| Monday, 3rd June 2024, 4:30 pm

ആ റിയാക്ഷനാണ് ധൈര്യം; ഞാനും സിനിമ കാണാനുണ്ടെന്നറിഞ്ഞ് അന്നവര്‍ എന്നെ തിരിഞ്ഞുനോക്കി: ആസിഫ് അലി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആസിഫ് അലി – ബിജു മേനോന്‍ എന്നിവരെ നായകന്മാരാക്കി ജിസ് ജോയ് ഒരുക്കിയ ഒരു ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ ചിത്രമാണ് തലവന്‍. ബൈസിക്കിള്‍ തീവ്സ്, സണ്‍ഡേ ഹോളിഡേ, വിജയ് സൂപ്പറും പൗര്‍ണമിയും, ഇന്നലെ വരെ എന്നീ സിനിമകള്‍ക്ക് ശേഷം ആസിഫ് അലിയും ജിസ് ജോയ്യും ഒന്നിക്കുന്ന ചിത്രമാണിത്.

പ്രേക്ഷകരുടെ റിയാക്ഷനായിരുന്നു തങ്ങള്‍ക്ക് കിട്ടിയ ഏറ്റവും വലിയ ധൈര്യമെന്ന് പറയുകയാണ് ആസിഫ് അലി. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി സില്ലിമോങ്ക്‌സ് മോളീവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘ഓഡിയന്‍സിന്റെ റിയാക്ഷനായിരുന്നു ഞങ്ങള്‍ക്ക് കിട്ടിയ ഏറ്റവും വലിയ ധൈര്യം. ഒരു പോയിന്റ് കഴിഞ്ഞാല്‍ നമുക്ക് ആ സിനിമയുടെ ജഡ്ജ്‌മെന്റ് നഷ്ടമാകും. പ്രത്യേകിച്ച് ആദ്യം ഫുള്‍ സ്‌ക്രിപ്റ്റ് വായിച്ചിട്ടുണ്ട്. പിന്നെ അഭിനയിച്ചു, അതിന്റെ മുഴുവന്‍ ഡിസ്‌ക്കക്ഷനിലും ഇരുന്നു, ഡബ്ബ് ചെയ്തു.

റിലീസിന് മുമ്പ് മൂന്നോ നാലോ തവണ കണ്ടിട്ടുണ്ട്. എല്ലാം കഴിയുന്നതോടെ ആകെ മരവിച്ച ഒരു അവസ്ഥയിലെത്തും. അപ്പോള്‍ ഇനിയെന്താണെന്ന് മനസിലാകില്ല. പിന്നെ നമ്മള്‍ ആ സിനിമയെ കുറിച്ചുള്ളതെല്ലാം വിടും. പിന്നീട് വരുന്നത് റിലീസിന്റെ സമയത്തുള്ള പേടിയാണ്.

ടെന്‍ഷനോടെയാണ് തിയേറ്ററില്‍ ചെന്നിരിക്കുന്നത്. ആ സമയത്ത് സ്‌ക്രീനില്‍ നോക്കുന്നതിനേക്കാള്‍ ഞാന്‍ ഏറ്റവും കൂടുതല്‍ നോക്കിയിട്ടുള്ളത് ചുറ്റും ഇരിക്കുന്നവരുടെ റിയാക്ഷനാണ്. തലവന്‍ കാണുമ്പോള്‍ ഇന്‍ട്രവെല്‍ വരെ ആരും സംസാരിച്ചില്ല.

പിന്നെ ഇന്‍ട്രവെല്‍ കഴിഞ്ഞ് തിരിച്ചു വന്നപ്പോഴും അവരെല്ലാം ആ ക്യൂരിയോസിറ്റിയില്‍ തന്നെ ഇരിക്കുകയാണ്. ഞാന്‍ അവിടെ ഇരിക്കുന്നുണ്ടെന്ന് അറിഞ്ഞ എല്ലാവരും ഷോ കഴിഞ്ഞപ്പോള്‍ എന്നെ തിരിഞ്ഞുനോക്കി. സിനിമ സെറ്റാണെന്ന് എനിക്ക് അപ്പോള്‍ മനസിലായി,’ ആസിഫ് അലി പറഞ്ഞു.

അതേസമയം മെയ് 24ന് തിയേറ്ററില്‍ എത്തിയ തലവന്‍ തിയേറ്ററില്‍ മികച്ച പ്രതികരണമാണ് നേടുന്നത്. രണ്ട് വ്യത്യസ്ത റാങ്കുകളിലുള്ള പൊലീസ് ഓഫീസര്‍മാരുടെ ഇടയിലുണ്ടാകുന്ന പ്രശ്‌നങ്ങളും അവര്‍ക്കിടയിലേക്ക് വരുന്ന കൊലപാതക കേസുമൊക്കെയാണ് തലവന്‍ പറയുന്നത്. മലബാറിലെ നാട്ടിന്‍പുറങ്ങളെ പ്രധാന പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുങ്ങിയിരിക്കുന്നത്.

ആസിഫ് അലിക്കും ബിജു മേനോനും പുറമെ അനുശ്രീ, മിയ ജോര്‍ജ്, ദിലീഷ് പോത്തന്‍, കോട്ടയം നസീര്‍, ശങ്കര്‍ രാമകൃഷ്ണന്‍, ജോജി കെ. ജോണ്‍, സംവിധായകന്‍ രഞ്ജിത്ത്, ജാഫര്‍ ഇടുക്കി, ടെസ, ദിനേശ്, അനുരൂപ്, നന്ദന്‍ ഉണ്ണി, ബിലാസ് എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.


Content Highlight: Asif Ali Talks About Thalavan Theatre Experience

We use cookies to give you the best possible experience. Learn more