അമ്പിളി ചേട്ടന് ശേഷം ആ നടന്റെ ഹ്യൂമര്‍ സീക്വന്‍സുകളാണ് മലയാളത്തില്‍ കൂടുതല്‍ കണ്ടത്: ആസിഫ് അലി
Entertainment
അമ്പിളി ചേട്ടന് ശേഷം ആ നടന്റെ ഹ്യൂമര്‍ സീക്വന്‍സുകളാണ് മലയാളത്തില്‍ കൂടുതല്‍ കണ്ടത്: ആസിഫ് അലി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 2nd October 2024, 10:22 am

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ആസിഫ് അലി. ഇപ്പോള്‍ സുരാജ് വെഞ്ഞാറമൂടിനെ കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം. രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ സംവിധാനത്തില്‍ 2019ല്‍ പുറത്തിറങ്ങിയ ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ എന്ന സിനിമയെകുറിച്ചും ആസിഫ് പറയുന്നു. മൂവി വേള്‍ഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു നടന്‍.

ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ എന്ന സിനിമയില്‍ സുരാജ് ചെയ്ത വേഷം ഒരു പോയന്റില്‍ മാറിയാല്‍ മോണോ ആക്ട് ആയിപോവാമെന്നും എന്നാല്‍ അദ്ദേഹം നന്നായി അഭിനയിച്ചെന്നും ആസിഫ് കൂട്ടിച്ചേര്‍ത്തു. നടന്‍ ജഗതി കഴിഞ്ഞാല്‍ ചിലപ്പോള്‍ മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ ഹ്യൂമര്‍ സീക്വന്‍സുകള്‍ നമ്മള്‍ ടി.വിയില്‍ കണ്ടിട്ടുണ്ടാവുക സുരാജിന്റേതാണെന്നും ആസിഫ് അലി കൂട്ടിച്ചേര്‍ത്തു.

‘ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ എന്ന സിനിമയില്‍ സുരാജേട്ടന്‍ ചെയ്ത വേഷം ഒരു പോയന്റില്‍ അങ്ങോട്ട് മാറിയാല്‍ അത് മോണോ ആക്ട് ആയിപോവാം. അടുത്തതായി സ്റ്റേജിലേക്കൊരു വൃദ്ധന്‍ വരുന്നു എന്ന് പറയുന്ന പോലെയാവും അത്.

പക്ഷെ അതൊരു സ്ഥലത്തും ഫീല്‍ ചെയ്യിക്കാതെയാണ് അദ്ദേഹം ആ കഥാപാത്രത്തെ മുഴുവനായി സിനിമയില്‍ അവതരിപ്പിച്ചത്. അതിപ്പോള്‍ അയാള്‍ ഫോണ്‍ ഉപയോഗിക്കുന്ന രീതിയും അയാള്‍ തോര്‍ത്ത് വിരിക്കുന്നതും കഞ്ഞി കുടിക്കുന്നതും മകനെ അവോയ്ഡ് ചെയ്യുന്നതെല്ലാം വളരെ കൃത്യമായി അദ്ദേഹത്തിന് ചെയ്യാന്‍ പറ്റിയിട്ടുണ്ട്.

കാരണം സുരാജേട്ടന്റെ കരിയര്‍ തുടങ്ങുന്നത് ഏറ്റവും മുകളില്‍ നിന്നാണ്. ഹ്യൂമര്‍ ചെയ്യുക എന്ന് പറഞ്ഞാല്‍ വലിയ പ്രയാസമാണ്. ഇപ്പോഴും നമ്മള്‍ ദശമൂലം ദാമു എന്ന കഥാപാത്രത്തെ വെച്ചാണ് ഏറ്റവും കൂടുതല്‍ ട്രോളുകള്‍ വരുന്നത്.

ദശമൂലം ദാമുവിന്റെ റിയാക്ഷനുകളാണ് വരുന്നത്. പല സിറ്റുവേഷനിലും അമ്പിളി ചേട്ടന്‍ കഴിഞ്ഞാല്‍ ചിലപ്പോള്‍ മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ ഹ്യൂമര്‍ സീക്വന്‍സുകള്‍ നമ്മള്‍ ടി.വിയില്‍ കണ്ടിട്ടുണ്ടാവുക സുരാജേട്ടന്റേതാവും.

ഇപ്പോള്‍ ചിരിയോ ചിരി എന്ന പരിപാടി വെക്കുകയാണെങ്കില്‍ ആ ഒരു ജനറേഷന്‍ കഴിഞ്ഞാല്‍ സുരാജ് ഏട്ടന്റെ കോമഡിയാണ് ഏറ്റവും കൂടുതല്‍ കാണുന്നത്. അത്രയും പവര്‍ കാണിച്ച ഒരാള്‍ക്ക് കഥാപാത്രം ചെയ്യാനും വളരെ ഈസിയാണ്,’ആസിഫ് അലി പറഞ്ഞു.

Content Highlight: Asif Ali Talks About Suraj Venjaramoodu