കാസർഗോൾഡ് സിനിമ ഷൂട്ട് ചെയ്യുന്നതിനിടെ ജയിലറിന്റെ സെറ്റിൽ നിന്ന് നടൻ വിനായകന് വന്ന കോളിനെക്കുറിച്ച് സംസാരിക്കുകയാണ് ആസിഫ് അലി. ജയിലറിന്റെ അടുത്ത ഷെഡ്യൂളിന് വേണ്ടിയാണ് അദ്ദേഹത്തെ വിളിച്ചതെന്നും അദ്ദേഹം അവർക്ക് നൽകിയ മറുപടിയിൽ സന്തോഷം തോന്നിയെന്നുമാണ് താരം പറയുന്നത്. മൂവി മാൻ ബ്രോഡ്‍കാസ്റ്റിംഗിന് നൽകിയ അഭിമുഖത്തിലാണ് താരം വിനായകനെക്കുറിച്ച് സംസാരിച്ചത്.
കാസർഗോൾഡിന്റെ സെറ്റിൽ വിനായകനെ ഡീൽ ചെയ്തത് എങ്ങനെയാണെന്ന ചോദ്യത്തിന് അദ്ദേഹത്തെ
ഡീൽ ചെയ്യേണ്ട കാര്യമൊന്നുമില്ലെന്നും അദ്ദേഹം എടുക്കുന്ന എഫേർട്ടിന്റെ കൂടെ നമ്മൾ നിന്നാൽ മാത്രം മതിയെന്നുമായിരുന്നു ആസിഫിന്റെ മറുപടി.
‘വിനായകൻ ചേട്ടൻ ഭയങ്കര പ്രൊഫഷണലായിട്ടുള്ള ആക്ടറാണ്. അദ്ദേഹം സിനിമയ്ക്ക് വേണ്ടി ഏത് അറ്റം വരെയും പോകും, പെർഫോമൻസിൽ അദ്ദേഹം ഇടുന്ന റിസ്‌ക്കും അദ്ദേഹം ഇടുന്ന എഫേർട്ടും അത്രയും വലുതാണ്. അതിന്റെ കൂടെ നമ്മൾ നിൽക്കണം. അതൊരു ഈസി പണിയാണെന്ന് നമ്മൾ വിചാരിക്കാൻ പാടില്ല.
കാസർഗോൾഡ് ഞങ്ങൾ ഷൂട്ട് ചെയ്തുകൊണ്ടിരിക്കുമ്പോൾ ജയിലറിന്റെ ഒരു ഷെഡ്യൂളിന് വേണ്ടി അവർ വിനായകൻ ചേട്ടനെ വിളിച്ചു. അദ്ദേഹം അവർക്ക് കൊടുത്ത മറുപടിയിൽ ഞങ്ങൾക്ക് ഭയങ്കര സന്തോഷം തോന്നി. ഞാൻ ഒരു സിനിമ ചെയ്ത്കൊണ്ടിരിക്കുകയാണ്, ഞാൻ കമ്മിറ്റ് ചെയ്ത സിനിമയാണിത്. ഇതിന്റെ ഷൂട്ട് തീർത്തിട്ടേ എനിക്ക് വരാൻ പറ്റുകയുള്ളൂ എന്നാണ് അത്രയും വലിയ പടത്തിന് വേണ്ടി വിളിച്ചപ്പോൾ അദ്ദേഹം പറഞ്ഞത്. അത്രയും പ്രൊഫഷണലാണ് വിനായകൻ ചേട്ടൻ.
ഇന്ന് ഈ സിനിമയുടെ വലിയ മാർക്കറ്റിംഗ് പോയിന്റ് വിനായകൻ ചേട്ടന്റെ പ്രെസൻസ് തന്നെയാണ്,’ താരം പറഞ്ഞു.
വിനായകൻ വേറൊരു രീതിയിൽ ജീവിക്കുന്നയാളാണെന്നും സെറ്റിൽ ഇതുവരെ അദ്ദേഹം ആരോടെങ്കിലും മോശമായി പെരുമാറിയതായി തനിക്കറിയില്ലെന്നും ആസിഫ് അലി ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ് കേരളയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ സംസാര രീതി കാരണം ഒരുപാട് പേർ തെറ്റിദ്ധരിച്ചിട്ടുണ്ടെന്നുമായിരുന്നു ആസിഫ് അഭിമുഖത്തിൽ പറഞ്ഞത്.
‘വിനായകൻ ചേട്ടനെ ശരിക്കും നമ്മളെല്ലാവരും അദ്ദേഹത്തിന്റെ സംസാര രീതി കാരണം തെറ്റിദ്ധരിക്കുന്നതാണ്. അദ്ദേഹം വേറൊരു സിസ്റ്റം ഫോളോ ചെയ്യുന്നാളാണ്. എല്ലാവരും നമ്മളെ പോലെയാകണം എന്ന് വാശി പിടിക്കാൻ പറ്റില്ലല്ലോ. അത് അദ്ദേഹത്തിന്റെ വ്യക്തിത്വമാണ്.
ഇതുവരെ ഞങ്ങൾക്കാർക്കും വിനായകൻ ചേട്ടൻ ഷൂട്ടിന് വരാതിരുന്നതായോ അല്ലെങ്കിൽ ലൊക്കേഷനിൽ ഒരു പ്രശ്‌നമുണ്ടാക്കിയതായോ ഉള്ള അനുഭവം ഉണ്ടായിട്ടില്ല. ഫൈറ്റ് രംഗങ്ങൾക്കൊക്കെ വേണ്ടി അയാളിടുന്ന പരിശ്രമമെല്ലാം വലുതാണ്,’ ആസിഫ് പറഞ്ഞു.
കാസർഗോൾഡ് എന്ന സിനിമയിലെ ഫൈറ്റ് സീൻ ഷൂട്ട് ചെയ്യുമ്പോൾ സാധാരണ ഫൈറ്റ് പൊലെ വേണ്ടെന്ന് ഫൈറ്റ് മാസ്റ്ററോട് വിനായകൻ പറഞ്ഞിരുന്നെന്നും പിന്നീട് തങ്ങൾ രണ്ട് പേരും നേരിട്ട് ഫൈറ്റ് ചെയ്ത് നോക്കിയിരുന്നെന്നും അഭിമുഖത്തിൽ ആസിഫ് പറഞ്ഞു.
Content Highlight: Asif Ali talks about the call actor Vinayak received from Jailer’s sets while shooting Kasargold