സിനിമാക്കാര്‍ക്കിടയില്‍ വന്നുചാടിയ ഒരാളുടെ ആഗ്രഹം മാത്രമാണെന്ന് കരുതി; പക്ഷെ ആ കഥ എന്നെ ഞെട്ടിച്ചു: ആസിഫ്
Entertainment
സിനിമാക്കാര്‍ക്കിടയില്‍ വന്നുചാടിയ ഒരാളുടെ ആഗ്രഹം മാത്രമാണെന്ന് കരുതി; പക്ഷെ ആ കഥ എന്നെ ഞെട്ടിച്ചു: ആസിഫ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 28th July 2024, 4:02 pm

ആസിഫ് അലി നായകനായി നിസാം ബഷീറിന്റെ സംവിധാനത്തില്‍ 2019ല്‍ പുറത്തിറങ്ങിയ ചിത്രമാണ് കെട്ട്യോളാണ് എന്റെ മാലാഖ. അജി പീറ്റര്‍ തങ്കം തിരക്കഥയെഴുതിയ സിനിമയില്‍ ആസിഫിന് പുറമെ വീണ നന്ദകുമാര്‍, ജാഫര്‍ ഇടുക്കി, ബേസില്‍ ജോസഫ്, ഷൈന്‍ ടോം ചാക്കോ തുടങ്ങിയ മികച്ച താരനിര തന്നെ ഒന്നിച്ചിരുന്നു.

ചിത്രത്തില്‍ സ്ലീവച്ചന്‍ എന്ന കഥാപാത്രമായാണ് ആസിഫ് അലി എത്തിയത്. കെട്ട്യോളാണ് എന്റെ മാലാഖയെ കുറിച്ചും ഈ സിനിമയുടെ തിരക്കഥകൃത്തായ തങ്കത്തിനെ കുറിച്ചും സംസാരിക്കുകയാണ് ആസിഫ്. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അനുരാഗ കരിക്കിന്‍ വെള്ളം എന്ന സിനിമയുടെ ഇടയിലാണ് എനിക്കും തങ്കത്തിനും ഇടയില്‍ ഒരു സൗഹൃദം വരുന്നത്. പിന്നീട് എന്റെ ഇടുക്കിയിലേക്കും മൂന്നാറിലേക്കുമുള്ള യാത്രയില്‍ തങ്കത്തിന്റെ വീടും സ്ഥലവും ഒരു സ്റ്റോപ്പോവറായി. അപ്പോഴും തങ്കം ഒരു തിരക്കഥാകൃത്താകുമെന്ന് എന്റെ സ്വപ്‌നത്തില്‍ പോലും ഉണ്ടായിരുന്നില്ല. തങ്കം നന്നായി സംസാരിക്കുമെന്നും കഥ പറയാന്‍ മിടുക്കനാണെന്നും എനിക്ക് അറിയാമായിരുന്നു.

അങ്ങനെ ഒരു ദിവസം നിസാം (സംവിധായകന്‍) എന്നെ വിളിച്ചിട്ട് സബ്‌ജെക്റ്റ് പറയാന്‍ വരട്ടേയെന്ന് ചോദിച്ചു. ആരുടേയാണ് ആ സബ്‌ജെക്‌റ്റെന്ന് ചോദിച്ചപ്പോള്‍ തങ്കത്തിന്റേതെന്ന് പറഞ്ഞു. ഹേ, തങ്കമോയെന്ന് ഞാന്‍ ചിന്തിച്ചു. അന്ന് ഞങ്ങള്‍ തങ്കായി എന്നാണ് വിളിക്കുക. തങ്കം കഥ പറയാന്‍ വരുമെന്ന് പറഞ്ഞപ്പോള്‍, എറണാകുളത്ത് സിനിമാക്കാരുടെ ഇടയില്‍ വന്ന് ചാടിയ ഒരാളുടെ ആഗ്രഹം എന്ന രീതിയില്‍ മാത്രമായിരുന്നു ഞാന്‍ കണ്ടത്.

പക്ഷെ കെട്ട്യോളാണ് എന്റെ മാലാഖയുടെ ഫസ്റ്റ് വേര്‍ഷ്യന്‍ എന്നോട് പറഞ്ഞതും എനിക്ക് ആ സ്‌ക്രിപ്റ്റ് അത്രയും കമ്മ്യൂണിക്കേറ്റായി. എന്നാല്‍ അതിന് മുമ്പ് ഒരുപാട് പണികള്‍ കിട്ടിയിട്ടുള്ളത് കൊണ്ട് ഞാന്‍ ഓവര്‍ എക്‌സൈറ്റ്‌മെന്റ് കാണിച്ചില്ല. ഒന്നുകൂടെ ഇരിക്കാമെന്ന് ഞാന്‍ പറഞ്ഞു. പക്ഷെ സത്യത്തില്‍ ഫസ്റ്റ് നരേഷനില്‍ തന്നെ ഞാന്‍ ഓക്കെയായിരുന്നു,’ ആസിഫ് അലി പറയുന്നു.


Content Highlight: Asif Ali Talks About Thankam