. ആളുകള്‍ക്ക് നമ്മളോട് ഇഷ്ടമുണ്ടെന്ന് അറിയുന്നതില്‍ സന്തോഷമുണ്ട്. പക്ഷെ അത് ഒരു ബെഞ്ച് മാര്‍ക്കായി സെറ്റാവാന്‍ പാടില്ല. ഞാന്‍ എപ്പോഴും അങ്ങനെ പെരുമാറുന്ന ആളാണെന്നോ സാഹചര്യങ്ങളെ അങ്ങനെ കൈകാര്യം ചെയ്യാന്‍ പക്വതയുള്ള ആളാണെന്നോയില്ല. ചിലപ്പോള്‍ അന്ന് അങ്ങനെ പെരുമാറിയത് ആ ദിവസത്തിന്റേതാകും.
എല്ലാവര്‍ക്കും സംഭവിക്കുന്ന കാര്യമാണ് ഇത്. അല്ലാതെ ആരും മോശപ്പെട്ട ആളായി ജീവിക്കാന്‍ ആഗ്രഹിക്കില്ല. എല്ലാം ആ ദിവസത്തെയാണ്. ഇനി എന്റെ കൈയില്‍ നിന്ന് ഒരു ദിവസം എന്തെങ്കിലും തെറ്റ് പറ്റിയേക്കാം. അങ്ങനെ പറ്റാന്‍ സാധ്യതയുള്ള ആളാണ് ഞാന്‍. സംസാരിക്കുമ്പോള്‍ ബെല്ലും ബ്രേക്കുമില്ലാതെ സംസാരിക്കുന്ന ആളാണ് ഞാന്‍.
എന്റെയുള്ളില്‍ ഒരു കാര്യമുണ്ടെങ്കില്‍ അത് മുഖത്തുണ്ടാകും. എന്റെ റിയാക്ഷന്‍ അത്രയും ട്രാന്‍സ്‌പെറന്റായിരിക്കും. അന്നത്തെ കാര്യം ഒരു ബെഞ്ച് മാര്‍ക്കായി ഞാനും ഉള്ളിലേക്ക് എടുത്തിട്ടില്ല. അതുകൊണ്ട് ഇത് എപ്പോള്‍ വേണമെങ്കിലും നശിപ്പിക്കാം എന്ന കാര്യത്തില്‍ ഞാന്‍ ഒരു മുന്‍കൂര്‍ ജാമ്യം എടുത്തു വെച്ചിട്ടുണ്ട്,’ ആസിഫ് അലി പറഞ്ഞു.
Content Highlight: Asif Ali Talks About The Support He Got From People