അമല്‍ നീരദ് സംവിധാനവും ഛായാഗ്രഹണവും നിര്‍വഹിച്ച് 2014ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ‘ഇയ്യോബിന്റെ പുസ്തകം’. ദ ബുക്ക് ഓഫ് ജോബിനെ അടിസ്ഥാനമാക്കി ഗോപാല്‍ ചിദംബരവും ശ്യാം പുഷ്‌കരനും ചേര്‍ന്നായിരുന്നു ചിത്രത്തിന് തിരക്കഥ ഒരുക്കിയിരുന്നത്. ലാല്‍, ഫഹദ് ഫാസില്‍, ഇഷാ ഷര്‍വാണി, ജയസൂര്യ, പത്മപ്രിയ തുടങ്ങിയവരായിരുന്നു ഇയ്യോബിന്റെ പുസ്തകത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്.
അങ്കൂര്‍ റാവുത്തര്‍ എന്ന വില്ലന്‍ വേഷത്തിലായിരുന്നു ജയസൂര്യ ചിത്രത്തിലെത്തിയത്. ഏറെ ശ്രദ്ധിക്കപ്പെട്ട വേഷമായിരുന്നു അങ്കൂര്‍ റാവുത്തര്‍. ആ വേഷത്തിലേക്ക് തന്നെയായിരുന്നു ആദ്യം വിളിച്ചിരുന്നതെന്ന് പറയുകയാണ് ആസിഫ് അലി. എന്നാല്‍ ഐ.ആം ടോണി എന്ന സിനിമയുടെ ഡേറ്റുമായി ക്ലാഷ് വന്നതുകൊണ്ട് ഇയ്യോബിന്റെ പുസ്തകം ഉപേക്ഷിച്ചെന്ന് അദ്ദേഹം പറഞ്ഞു.
മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന ചിത്രത്തിലെ ശ്രീനാഥ് ഭാസി അവതരിപ്പിച്ച കഥാപാത്രവും ഇതുപോലെ തനിക്ക് വന്നതായിരുന്നു എന്നും എന്നാല്‍ സിനിമക്ക് താന്‍ ഒരു ബാധ്യതയായി തോന്നിയതുകൊണ്ട് ഒഴിവായതാണെന്നും ആസിഫ് വ്യക്തമാക്കി. ചാപ്പ കുരിശ് എന്ന സിനിമയും ഡേറ്റിന്റെ പ്രശ്‌നമുള്ളതുകൊണ്ട് താന്‍ വേണ്ടെന്ന് വെച്ച് ചിത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ആസിഫ് അലി.
‘ഇയ്യോബിന്റെ പുസ്തകത്തില്‍ ജയേട്ടന്‍ ചെയ്ത ക്യാരക്ടര്‍ ഞാന്‍ ചെയ്യാന്‍ വേണ്ടി ഇരുന്നതായിരുന്നു. അപ്പോള്‍ അത് ഐ.ആം ടോണി എന്ന സിനിമയുടെ ഡേറ്റുമായി ക്ലാഷ് വന്നു. അതുകൊണ്ട് രണ്ട് പേര്‍ക്കും ടെന്‍ഷന്‍ ആകേണ്ടെന്ന് കരുതിയാണ് ഇയ്യോബിന്റെ പുസ്തകത്തില്‍ നിന്ന് ഞാന്‍ മാറിയത്. അതുപോലെതന്നെയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്.
മഞ്ഞുമ്മല്‍ ബോയ്സിന്റെ ഡിസ്‌കഷന്‍ തുടങ്ങിയ സമയത്ത് കുഴിയിലേക്ക് പോകുന്ന റോളിലേക്ക് എന്നെയായിരുന്നു പരിഗണിച്ചത്. പിന്നീട് കഥയും മറ്റ് കാര്യങ്ങളും പുരോഗമിച്ചപ്പോള്‍ ആ പ്രൊജക്ടില്‍ ഞാന്‍ ഒരു ബാധ്യതയായതുപോലെ തോന്നി. ആ ഗ്രൂപ്പില്‍ ഞാന്‍ ചിലപ്പോള്‍ ഫിറ്റാകാതെ വരും. ആ കുഴിയിലേക്ക് ഞാന്‍ വീണാല്‍ ചിലപ്പോള്‍ കയറിവരും. അതിനുള്ള സാധ്യതകള്‍ ആളുകള്‍ക്ക് തോന്നും.
പിന്നെ ഒരു ഇമോഷനും ഹെല്‍പ്ലെസ്നെസ്സും ആളുകള്‍ക്ക് തോന്നാതിരുന്നാല്‍ അത് ആ സിനിമയെ ബാധിക്കും എന്നുള്ളതുകൊണ്ടാണ് ഞങ്ങള്‍ എല്ലാവരും ഒരുമിച്ച് അങ്ങനെ ഒരു തീരുമാനം എടുത്തത്. ചാപ്പാ കുരിശ് എന്ന ചിത്രത്തെ കുറിച്ചും സംസാരിച്ചിരുന്നു. അതും ഇതുപോലെ ഡേറ്റിന്റെ പ്രശ്‌നങ്ങള്‍ ഉള്ളതുകൊണ്ട് നടന്നില്ല. അതിനൊക്കെ പകരം ചെയ്ത സിനിമകള്‍ ഏതാണെന്ന് ചോദിക്കരുത് (ചിരി),’ ആസിഫ് അലി പറയുന്നു.
Content Highlight: Asif Ali Talks About The Films That He Rejected