ദുല്‍ഖറിനെ വിളിക്കുന്നത് എന്‍സൈക്ലോപീഡിയ ഓഫ് കാര്‍; അവാര്‍ഡ്‌ഷോയിലെ ഫോട്ടോ കണ്ട് ഭാര്യ സമയും അത് ചോദിച്ചു; ദുല്‍ഖറുമായുള്ള 'കാര്‍ സൗഹൃദ'ത്തെക്കുറിച്ച് ആസിഫ് അലി
മലയാളത്തിന്റെ പ്രിയപ്പെട്ട യുവതാരങ്ങളാണ് ദുല്‍ഖര്‍ സല്‍മാനും ആസിഫ് അലിയും. ഒരിടവേളയ്ക്ക് ശേഷം തിയേറ്ററുകള്‍ തുറന്നപ്പോള്‍ ഇരുവരുടേയും സിനിമകള്‍ ഒരേ സമയങ്ങളില്‍ തിയേറ്ററിലെത്തിയിരിക്കുകയാണ്.
ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ശ്രീനാഥ് രാജേന്ദ്രന്‍ ചിത്രം കുറുപ്പ്, ആസിഫ് അലിയെ കേന്ദ്രകഥാപാത്രമാക്കി ജിബു ജേക്കബ് ഒരുക്കിയ എല്ലാം ശരിയാകും എന്നീ ചിത്രങ്ങളാണ് തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്നത്.
ദുല്‍ഖറുമൊത്തുള്ള സൗഹൃദത്തെക്കുറിച്ചും ഒരുമിച്ച് സംസാരിക്കാറുള്ള വിഷയങ്ങളെക്കുറിച്ചും പറയുകയാണ് ആസിഫ് അലി. തങ്ങള്‍ കാറുകളെക്കുറിച്ചാണ് അധികവും സംസാരിക്കാറെന്നും ദുല്‍ഖറിനെ എന്‍സൈക്ലോപീഡിയ ഓഫ് കാര്‍ എന്നാണ് വിളിക്കുന്നതെന്നുമാണ് താരം പറയുന്നത്.
എല്ലാം ശരിയാകും സിനിമയുടെ പ്രമോഷന്റെ ഭാഗമായി ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ആസിഫ് സംസാരിച്ചത്.
”ഞങ്ങള്‍ തമ്മില്‍ എപ്പോഴും ഉണ്ടാകുന്ന ഡിസ്‌കഷന്‍ കാറുകളെക്കുറിച്ചാണ്. ഞങ്ങള്‍ക്കിടയിലുള്ള കോമണ്‍ വിഷയവും അതാണ്.
എന്നെക്കാള്‍ കൂടുതല്‍, ചെറുപ്പം മുതല്‍ കാറുകള്‍ കാണുകയും അത് ഉപയോഗിക്കുകയും പല സ്ഥലങ്ങളില്‍ യാത്ര ചെയ്ത് പല കാറുകള്‍ ഓടിക്കുകയും ചെയ്തയാളാണ് ദുല്‍ഖര്‍.
വണ്ടികളെപ്പറ്റിയൊക്കെ എനിക്കൊരു സംശയം വന്നാല്‍ ഞങ്ങള്‍ സംസാരിക്കാറുണ്ട്. ഞങ്ങള്‍ സംസാരിച്ച് തുടങ്ങിയാല്‍ എത്തുന്നത് അതിലേയ്ക്കാണ്. കാറുകളെപ്പറ്റി മാത്രം സംസാരിക്കുന്ന ഒരു ഫ്രണ്ട്‌സ് സര്‍ക്കിള്‍ വരെയുണ്ട്.
ഒരിക്കല്‍ ഒരു അവാര്‍ഡ് ഷോയ്ക്ക് പോയിട്ട് ഞങ്ങള്‍ രണ്ടുപേരും കൂടെ സംസാരിച്ചിരിക്കുന്ന ഒരു ഫോട്ടോയുണ്ട്. അത് കണ്ടിട്ട് എന്റെ ഭാര്യ സമ എന്നോട് ചോദിച്ചു, ഏത് കാറിനെപ്പറ്റിയാണ് നിങ്ങള്‍ സംസാരിക്കുന്നതെന്ന്.
അവള്‍ പറഞ്ഞത് കറക്ടായിരുന്നു. ഞങ്ങള്‍ കാറിനെപ്പറ്റി തന്നെയാണ് സംസാരിച്ചിരുന്നത്,” ആസിഫ് പറയുന്നു.