ത്രില്ലറും മറ്റു ഴോണറുകളും മനസിലാകും; എന്നാല്‍ എനിക്ക് അന്ന് സണ്‍ഡേ ഹോളിഡേ ജഡ്ജ് ചെയ്യാനായില്ല: ആസിഫ് അലി
Entertainment
ത്രില്ലറും മറ്റു ഴോണറുകളും മനസിലാകും; എന്നാല്‍ എനിക്ക് അന്ന് സണ്‍ഡേ ഹോളിഡേ ജഡ്ജ് ചെയ്യാനായില്ല: ആസിഫ് അലി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 23rd May 2024, 2:20 pm

2017ല്‍ അപര്‍ണ ബാലമുരളി – ആസിഫ് അലി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ജിസ് ജോയ് സംവിധാനം ചെയ്ത ചിത്രമാണ് സണ്‍ഡേ ഹോളിഡേ. ദീപക് ദേവ് സംഗീതം ഒരുക്കിയ ചിത്രത്തില്‍ ശ്രീനിവാസന്‍, ലാല്‍ ജോസ്, ആശാ ശരത്, സിദ്ദിഖ്, ശ്രുതി രാമചന്ദ്രന്‍ ഉള്‍പ്പെടെയുള്ള മികച്ച താരനിര തന്നെയുണ്ടായിരുന്നു.

ആസിഫ് അലിയുടെയും ജിസ് ജോയിയുടെയും മികച്ച സിനിമകളില്‍ ഒന്നായ സണ്‍ഡേ ഹോളിഡേ ഇന്നും പലരുടെയും പ്രിയപ്പെട്ട ചിത്രങ്ങളില്‍ ഒന്നാണ്. ഈ സിനിമ തനിക്ക് ബ്ലൈന്‍ഡായി വിശ്വസിക്കാന്‍ പറ്റുന്നതായിരുന്നു എന്ന് പറയുകയാണ് ആസിഫ് അലി.

അന്ന് താന്‍ സണ്‍ഡേ ഹോളിഡേയെ ജഡ്ജ് ചെയ്യാനുള്ള നല്ല മനസുള്ള ആളായിരുന്നില്ലയെന്നും ആസിഫ് പറയുന്നു. തന്റെ ഏറ്റവും പുതിയ ചിത്രമായ തലവന്റെ പ്രൊമോഷന്റെ ഭാഗമായി സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘സണ്‍ഡേ ഹോളിഡേ എനിക്ക് ബ്ലൈന്‍ഡായി വിശ്വസിക്കാന്‍ പറ്റുന്നതായിരുന്നു. ആ സിനിമയെ ജഡ്ജ് ചെയ്യാനുള്ള നല്ല മനസൊന്നുമുള്ള ആളായിരുന്നില്ല ഞാന്‍. ഒരു ത്രില്ലറാണെങ്കിലും മറ്റെന്ത് ഴോണറാണെങ്കിലും എനിക്ക് മനസിലാകും.

എന്നാല്‍ സണ്‍ഡേ ഹോളിഡേയെന്ന സിനിമയോ അതിലെ ഡയലോഗുകളോ ഹീറോ എടുക്കുന്ന തീരുമാനങ്ങളോ എനിക്ക് പേഴ്‌സണലി കണക്ടാകുന്ന ടൈപ്പായിരുന്നില്ല. നല്ല സ്‌ക്രിപ്റ്റായിരുന്നു. പിന്നെ വായിച്ചു കഴിഞ്ഞപ്പോള്‍ മനസിന് നല്ല സുഖമൊക്കെ കിട്ടിയിരുന്നു.

ബൈസിക്കിള്‍ തീവ്‌സ് കഴിഞ്ഞ് ഏകദേശം ഒരു വര്‍ഷത്തെ ഗ്യാപ്പെടുത്തിട്ടാണ് ജിസ് എന്നോട് സണ്‍ഡേ ഹോളിഡേയുടെ കഥ പറയുന്നത്. എനിക്ക് ജിസില്‍ വിശ്വാസമുണ്ടായിരുന്നു. പക്ഷെ ആ സ്‌ക്രിപ്റ്റ് എനിക്ക് ജഡ്ജ് ചെയ്യാന്‍ പറ്റുന്നുണ്ടായിരുന്നില്ല. അങ്ങനെ വളരെ ബ്ലൈന്‍ഡായി ഞാനെടുത്ത ഒരു കോളായിരുന്നു സണ്‍ഡേ ഹോളിഡേ,’ ആസിഫ് അലി പറഞ്ഞു.


Content Highlight: Asif Ali Talks About Sunday Holiday Movie